ന്യൂഡല്‍ഹി: ഇന്ത്യന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ ഇടപെടലിനു തുടര്‍ന്ന് സമ്മര്‍ സര്‍പ്രൈസ് പിന്‍വലിച്ച റിലയന്‍സ് ജിയോ പുതിയ ഓഫറുമായി രംഗത്ത്. ജിയോ ധന്‍ ധനാ ധന്‍ എന്നു പേരിട്ടിരിക്കുന്ന പുതിയ പ്ലാനില്‍ അണ്‍ലിമിറ്റഡ് സേവനമൊരുക്കിയാണ് ഉപയോക്താക്കളുടെ മനം കവരാനൊരുങ്ങുന്നത്. 309 രൂപ നിരക്കില്‍ പ്രതിദിനം ഒരു ജിബി 4ജി ഡാറ്റയാണ് പുതിയ ധന്‍ ധനാ ധന്‍ ഓഫറായി ജിയോ അവതരിപ്പിച്ചിരിക്കുന്നത്.
84 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാനില്‍ രാജ്യത്തിനകത്ത് എല്ലാ കോളുകളും സൗജന്യമാണ്. 309 രൂപയുടെ പ്ലാന്‍ കൂടാതെ 509 രൂപയുടെ ഓഫറും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിദിനം രണ്ടു ജിബിയുടെ 4ജി ഡാറ്റയാണ് 509 രൂപയുടെ പ്ലാനില്‍ ലഭിക്കുക. പുതിയ രണ്ടു ഓഫറുകളും ജിയോയുടെ പ്രൈം ഉപയോക്താക്കള്‍ക്ക് മാത്രമാണ് ലഭ്യമാകുക. 303 രൂപക്ക് ചാര്‍ജ്ജ് ചെയ്ത് സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ നേടിയവര്‍ക്കും ഈ സേവനം ലഭ്യമാവില്ല. അതേസമയം പ്രൈം മെമ്പര്‍ഷിപ്പ് എടുക്കുന്നതിനുള്ള കാലാവധി ഏപ്രില്‍ 15 വരെ തുടരും.
പ്രൈം മെമ്പര്‍ഷിപ്പിന് നീട്ടി നല്‍കിയ കാലാവധിയും സമ്മര്‍ സര്‍പ്രൈസ് ഓഫറുകളും പിന്‍വലിക്കണമെന്ന് ട്രായ് കഴിഞ്ഞ ദിവസം ജിയോയോട് ആവശ്യപ്പെട്ടിരുന്നു.
പ്രൈം മെമ്പര്‍ഷിപ്പ് നേടാത്തവര്‍ക്ക് ദിവസേന ഒരു ജിബി ഡാറ്റക്ക് 408 രൂപയും രണ്ടു ജിബിക്ക് 608 രൂപയുമാണ് ഈടാക്കുക.