ലുഖ്മാന്‍ മമ്പാട്
മുസ്‌ലിം അവകാശങ്ങളെ കുറിച്ച് പറയുമ്പോള്‍ മുസ്‌ലിം ലീഗിനെ വര്‍ഗീയമാക്കുന്നതാണ് സി.പി.എമ്മിന്റെ തന്ത്രം. ലോകത്തെവിടെ നോക്കിയാലും കമ്മ്യൂണിസം ശത്രുതയോടെയാണ് മതങ്ങളെ കണ്ടത്. ഇസ്ലാമിനെതിരെ ഒടുങ്ങാത്ത പകയോടെ എക്കാലവും നിലകൊണ്ടവരാണവര്‍. രാജ്യത്ത് ശരീഅത്തിനെതിരെ കമ്മ്യൂണിസ്റ്റുകള്‍ പരസ്യമായ നിലപാടെടുത്തത് അതിന്റെ ഭാഗമായിരുന്നു. ഇസ്‌ലാമിനെ മോശമാക്കിയും ഇസ്ലാമോഫോബിയ പടര്‍ത്തിയും ഇ.എം.എസിന്റെ നേതൃത്വത്തില്‍ സി.പി.എം നടത്തിയ പടയോട്ടത്തെ 1985ല്‍ ചെറുത്തു തോല്‍പ്പിക്കാന്‍ നിയമപരമായും രാഷ്ട്രീയമായും മുസ്‌ലിംകള്‍ക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍, വിഷയത്തെ മുസ്‌ലിം വിരുദ്ധമാക്കി ഇസ്‌ലാമോഫോബിയ പടര്‍ത്തി 1987ല്‍ അധികാരം പിടിക്കാന്‍ അവര്‍ക്കായി. നായനാരും വി.എസും ഭരിച്ചപ്പോഴും ഇതേ പാതയിലൂടെയാണ് ഏറെക്കുറെ സഞ്ചരിച്ചത്. ഒന്നാം പിണറായി സര്‍ക്കാര്‍ പാതി പിന്നിട്ടതോടെ ഇതിനു രൂക്ഷത കൂട്ടി. ശബരിമലയില്‍ കടന്നുകയറി ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രഹരം ലഭിച്ചതോടെ പിണറായിയുടെ ഇസ്‌ലാമോഫോബിയ കൂടുതല്‍ പ്രകടമായി. ഭൂരിപക്ഷത്തെ പ്രീണിപ്പിച്ചും ന്യൂനപക്ഷത്തെ പേടിപ്പിച്ചും ഭരണകൂടം തന്നെ പൊലിപ്പിച്ചെടുത്ത ഇസ്‌ലാമോഫോബിയയാണ് ഭരണത്തുടര്‍ച്ചക്ക് വളമാക്കിയത്.
ഉത്തരകൊറിയയിലെ കമ്മ്യൂണിസ്റ്റ് ഭരണാധികാരിയെ പോലെ ‘നിങ്ങളെ ബോധ്യം ആരു പരിഗണിക്കുന്നു. നിങ്ങള്‍ ചെയ്യാനുള്ളത് ചെയ്യ്. ഞങ്ങള്‍ക്ക് അതൊരു പ്രശ്‌നമല്ലെന്ന്’ പിണറായി നിലമറന്ന് ആക്രോശിക്കുന്നത് പ്രത്യക്ഷത്തില്‍ മുസ്‌ലിംലീഗിനെയാണെങ്കിലും പരോക്ഷമായി സമുദായത്തിനെതിരെ തന്നെയാണ്.
എന്നാല്‍, സംഘപരിവാറിന് എന്തും ചെയ്യാനുള്ള ലൈസന്‍സാണ് പിണറായി നല്‍കിയത്. മുസ്ലിം ഹോട്ടലുകളില്‍ ഭക്ഷണത്തില്‍ തുപ്പുന്നുവെന്ന് ഹാലിളകിയ ബി.ജെ.പി സംസ്ഥാന പ്രസിഡന്റിനെതിരെ ചെറുവിരല്‍ അനക്കാതെ പന്നിയിറച്ചി വിളമ്പി ആരെയാണ് സി.പി.എം സുഖിപ്പിച്ചത്. ‘അഞ്ചു നേരം നിസ്‌കരിക്കാന്‍ പള്ളികള്‍ ഒന്നും കാണില്ല, ബാങ്ക് വിളിയും കേള്‍ക്കില്ല’ എന്ന് സ.കുഞ്ഞിരാമന്റെ തലശേരിയില്‍ പരസ്യമായി ഒരു കാരണവുമില്ലാതെ മുസ്‌ലിംകള്‍ക്കെതിരെ കലാപത്തിന് കോപ്പുകൂട്ടിയവരെ രണ്ടാഴ്ചയായിട്ടും തൊടാന്‍ പിണറായി പൊലീസ് തയ്യാറായോ. സി.പി.എമ്മുകാര്‍ വിദ്യാര്‍ഥികളുടെ മുമ്പിലിട്ട് അരുംകൊല ചെയ്ത ജയകൃഷ്ണന്‍ മാസ്റ്ററുടെ ഓര്‍മദിനത്തിലാണ് മുസ്‌ലിംകളുടെ പള്ളിപൊളിക്കുമെന്ന് പട്ടാപ്പകല്‍ ആര്‍.എസ്.എസ് വിളിച്ചുപറഞ്ഞത്. റഷ്യയിലും ചൈനയിലും മാത്രമല്ല, നന്ദിഗ്രാമിലും നാദാപുരത്തും തൂണേരിയിലുമെല്ലാം പള്ളി കയ്യേറി നശിപ്പിച്ച സി.പി.എമ്മിന് ഇതിലൊന്നും വേവലാതിയുണ്ടാവില്ല. ഇതിന്റെ മറ്റൊരു പതിപ്പാണ്, പള്ളിയില്‍ വഖഫിനെക്കുറിച്ചു പറഞ്ഞാല്‍ പ്രതിഷേധിക്കുകയും സംഘര്‍ഷമുണ്ടാകുകയും ചെയ്യുമെന്ന സി. പി.എമ്മിന്റെ ഭീഷണിയുടെ സ്വരം. മതവിശ്വാസവും നിസ്‌കാരവും നോമ്പും സകാത്തും വഖഫും ഹജ്ജുമെല്ലാം പറയാനുള്ള കേന്ദ്രങ്ങളാണ് പള്ളികള്‍. പിണറായി വിജയന്റെ തണലില്‍ അവിടേക്ക് നിരീശ്വരവാദികളെ കയറ്റിവിട്ട് കലാപമുണ്ടാക്കുമെന്ന് ധ്വനിപ്പിക്കുന്നത് വഖഫ് ബോര്‍ഡിന്റെ അധികാരം കവരുന്നതിലൂടെ എന്താണിവര്‍ ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കുന്നതാണ്. ബി.ജെ.പി പോലും ചെയ്യാനും പറയാനും മടിക്കുന്നതാണ് സി.പി.എം ആവര്‍ത്തിക്കുന്നത്.
മലപ്പുറത്തെ കുട്ടികള്‍ കോപ്പിയടിച്ചാണ് പരീക്ഷകളില്‍ വിജയിക്കുന്നതെന്ന് പറഞ്ഞതും ഇരുപത് വര്‍ഷം കൊണ്ട് കേരളം ഇസ്‌ലാമിക രാജ്യമാകുമെന്ന് ഇസ്‌ലാമോഫോബിയ പടര്‍ത്തിയതും തിരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ മലപ്പുറത്തിന്റെ ഉള്ളടക്കം വര്‍ഗീയമാണെന്ന് പറഞ്ഞതും ആര്‍.എസ്.എസിന്റെ ഭൂരിപക്ഷ വര്‍ഗീയതയല്ല ന്യൂനപക്ഷ വര്‍ഗീയതയാണ് ഏറ്റവും തീവ്രമെന്ന് പറഞ്ഞതും തിരുവനന്തപുരം മുതല്‍ പാറശാല വരെ ഗെയിലിനെതിരെ നാട്ടുകാര്‍ രംഗത്തിറങ്ങിയാലും മലപ്പുറത്തും മുക്കത്തും മാത്രം അതു ഇസ്‌ലാമിക തീവ്രവാദികളാകുന്ന ലോജിക്കും ബി.ജെ.പിയുടേതല്ല, സി.പി.എമ്മിന്റേതാണ്.
ഹാദിയയെന്ന ഡോക്ടര്‍ യുവതി ഇസ്‌ലാം സ്വീകരിച്ച് പിന്നീട് മുസ്‌ലിമിനെ വിവാഹം കഴിച്ചപ്പോള്‍ കോടതിവിധിയുടെ പേരിലെന്ന് തെറ്റിദ്ധരിപ്പിച്ച് അവരെ വീട്ടു തടങ്കലിലാക്കിയെന്ന് മാത്രമല്ല, നിയമ വിധേയമായി വിവാഹം ചെയ്ത, സുപ്രീം കോടതി പോലും ശരിവെച്ച ഭര്‍ത്താവിനെ കാണിക്കാതെ സംഘപരിവാറുകാരെ നിരന്തരം എത്തിച്ച് ഗര്‍വാപ്പസിക്ക് ചുക്കാന്‍ പിടിച്ചത് പിണറായി പൊലീസല്ലേ. ഉത്തരേന്ത്യന്‍ മോഡലില്‍ വ്യാജ ഏറ്റുമുട്ടലില്‍ എത്രയെത്ര നിരപരാധികളെയാണ് പിണറായി പൊലീസ് കൊന്നുതള്ളിയത്. ബീമാപള്ളിയില്‍ വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയും കോടിയേരി ആഭ്യന്തര മന്ത്രിയും പിണറായി വിജയന്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയുമായിരിക്കുമ്പോള്‍ ആറു മുസ്ലിംകളെ വെടിവെച്ച് കൊന്നത് എന്തിനായിരുന്നു. എല്ലാ വീഴ്ചയും ഭരണകൂടത്തിനാണെന്നും ലാത്തിച്ചാര്‍ജിന് പോലും സ്‌കോപില്ലായിരുന്നുവെന്നും അന്വേഷണ റിപ്പോര്‍ട്ട് വന്നിട്ടും മുസ്‌ലിംകളുടെ അട്ടിപ്പേറിന് ലേലം വിളിച്ച് നടക്കുകയാണ് സി.പി.എം. ഏക സിവില്‍ കോഡ് മുതല്‍ സവര്‍ണ സംവരണം വരെ ബി.ജെ.പിക്കും ഒരുമുഴം മുന്നെ പാഞ്ഞ കമ്മ്യൂണിസ്റ്റുകള്‍ ഇപ്പോള്‍ വഖഫില്‍ കയ്യേറ്റം നടത്തുന്നതും എന്തിനാണെന്ന് എല്ലാവര്‍ക്കും അറിയാം.