ശരീഫ് കരിപ്പൊടി
മുട്ടില്‍ മരംമുറി കേസിന്റെ അന്വേഷണത്തിനിടെ തിടുക്കത്തില്‍ കാസര്‍കോട്ടേക്ക് സ്ഥലം മാറ്റിയ ഡി.എഫ്.ഒയെ വീണ്ടും സ്ഥലം മാറ്റിയ നടപടി വിവാദത്തില്‍. വനം വകുപ്പിന്റെയും മന്ത്രിയുടെയും അതൃപ്തി നേടിയ, അഞ്ചുമാസം മുമ്പ് വയനാട്ടില്‍ നിന്ന് സ്ഥലം മാറിയെത്തിയ കാസര്‍കോട് ഡിഎഫ്ഒ പി. ധനേഷ് കുമാറിനെതിരെയാണ് രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്ന് നടപടിയുണ്ടായത്.
എന്‍സിപി ജില്ലാ നേതൃത്വത്തിന്റെ സമ്മര്‍ദത്തെ തുടര്‍ന്ന് സ്ഥലംമാറ്റിയ നടപടിയില്‍ എല്‍ഡിഎഫില്‍ പുതിയ പോര്‍മുഖത്തിന് തുടക്കമിട്ടിരിക്കുകയാണ്. രണ്ടുദിവസം മുമ്പാണ് ധനേഷ് കുമാറിനെ മാറ്റി അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആയിരുന്ന പി. ബിജുവിനെ കാസര്‍കോട് ഡിഎഫ്ഒ ആയി നിയമിച്ച് ഉത്തരവിറങ്ങിയത്. പകരം കണ്‍സര്‍വേറ്ററായി ധനേഷ് കുമാറിനെ നിയമിക്കുകയും ചെയ്തു.
അഞ്ചുമാസം മുമ്പാണ് വയനാട് മുട്ടില്‍ മരം മുറി കേസിന്റെ അന്വേഷണത്തിനിടെ തിടുക്കത്തിലാണ് പി. ധനേഷ് കുമാറിനെ കാസര്‍കോട്ടേക്ക് മാറ്റിയത്. എന്നാല്‍ ജില്ലയില്‍ ഫോറസ്റ്റ് ഓഫീസറായി ചുമതലയേറ്റതോടെ ഇദ്ദേഹം എന്‍.സി.പിയിലെ ചില പ്രാദേശിക നേതാക്കളുടെ കണ്ണിലെ കരടായി മാറി. വനാതിര്‍ത്തിയിലെ ക്വാറികള്‍ക്ക് അനുമതി നല്‍കാത്തതും എന്‍സിപിയുടെ ശുപാര്‍ശ പ്രകാരമുള്ള ജീവനക്കാരെ നിയമിക്കാത്തതും ഇടയാന്‍ കാരണമായി. വനംവകുപ്പില്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്ന 47 വാച്ചര്‍മാരെ പിരിച്ചുവിടാന്‍ കൂട്ടുനിന്നില്ലെന്ന പേരില്‍ പല തവണ എന്‍സിപിയുടെ ചില പ്രാദേശിക നേതാക്കള്‍ സ്ഥലംമാറ്റ ഭീഷണിയുമായി ഡിഎഫ്ഒ ഓഫീസില്‍ എത്തിയതായും വിവരമുണ്ട്. അതിനിടെയാണ് ഭരണപരമായ ചുമതലയില്ലാത്ത സാമൂഹിക വനവല്‍ക്കരണ വിഭാഗം ഡിഎഫ്ഒയായി പി ധനേഷ് കുമാറിന് സ്ഥാനമാറ്റമുണ്ടായത്.
എന്നാല്‍ ജില്ലയിലെ ഭരണപക്ഷ എംഎല്‍എമാരുടെ എതിര്‍പ്പ് മറികടന്ന് തിടുക്കത്തില്‍ സ്ഥലം മാറ്റിയ നടപടിക്കെതിരെ മുന്നണിക്കുള്ളില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി സിപിഎം എംഎല്‍എ സിഎച്ച് കുഞ്ഞമ്പു രംഗത്തുവന്നു. ഇതോടെ സിപിഎം- എന്‍സിപി പോര് ശക്തമായി. വന്യജീവി അക്രമണം തടയല്‍ ഉള്‍പ്പടെ മറ്റു പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്ന വേളയില്‍ ചുമതലയുള്ള ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയ നടപടി ന്യായീകരിക്കാനാവില്ലെന്നും സ്ഥലം മാറ്റ ഉത്തരവ് റദ്ദാക്കണമെന്നും എംഎല്‍എ പരസ്യമായി ആവശ്യപ്പെട്ടു. നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് എംഎല്‍എ കത്ത് നല്‍കുകയും ചെയ്തു.
സ്ഥലംമാറ്റ നടപടിക്കെതിരെ സിപിഎം എംഎല്‍എമാരടക്കം പരസ്യമായി രംഗത്തുവന്നതോടെ എന്‍സിപിയും പ്രതിരോധത്തിലായിട്ടുണ്ട്. കോടികളുടെ ചന്ദന വേട്ട നടത്തിയിട്ടും മുഖ്യപ്രതികളെ പോലും അറസ്റ്റ് ചെയ്യാതെ നേരത്തെയുണ്ടായിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഒത്തുകളിച്ചതും എറെ വിവാദമായിരുന്നു. അതേസമയം, സ്ഥലമാറ്റത്തിന് പിന്നില്‍ സിപിഎമ്മിലെ ചില നേതാക്കള്‍ സമ്മര്‍ദം ചെലുത്തിയതായും സിപിഎം സഹയാത്രികനായ പി. ബിജുവിനെ ഡിഎഫ്ഒ ആക്കാനുള്ള നീക്കമാണ് ഇതിനു പിന്നിലെന്നും ആരോപണമുണ്ട്.