അലഹബാദ്: വിവാഹത്തിന് വേണ്ടി മാത്രമുള്ള മതപരിവര്‍ത്തനം അംഗീകരിക്കാനാവില്ലെന്ന് ആവര്‍ത്തിച്ച് അലഹബാദ് ഹൈക്കോടതി. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ദമ്പതികള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. പെണ്‍കുട്ടി വിവാഹത്തിന് ഒരു മാസം മുമ്പ് മാത്രമാണ് ഇസ്‌ലാമില്‍ നിന്ന് ഹിന്ദു മതത്തിലേക്ക് മാറിയിട്ടുള്ളതെന്ന് ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി തള്ളിയതെന്ന് ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിവാഹം കഴിക്കുന്നതിന് വേണ്ടി മാത്രമാണ് മതപരിവര്‍ത്തനം നടത്തുന്നതെന്നും ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപാഠി പറഞ്ഞു. വിവാഹത്തിന് ഒരു മാസം മുമ്പാണ് യുവതി ഹിന്ദു മതം സ്വീകരിച്ചതെന്നും വിവാഹമെന്ന ഉദ്ദേശത്തോടെ മാത്രമാണ് അതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിവാഹത്തിന് വേണ്ടി മാത്രം മതപരിവര്‍ത്തനം നടത്തരുതെന്ന 2014ലെ നൂര്‍ജഹാന്‍ ബീഗം കേസിലെ വിധി ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു കോടതി ഹര്‍ജി തള്ളിയത്.
ആര്‍ട്ടിക്കിള്‍ 226 പ്രകാരം കേസില്‍ ഇടപെടാന്‍ താത്പര്യമില്ലെന്നും കോടതി പറഞ്ഞു.
2014ല്‍ ദമ്പതികള്‍ സമര്‍പ്പിച്ച റിട്ട് ഹരജിയും അലഹബാദ് ഹൈക്കോടതി തള്ളുകയായിരുന്നു. ഹിന്ദുമതത്തില്‍ നിന്നും ഇസ്‌ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യപ്പെട്ട ശേഷം ഇസ്‌ലാം നിയമ പ്രകാരം നിക്കാഹ് കഴിച്ചവരായിരുന്നു ഇവര്‍. അന്ന് വാദം കേട്ട കോടതി ചോദിച്ചത് ഇസ്‌ലാമിനെക്കുറിച്ച് അറിവോ വിശ്വാസമോ ഇല്ലാതെ ഒരു ഹിന്ദു പെണ്‍കുട്ടി വിവാഹത്തിന് വേണ്ടി മാത്രം ഇസ്‌ലാമിലേക്ക് മതം മാറുന്നത് ശരിയാണോ എന്നായിരുന്നു.