പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകാലത്ത് കെ.സി വേണുഗോപാലിനെതിരായ പരാമര്‍ശത്തില്‍ ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ട കേസെടുക്കാന്‍ കോടതി ഉത്തരവ്. ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ഷാനാ ബീഗമാണ് ഉത്തരവിട്ടത്. എഐസിസി ജനറല്‍ സെക്രട്ടറിയും എം.പിയുമായ കെ.സി വേണുഗോപാലിന്റെ ഹരജിയിലാണ് ഉത്തരവ്.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കാലത്ത് അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച് അപകീര്‍ത്തിപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെ ശോഭാ സുരേന്ദ്രന്‍ ഒരു മാധ്യമത്തിന് അഭിമുഖം നല്‍കി എന്നാണ് കെ.സി വേണുഗോപാലിന്റെ പരാതി. ഇക്കാര്യമുന്നയിച്ച് മാനനഷ്ടക്കേസുമായി കോടതിയെ സമീപിക്കുകയായിരുന്നു കെ.സി വേണുഗോപാല്‍.
പൊതുസമൂഹത്തില്‍ വ്യക്തിഹത്യ നടത്താനും ആശയക്കുഴപ്പം സൃഷ്ടിക്കാനും ശോഭാ സുരേന്ദ്രന്‍ ബോധപൂര്‍വം ശ്രമിച്ചെന്നും പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നുമാവശ്യപ്പെട്ട് കെ.സി വേണുഗോപാല്‍ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ നിശ്ചിത ദിവസത്തിനുള്ളില്‍ മാപ്പ് പറയാന്‍ തയാറാവാതിരുന്നതോടെയാണ് ആലപ്പുഴ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ വേണുഗോപാല്‍ ഹരജി ഫയല്‍ ചെയ്തത്. ഇത് പരിഗണിച്ചാണ് കേസെടുക്കാന്‍ ഇപ്പോള്‍ കോടതി ഉത്തരവിട്ടത്.
ഒരുവിധ തെളിവിന്റെയും പിന്‍ബലമില്ലാതെ ശോഭാ സുരേന്ദ്രന്‍ തുടര്‍ച്ചയായി കെ.സി വേണുഗോപാലിനെതിരെ ആരോപണം ഉന്നയിച്ചതിനെതിരായാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. സംഭവത്തില്‍ നേരത്തെ ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനില്‍ ശോഭയ്ക്കെതിരെ വേണുഗോപാല്‍ പരാതിയും നല്‍കിയിരുന്നു.