ചെന്നൈ: ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ ഭണ്ഡാരത്തിന്റെതാക്കോല്‍ തമിഴ്‌നാട്ടിലേക്ക് പോയെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തം. ഭരണകക്ഷിയായ ഡിഎംകെയുടെ നേതൃത്വത്തല്‍ വ്യാപക പ്രതിഷേധമാണ് തമിഴ്‌നാട്ടില്‍ അരങ്ങേറിയത്. പരാമര്‍ശങ്ങളെ അപലപിച്ച ഡിഎംകെ പ്രവര്‍ത്തകര്‍ മോദിയുടെ പോസ്റ്ററുകള്‍ കീറുകയും കത്തിക്കുകയും ചെയ്തു.
പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസടക്കമുള്ള പാര്‍ട്ടികളും പ്രതിഷേധവുമായി രംഗത്തെത്തി. വിവാദ പരാമര്‍ശത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പരസ്യമായി മാപ്പ് പറയണമെന്ന് തമിഴ്‌നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ.സെല്‍വ പെരുന്തഗൈ ആവശ്യപ്പെട്ടു.ഒരാഴ്ചയ്ക്കകം മാപ്പ് പറഞ്ഞില്ലെങ്കില്‍ ചെന്നൈയിലെ ബിജെപി ആസ്ഥാനം ഘരാവോ ചെയ്യുമെന്നും സെല്‍വ മുന്നറിയിപ്പ് നല്‍കി.
താനൊരു പ്രധാനമന്ത്രിയാണെന്ന കാര്യം മറന്ന് തമിഴ്‌നാട്ടിലെയും ഉത്തര്‍പ്രദേശിലെയും ഒഡീഷയിലേയും ജനങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കാനാണ് മോദി ശ്രമിക്കുന്നതെന്നും പ്രസംഗത്തെ കോണ്‍ഗ്രസ് ശക്തമായി അപലപിക്കുന്നതായും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു.മോദിയുടെ പ്രസംഗത്തെ അപലപിച്ച സിപിഐ സംസ്ഥാന സെക്രട്ടറി ആര്‍ മുത്തരശന്‍, പുരി ജഗന്നാഥ ക്ഷേത്രത്തിലെ താക്കോലുമായി തമിഴ്‌നാടിനെ ബന്ധിപ്പിച്ച് മോദി തമിഴര്‍ക്ക് നാണക്കേട് വരുത്തിയെന്നും ചൂണ്ടിക്കാട്ടി.
നേരത്തെ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ രംഗത്തെത്തിയിരുന്നു.വോട്ടിന് വേണ്ടി തമിഴരെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണിതെന്നും തമിഴര്‍ക്കെതിരായ ഇത്തരം പ്രസ്താവനകള്‍ മോദി അവസാനിപ്പിക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു. ‘നഷ്ടമായ ഭണ്ഡാര താക്കോലുകളെക്കുറിച്ചുളള പ്രധാനമന്ത്രിയുടെ പരാമര്‍ശം കോടിക്കണക്കിന് പേര്‍ ആരാധിക്കുന്ന ഭഗവാന്‍ ജഗന്നാഥനെ അപമാനിക്കുന്നതിന് തുല്യമാണ്.ഒഡീഷയുമായി നല്ല ബന്ധവും സൗഹൃദവുമുള്ള തമിഴ്‌നാട്ടില ജനങ്ങളെ അപമാനിക്കുന്നതും വേദനിപ്പിക്കുന്നതുമാണ്’ -സ്റ്റാലിന്‍ പറഞ്ഞു.
‘ഒരു ക്ഷേത്രത്തിലെ നിധി മോഷ്ടിക്കുന്ന കള്ളന്മാരെന്ന് തമിഴ്‌നാട്ടിലെ ജനങ്ങളെ ഇകഴ്ത്താനാണ് പ്രധാനമന്ത്രിയുടെ ശ്രമം. അത് തമിഴ്നാടിനെ അപമാനിക്കുന്നതിന് തുല്യമാണ്. എന്തിനാണ് തമിഴരോട് ഇത്രയും വെറുപ്പും വെറുപ്പും’- സ്റ്റാലിൻ ചോദിച്ചു. വോട്ടിനായി തമിഴ്‌നാടിനെയും തമിഴരെയും അപകീർത്തിപ്പെടുത്തുന്നത് പ്രധാനമന്ത്രി അവസാനിപ്പിക്കണമെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു. മോദി വിദ്വേഷ പ്രസംഗങ്ങളിലൂടെ ജനങ്ങൾക്കിടയിൽ ശത്രുതയും സംസ്ഥാനങ്ങൾക്കിടയിൽ രോഷവും സൃഷ്ട്‌ടിക്കുകയാണെന്നും സ്റ്റാലിൻ തുറന്നടിച്ചു.
തിങ്കളാഴ്ച ഒഡീഷയിലെ നവീൻ പട്നായിക്കിന്റെ്റെ നേതൃത്വത്തിലുള്ള ബിജെഡി സർക്കാരിനെതിരെ ആക്ഷേപമുന്നയിച്ചായിരുന്നു പുരിയിലെ ജഗന്നാഥ ക്ഷേത്രവുമായി ബന്ധപ്പെടുത്തി തമിഴ്നാടിനെതിരായ പ്രസ്‌താവനയും. പുരി ജഗന്നാഥ ക്ഷേത്രം പോലും ഈ സർക്കാരിന്റെ കൈകളിൽ സുരക്ഷിതമല്ലെന്നും കഴിഞ്ഞ ആറ് വർഷമായി ഭഗവാൻ ജഗന്നാഥന്റെ ഖജനാവിന്റെ താക്കോലുകൾ കാണാനില്ലെന്നും മോദി ആരോപിച്ചിരുന്നു.
കേസിൽ ബിജെഡിയുടെ പങ്ക് സംശയാസ്പദമാണെന്നും ഭണ്ഡാരത്തിന്റെ
താക്കോൽ തമിഴ്‌നാട്ടിലേക്ക് പോയെന്നും മോദി ആരോപിച്ചു. ഇതാണ് പ്രതിഷേധത്തിന്കാരണമായത്. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ അടുത്ത അനുയായിയും തമിഴ്‌നാട് സ്വദേശിയുമായ മുൻ ഐഎഎസ്
ഉദ്യോഗസ്ഥൻ വി.കെ പാണ്ഡ്യനെ ലക്ഷ്യമിട്ടായിരുന്നു മോദിയുടെ പരാമർശം.
കൂടാതെ, ഒഡീഷയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വി.കെ പാണ്ഡ്യന്റെ സാന്നിധ്യം ചൂണ്ടിക്കാട്ടി അമിത് ഷാ നടത്തിയ പ്രസ്താവനയും വിവാദമായി. “ഒരു തമിഴ് ബാബുവിന് ഒഡീഷയെ നയിക്കാൻ കഴിയുമോ?” എന്നായിരുന്നു അമിത് ഷായുടെ ചോദ്യം.