X

ഡല്‍ഹിക്ക് ആശ്വാസം; യമുന നദിയിലെ ജലനിരപ്പ് താഴുന്നു, ഇന്ന് യെല്ലോ അലര്‍ട്ട്

ന്യൂഡല്‍ഹി: ഡല്‍ഹിയെ ഭീതിയിലാഴ്ത്തിയ യമുനയിലെ ജലനിരപ്പ് നേരിയ തോതില്‍ താഴ്ന്നു തുടങ്ങി. ഇന്ന് ഡല്‍ഹിയില്‍ മഞ്ഞ അലേര്‍ട്ടാണ്. ഇന്നലെ പുലര്‍ച്ചെ 3 മണിയോടെ 208.66 മീറ്റര്‍ ആയി ഉയര്‍ന്ന ജലനിരപ്പ് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഓള്‍ഡ് റെയില്‍വേ പാലത്തിനു സമീപം രാവിലെ 208.45 മീറ്റര്‍ ആയി. 9 മണി ആയപ്പോള്‍ ഇവിടെ ജലനിരപ്പ് 208.4 മീറ്ററായി. ഉച്ചയ്ക്ക് ഒരു മണിയോടെ ഇവിടെ ജലനിരപ്പ് 208.25 മീറ്ററായി താഴ്ന്നു.

ഈ പാലത്തിനു സമീപത്തെ ജലനിരപ്പാണ് യമുനയുടെ പ്രളയത്തിന്റെ തോത് നിശ്ചയിക്കുന്നത്. ജല കമ്മിഷന്‍ പ്രതീക്ഷിക്കുന്നതു പോലെ ജലനിരപ്പ് താഴ്ന്നാലും അപകടകരമായ ജലനിരപ്പ് 205.33 ആണെന്നതു കൊണ്ട് ആശങ്ക പൂര്‍ണമായും അകലുന്നില്ല. ഇതിനു മുന്‍പ് 1978ലാണ് യമുനയിലെ ജലനിരപ്പ് 207.49 മീറ്ററായി ഉയര്‍ന്നത്. അതിനു ശേഷം ഇത്രയും വലിയ ഒരു വെള്ളപ്പൊക്കം ഉണ്ടാകുന്നത് ആദ്യമായാണ്. ചെങ്കോട്ട, രാജ്ഘട്ട്, കശ്മീരി ഗേറ്റ്, സിവില്‍ ലെയ്ന്‍സ് തുടങ്ങിയ പ്രദേശങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലാണ്.

അതിനിടെ, രാജ്ഘട്ടിനു മുന്നില്‍ വെള്ളക്കെട്ടില്‍ പാമ്പുകളെ കണ്ടത് ജനങ്ങളെ പരിഭ്രാന്തരാക്കി. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വ്യാഴാഴ്ച തന്നെ ചെങ്കോട്ട അടച്ചിരുന്നു. നഗരത്തിന്റെ മധ്യ ഭാഗത്തുള്ള തിലക്മാര്‍ഗില്‍ സ്ഥിതി ചെയ്യുന്ന സുപ്രീം കോടതിക്കു മുന്നില്‍ വരെ വെള്ളം എത്തി. ചില പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമവും വൈദ്യുതി മുടക്കവും അനുഭവപ്പെടുന്നുണ്ട്. വെള്ളക്കെട്ടു മൂലം ഗതാഗതം സ്തംഭിച്ച ഐടിഒയില്‍ പൊതുമരാമത്തു വകുപ്പു മന്ത്രി അതിഷി സന്ദര്‍ശിച്ചു. ഐടിഒയ്ക്കു സമീപം തകര്‍ന്ന ഡ്രെയിനേജ് റെഗുലേറ്ററിന്റെ അറ്റകുറ്റപ്പണികള്‍ അതിവേഗം തീര്‍ക്കണമെന്നു ചീഫ് സെക്രട്ടറിക്കു മന്ത്രി നിര്‍ദേശം നല്‍കി.

വെള്ളക്കെട്ടു രൂക്ഷമായതിനെ തുടര്‍ന്നു ശാന്തിവനില്‍ നിന്നു ഗീത ഫ്‌ളൈഓവര്‍ വഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. അതേ സമയം ഡല്‍ഹിയിലെ മുകുന്ദ്പൂരില്‍ വെള്ളക്കെട്ടിലിറങ്ങിയ മൂന്നു കുട്ടികള്‍ മുങ്ങി മരിച്ചു. ജഹാംഗീര്‍പുരി സ്വദേശികളായ പിയൂഷ് (13), നിഖില്‍ (10), ആശിഷ് (13) എന്നിവരാണ് മരിച്ചത്. കുളിക്കാനായി വെള്ളക്കെട്ടില്‍ ഇറങ്ങിയ ഇവര്‍ മുങ്ങി മരിക്കുകയായിരുന്നു. ഡല്‍ഹി വെള്ളത്തി ല്‍ മുങ്ങിയ പശ്ചാത്തലത്തി ല്‍ ഫ്രാന്‍സിലുള്ള പ്രധാനമന്ത്രി മോദി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഫോണില്‍ സംസാരിച്ചു സാഹചര്യങ്ങള്‍ വിലയിരുത്തി. ഞായറാഴ്ച വരെ ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്കും അവശ്യ സേവനങ്ങളല്ലാത്ത സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കിയിരിക്കുകയാണ്.

സിംഘു അടക്കം നാലു അതിര്‍ത്തികളിലൂടെ ഹെവി വാഹനങ്ങള്‍ ഡല്‍ഹിയില്‍ പ്രവേശിക്കുന്നത് സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്. പഞ്ചാബിലും ഹരിയാനയിലും മഴക്കെടുതികള്‍ രൂക്ഷമാണ്. ഹരിയാനയില്‍ 16 പേരും പഞ്ചാബില്‍ 11 പേരും മഴക്കെടുതികളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പഞ്ചാബിലെ 14 ജില്ലകളിലും ഹരിയാനയിലെ ഏഴു ജില്ലകളിലും മഴക്കെടുതികള്‍ രൂക്ഷമായി തുടരുകയാണ്. ഹിമാചലില്‍ മഴക്കെടുതികളില്‍ ഇതുവരെ 94 പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്.

webdesk11: