X

മതം മാറ്റിയെന്ന് പരാതി; യു.പിയില്‍ യൂണിവേഴ്‌സിറ്റി വി.സിയുള്‍പ്പെടെ 60 പേര്‍ക്കെതിരെ കേസ്

നിയമവിരുദ്ധമായി മതം മാറ്റിയെന്ന പരാതിയില്‍ ഉത്തര്‍പ്രദേശില്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഉള്‍പ്പെടെ 60 പേര്‍ക്കെതിരെ കേസ്.പ്രയാഗ്രാജിലെ സാം ഹിഗ്ഗിന്‍ബോട്ടം യൂണിവേഴ്‌സിറ്റി വി.സി ആര്‍.ബി ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസ്.

വി.സി ഉള്‍പ്പെടെ 10 പേര്‍ക്കും തിരിച്ചറിയാത്ത 50 പേര്‍ക്കുമെതിരെയാണ് കേസ്. ക്രിസ്തുമതത്തിലേക്ക് മതം മാറ്റിയെന്ന സുല്‍ത്താന്‍പൂര്‍ സ്വദേശിയായ സര്‍വേന്ദ്ര വിക്രം സിങ്ങിന്റെ പരാതിയിലാണ് നടപടി. ജോലിക്കായാണ് 2021 ജനുവരി 25ന് പരാതിക്കാരന്‍ ഫത്തേപൂരിലെത്തിയത്.’പിന്നീട് അദ്ദേഹം സുജ്രാഹി ഗ്രാമത്തില്‍ വച്ച് രാംചന്ദ്ര എന്ന വ്യക്തിയെ കണ്ടുമുട്ടി. സാം ഹിഗ്ഗിന്‍ബോട്ടം യൂണിവേഴ്‌സിറ്റി ഓഫ് അഗ്രികള്‍ച്ചര്‍, ടെക്‌നോളജി ആന്‍ഡ് സയന്‍സസ് (എസ്.എച്ച്.യു.എച്ച്.ടി.എസ്) ക്രിസ്തുമതം സ്വീകരിക്കുന്നതിന് പണം നല്‍കുന്നുണ്ടെന്നും അവര്‍ താങ്കളുടെ കുടുംബത്തിന്റെ ചെലവ് വഹിക്കുമെന്നും രാംചന്ദ്ര പറഞ്ഞു’- സിറ്റി സര്‍ക്കിള്‍ ഓഫീസര്‍ വീര്‍ സിങ് പറഞ്ഞു.’തുടര്‍ന്ന് രാംചന്ദ്ര സര്‍വേന്ദ്രയെ ദേവിഗഞ്ചിലുള്ള ഇന്ത്യന്‍ പ്രസ് ചര്‍ച്ചിലേക്ക് കൊണ്ടുപോവുകയും ഒരു വൈദികനെ പരിചയപ്പെടുത്തുകയും ചെയ്തു. ക്രിസ്തുമതം സ്വീകരിച്ചാല്‍ പണം നല്‍കാമെന്നും ജോലി നല്‍കാമെന്നും വൈദികന്‍ വാഗ്ദാനം ചെയ്തു’.

‘ഇതിനുശേഷം, സര്‍വേന്ദ്ര പ്രയാഗ്രാജിലെ നൈനിയിലേക്ക് പുരോഹിതനോടൊപ്പം പോവുകയും മതപരിവര്‍ത്തനത്തിന് വിധേയനാവുകയും ചെയ്തു’- വീര്‍ സിങ് പറഞ്ഞു.

‘സര്‍വേന്ദ്ര ഹിന്ദുമതത്തില്‍ നിന്ന് ക്രിസ്തുമതം സ്വീകരിച്ചു. എന്നാല്‍ പിന്നീട് ഹിന്ദുമതത്തിലേക്ക് തിരിച്ചെത്തി. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു’- സര്‍ക്കിള്‍ ഓഫീസര്‍ കൂട്ടിച്ചേര്‍ത്തു.

 

webdesk12: