ന്യൂഡല്‍ഹി: എന്‍ഡിടിവിക്കെതിരെ 10,000 കോടി രൂപയുടെ മാനനഷ്ടക്കേസുമായി അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഗ്രൂപ്പ്. റാഫേല്‍ വാര്‍ത്തകളിലൂടെ കമ്പനിയുടെ സല്‍പേരിനെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ചാണ് എന്‍ഡിടിവിക്കെതിരെ മാനനഷ്ടക്കേസ് നല്‍കിയത്. അഹമ്മദാബാദ് കോടതി ഒക്ടോബര്‍ 26ന് പരിഗണിക്കും.
റാഫേല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ട് ചാനല്‍ പുറത്തുവിട്ട ട്രൂത്ത് ഹൈപ്പ് പരിപാടിയില്‍ തങ്ങളുടെ കമ്പനിയുടെ സല്‍പേരിന് കളങ്കമുണ്ടാക്കിയെന്നാരോപിച്ചാണ് റിലയന്‍സ് കോടതിയെ സമീപിച്ചത്.
രാജ്യത്തിന്റെ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നതിന് ഫ്രാന്‍സില്‍ നിന്ന് 36 വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാറില്‍ റിലയന്‍സ് ഗ്രൂപ്പിനു അനുകൂല നടപടിയുണ്ടായി എന്നാണ് വാര്‍ത്തയിലുണ്ടായിരുന്നത്. ഫ്രഞ്ച് കമ്പനിയായ ഡസോള്‍ട്ടിനെ നിര്‍ബന്ധിച്ച് റിലയന്‍സിനെ രഹസ്യപങ്കാളിയാക്കി എന്ന വെളിപ്പെടുത്തല്‍ വ്യാപക ചര്‍ച്ചാവിഷയമായിരുന്നു.
എന്നാല്‍ വസ്തുതകള്‍ അടിച്ചമര്‍ത്താനും മാധ്യമങ്ങളെ തങ്ങളുടെ ജോലിയില്‍ നിന്ന് തടയാനുമാണ് അനില്‍ അംബാനിയും സംഘവും ശ്രമിക്കുന്നതെന്ന് എന്‍ഡിടിവി പ്രതികരിച്ചു. പൊതുതാല്‍പര്യം പരിഗണിച്ച് റാഫേല്‍ ഇടപാടിനെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കുന്നതിനും ഉത്തരങ്ങള്‍ ആരായുന്നതിനും എന്താണ് തെറ്റെന്ന് എന്‍ഡിടിവി സിഇഒ സുപര്‍ണ സിങ് ചോദിച്ചു.
മാധ്യമസ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണ് അംബാനി ഗ്രൂപ്പിന്റേതെന്നും ഇതിനെതിരെ തങ്ങള്‍ പോരാടുമെന്നും സുപര്‍ണ ട്വിറ്ററിലൂടെ വ്യക്തമാക്കി.