രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മത,സാമുദായിക, സാംസ്‌കാരിക സംഘടനകള്‍ക്കും പ്രചരണത്തിനുള്ള അവസരം നിഷേധിക്കരുതെന്ന് സര്‍വ്വകക്ഷി യോഗം അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തെ പാതയോരങ്ങളില്‍ കൊടിതോരണങ്ങള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി ഇടക്കാല ഉത്തരവുകളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ഓണ്‍ലൈനായി സര്‍വ്വകക്ഷി യോഗം ചേര്‍ന്നത്. യോഗ തീരുമാനങ്ങള്‍ പൊതുസമൂഹത്തിന്റെ അഭിപ്രായമായി ഹൈക്കോടതിയെ അറിയിക്കാന്‍ അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തി.
സ്വകാര്യ മതിലുകള്‍, കോമ്പൗണ്ടുകള്‍ എന്നിവിടങ്ങളില്‍ ഉടമസ്ഥരുടെ അനുവാദത്തോടെ ഗതാഗതത്തെ ബാധിക്കാതെ കൊടിതോരണങ്ങള്‍ കെട്ടാന്‍ അനുവദിക്കാവുന്നതാണ്. സമ്മേളനങ്ങള്‍, ഉത്സവങ്ങള്‍ എന്നിവയോടനുബന്ധിച്ച് പാതയോരങ്ങളില്‍ മാര്‍ഗ്ഗതടസ്സമുണ്ടാക്കാതെ താല്‍ക്കാലികമായി ബന്ധപ്പെട്ടവരുടെ അനുമതിയോടെ കൊടിതോരണങ്ങള്‍ കെട്ടാം. എത്ര ദിവസം മുമ്പ് കെട്ടാമെന്നും പരിപാടിക്കുശേഷം എപ്പോള്‍ നീക്കം ചെയ്യുമെന്നും മുന്‍കൂട്ടി വ്യക്തമാക്കണം.
പൊതുയിടങ്ങളില്‍ ഗതാഗതത്തിനും കാല്‍നടയ്ക്കും തടസ്സമുണ്ടാകുന്ന രീതിയില്‍ കൊടിതോരണങ്ങളും പരസ്യങ്ങളും പ്രദര്‍ശിപ്പിക്കരുത്. യോഗത്തില്‍ മുഖ്യമന്ത്രി അവതരിപ്പിച്ച നിര്‍ദ്ദേശങ്ങളോട് എല്ലാ കക്ഷികളും പൊതുവെ യോജിപ്പ് രേഖപ്പെടുത്തി.
പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍, നിയമ വകുപ്പ് മന്ത്രി പി. രാജീവ്, ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ്, എ. വിജയരാഘവന്‍ (സി.പി.ഐ(എം)), മരിയപുരം ശ്രീകുമാര്‍ (കോണ്‍ഗ്രസ്), പി. കെ. കുഞ്ഞാലിക്കുട്ടി (ഐ. യു. എം. എല്‍), ഇ. ചന്ദ്രശേഖരന്‍ (സി.പി.ഐ), സ്റ്റീഫന്‍ ജോര്‍ജ് (കേരള കോണ്‍ഗ്രസ് എം), മോന്‍സ് ജോസഫ് (കേരള കോണ്‍ഗ്രസ്), മാത്യു ടി. തോമസ് (ജനതാദള്‍ എസ്), കെ. ആര്‍. രാജന്‍ (എന്‍. സി. പി), രാമചന്ദ്രന്‍ കടന്നപ്പള്ളി (കോണ്‍ഗ്രസ് എസ്), ഷാജി ഫിലിപ്പ് (ആര്‍. എസ്. പി ലെനിനിസ്റ്റ്), സി. കൃഷ്ണകുമാര്‍ (ബി. ജെ. പി), വി. സുരേന്ദ്രന്‍ പിള്ള (ലോകതാന്ത്രിക് ജനതാദള്‍), പി. സി. ജോസഫ് (ജനാധിപത്യ കേരള കോണ്‍ഗ്രസ്) എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.