മത ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ആശ്വാസമേകുന്നതാണ് ഇന്നലെ പരമോന്നത കോടതിയില്‍ നിന്നുണ്ടായ വിധി. മദ്രസകള്‍ അടച്ചുപൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മിഷന്റെ ശിപാര്‍ശ സുപ്രിംകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാറിനും കോടതി നോട്ടീസ് അയച്ചിട്ടുമുണ്ട്. ബാലാവകാശ കമ്മിഷന്റെ നിര്‍ദേശത്തിനുപിന്നാലെ ഉത്തര്‍പ്രദേശ്, ത്രിപുര സര്‍ക്കാരുകള്‍ അടച്ചുപൂട്ടലുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിച്ചിരിക്കെയാണ് കോടതിയുടെ ഇടപെടലെന്നത് ആശ്വാസം പകരുന്നതാണ്. ഉത്തര്‍പ്രദേശ്, ത്രിപുര സര്‍ക്കാരുകള്‍ മദ്രസകള്‍ക്കെതിരെ സ്വീകരിക്കുന്ന നടപടികളും സുപ്രിംകോടതി സ്റ്റേ ചെയ്തിട്ടുണ്ട്. കൃത്യമായ പഠനം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി സ്റ്റേ ചെയ്തത്. ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരായ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെ ഹരജിയിലാണ് നടപടി. ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്ക് സ്ഥാപനങ്ങള്‍ ന ടത്തുന്നതിന് ഭരണഘടന നല്‍കുന്ന ഉറപ്പിന്റെ ലംഘനമാണ് ദേശീയ ബാലാവകാശ കമ്മിഷന്‍ നടപടി എന്ന് ജംഇയ്യത്ത് ഉലമ ഹിന്ദിന് വേണ്ടി ഹാജരായ അഭിഭാഷക ഇന്ദിര ജയ്സിങ് സുപ്രിംകോടതിയില്‍ ചൂണ്ടിക്കാട്ടി.
മദ്രസകള്‍ക്ക് ധനസഹായം നല്‍കരുതെന്ന് നിര്‍ദേശിച്ച് കമ്മിഷന്‍ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചിരുന്നു. മദ്രസബോര്‍ഡുകള്‍ നിര്‍ത്തലാക്കണമെന്നും അടച്ചുപൂട്ടണമെന്നുമായിരുന്നു നിര്‍ദേശം. മദ്രസകളിലെ വിദ്യാഭ്യാസ രീതി 125 കോടി കുട്ടികളുടെ ഭരണഘടനാ അവകാശങ്ങള്‍ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കമ്മിഷന്റെ കത്ത്. എന്‍.സി.പി.സി.ആര്‍ തയാറാക്കിയ 11 അധ്യായങ്ങള്‍ അടങ്ങുന്ന റിപ്പോര്‍ട്ടില്‍ മദ്രസകള്‍ കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ ലംഘിക്കുന്നതായി ആരോപിക്കുന്നു. 2009ലെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ കടമയാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേരളത്തിലെ മദ്രസകളില്‍ കുട്ടികള്‍ ചൂഷണത്തിനു വിധേയരാകുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
സംഘപരിവാറിന്റെ അജണ്ടകള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ബാലാവകാശ കമ്മിഷന്‍ ഇത്തരത്തിലൊരു വസ്തുതാവിരുദ്ധമായ ശിപാര്‍ശ നല്‍കിയതെന്നു വ്യക്തമാണ്. അടുത്ത വര്‍ഷം ആര്‍.എസ്.എസ് നൂറാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ അവര്‍ വിഭാവനം ചെയ്യുന്ന ഇന്ത്യയെ പരുവപ്പെടുത്തിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കവും. ആര്‍.എസ്.എസിന്റെ ഇന്ത്യയില്‍ മദ്രസകള്‍ക്കൊന്നും യാതൊരു സ്ഥാനവുമില്ല. ന്യൂനപക്ഷങ്ങള്‍തന്നെ രണ്ടാംകിട പൗരന്മാരായി അവര്‍ക്ക് കീഴ്‌പ്പെട്ട് കഴിയേണ്ടതാണ്. ഇതിനായി അവര്‍ പല മാര്‍ഗങ്ങളും സ്വീകരിക്കുന്നു. അതിലൊന്നു മാത്രമാണ് മദ്രസകള്‍ക്കെതിരെ ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഇത് തികച്ചും ഭരണഘടനാവിരുദ്ധവും കടുത്ത വിവേചനവുമാണ്. രാജ്യത്തെ എല്ലാ മത വിഭാഗങ്ങള്‍ക്കും അവരുടെ ആശയങ്ങള്‍ പഠിപ്പിക്കാനുള്ള അവകാശം ഭരണഘടന വകവച്ചു നല്‍കുന്നുണ്ട്. മദ്രസകള്‍ കുട്ടികളുടെ വിദ്യാഭ്യാസ അവകാശം ഹനിക്കുന്നുവെന്ന കണ്ടെത്തല്‍ ശുദ്ധ നുണയാണ്. മദ്രസകള്‍ കുട്ടികളെ വിദ്യാഭ്യാസത്തിനു പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്. മുസ്ലിം വിദ്യാര്‍ത്ഥികളുടെ ഭരണ ഘടനാ അവകാശത്തെ ഹനിക്കുന്ന രൂപത്തിലുള്ള ഇടപെടലുകളാണ് കുട്ടികളുടെ അവകാശ സംരക്ഷണത്തിന്റെ മറവില്‍ നടപ്പിലാക്കാന്‍ ബാലാവകാശ കമ്മിഷന്‍ ശ്രമിച്ചത്.
പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മദ്രസകള്‍ മുസ്ലിം ന്യൂനപക്ഷത്തിന്റെ വിദ്യാഭ്യാസ ശാക്തീകരണത്തില്‍ വലിയ തോതിലുള്ള പങ്കുവഹിച്ചിട്ടുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. മദ്രസകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും അത്യാധുനിക സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിനും സഹായങ്ങള്‍ നല്‍കുന്നതിന് പകരം ഒരു വിഭാഗത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന് തടയിടാനുള്ള നീക്കം അത്യന്തം ഗൗരവമായി കാണേണ്ടതാണ്. അത് തടഞ്ഞുകൊണ്ടുള്ള സുപ്രീംകോടതിയില്‍ നിന്നുണ്ടായിരിക്കുന്ന ഇടപെടല്‍ ഏറെ ആശ്വാസകരമാണ്.
രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ അവകാശത്തെ കവര്‍ന്നെടുക്കാനുള്ള ശ്രമമാണ് യഥാര്‍ത്ഥത്തില്‍ ബാലാവകാശ കമ്മിഷനില്‍നിന്നുണ്ടായത്. ന്യൂനപക്ഷ വിഭാഗങ്ങളുടെ ശാക്തീകരണത്തിന് വേണ്ടി സച്ചാര്‍ സമിതി നിര്‍ദേശിച്ച കാര്യങ്ങള്‍ ശരിയായ വിധത്തില്‍ നട പ്പിലാക്കിയിരുന്നുവെങ്കില്‍ അത്ഭുതകരമായ വിദ്യാഭ്യാസ വിപ്ലവം രാജ്യത്തെ മദ്രസാ പ്രസ്ഥാനങ്ങളിലൂടെ ഉണ്ടാകുമായിരുന്നു. മറുവശത്ത് ആര്‍.എസ്.എസ് നേതാക്കളുടെ കീഴില്‍ രൂപീകൃതമായ വിദ്യാഭാരതിയുടെ കീഴില്‍ നിരവധി സ്‌കൂളുകളും കോളേജുകളും ലക്ഷക്കണക്കിന് കുട്ടികളും ഇന്ത്യയിലങ്ങോളമിങ്ങോളം പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാം സര്‍ക്കാരിന്റെ നിയന്ത്രണത്തിലും സാമ്പത്തിക സഹായത്തിലും നടന്നുപോകുന്നതാണ്. അവിടെയൊന്നും കുട്ടികളുടെ ‘പീഡനം’ കാണാത്ത ബാലവകാശ കമ്മിഷന്‍ മദ്രസകള്‍ക്കുനേരെ തിരിഞ്ഞത് സദുദ്ദേശത്തോടെയല്ലെന്ന് വ്യക്തമാണ്. ഇതുതന്നെയാണ് കോടതി തിരുത്തിയത്. സംഘ്പരിവാര ഭരണകുടം ന്യൂനപക്ഷങ്ങള്‍ക്കെതിരെ വാളോങ്ങുമ്പോള്‍ കോടതികള്‍ പലപ്പോഴും രക്ഷക്കെ ത്തുന്നു എന്നതാണ് കെട്ട കാലത്തെ ഏക ആശ്വാസം.