മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസില്‍ ലോകായുക്ത ഫുള്‍ ബെഞ്ച് ഇന്ന് വിധി പറയും. അന്തരിച്ച രാഷ്ട്രീയ നേതാക്കളുടെ കുടുംബത്തിന് നല്‍കിയ സാമ്പത്തിക സഹായം അധികാര ദുര്‍വിനിയോഗം ആണെന്നും ഒന്നാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരില്‍ നിന്ന് അനുവദിച്ച പണം തിരിച്ച് പിടിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി. ലോകായുക്തയുടെ അധികാരങ്ങള്‍ വെട്ടി കുറയ്ക്കുന്ന നിയമ ഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതിനാല്‍ വിധി സര്‍ക്കാരിന് ഏറെ നിര്‍ണായകമാണ്.
എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്‍, മുന്‍ എംഎല്‍എ കെ കെ രാമചന്ദ്രന്‍ നായര്‍, സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പെട്ട് മരിച്ച പൊലീസുകാരന്‍ എന്നിവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിയും സാമ്പത്തിക സഹായങ്ങളും നല്‍കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് ലോകായുക്ത ഫുള്‍ ബെഞ്ച് വിധി പറയുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം നല്‍കിയത് അധികാര ദുര്‍വിനിയോഗമാണ്. അതിനാല്‍ വിതരണം ചെയ്ത പണം ഒന്നാം പിണറായി സര്‍ക്കാരിലെ 18 മന്ത്രിമാരില്‍ നിന്നും തിരിച്ചുപിടിക്കണം എന്നാണ് ഹര്‍ജിക്കാരനായ ആര്‍ എസ് ശശി കുമാറിന്റെ ആവശ്യം.
2018 സെപ്റ്റംബറില്‍ ഫയല്‍ ചെയ്യപ്പെട്ട ഹര്‍ജിയില്‍ 5 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി വരുന്നത്. നേരത്തെ രണ്ടംഗ ബെഞ്ച് കേസ് പരിഗണിച്ചിരുന്നു. മന്ത്രിസഭാ തീരുമാനത്തില്‍ ഓരോ മന്ത്രിമാര്‍ക്കും വ്യക്തിപരമായി ഉത്തരവാദിത്തം ഉണ്ടോയെന്ന നിയമ പ്രശ്‌നത്തില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായതോടെ കേസ് ഫുള്‍ ബെഞ്ചിന് വിടുകയായിരുന്നു. ഇതിനിടെ കെ കെ രാമചന്ദ്രന്‍ നായരുമായി ജസ്റ്റിസ്മാരായ ബാബു മാത്യു പി ജോസഫ്, ഹാറൂണ്‍ റഷീദ് എന്നിവര്‍ക്ക് വ്യക്തിപരമായി അടുപ്പമുള്ളത് ചൂണ്ടിക്കാട്ടി, കേസ് മറ്റൊരു സംസ്ഥാനത്തെ ലോകായുക്തയിലേക്ക് മാറ്റണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു.
ലോകായുക്തയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാമെന്ന നിയമ ഭേദഗതി ബില്‍ ഗവര്‍ണര്‍ ഇതുവരെ ഒപ്പിട്ടിട്ടില്ല. അതിനാല്‍ അഴിമതി തെളിഞ്ഞാല്‍ പൊതുസേവകര്‍ സ്ഥാനം ഒഴിയണമെന്നു പ്രഖ്യാപനം നടത്താന്‍ കഴിയുന്ന ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പ് ഇപ്പോഴും നില നില്‍ക്കുകയാണ്. ബന്ധു നിയമന വിവാദത്തില്‍ ലോകായുക്ത വിധി എതിരായതിനെ തുടര്‍ന്ന് കെ ടി ജലീലിന് മന്ത്രി സ്ഥാനം രാജി വെക്കേണ്ടി വന്നത് ഈ വ്യവസ്ഥയെ തുടര്‍ന്നാണ്.