ന്യൂഡല്‍ഹി: ഇന്ത്യയും റഷ്യയും ഒപ്പുവെച്ച മിസൈല്‍ ഇടപാടിലും റിലയന്‍സ് ഡിഫന്‍സ് ലിമിറ്റഡ് ഇന്ത്യ ഓഫ്‌സെറ്റ് പങ്കാളിയാണെന്ന് തെളിയിക്കുന്ന വിവരങ്ങള്‍ പുറത്ത്.
എസ്-400 മിസൈല്‍ ഇടപാടിലാണ് റിലയന്‍സ് പങ്കാളിത്തമുള്ളതായി ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യ വാങ്ങുന്ന എസ് 400 പ്രതിരോധ സംവിധാനം നിര്‍മിക്കുന്ന റോബോറോണ്‍ എക്‌സ്‌പോര്‍ട്ടിന്റെ ഉപകമ്പനിയാണ് അല്‍മാസ് ആന്റെ. എസ്-400 മിസൈല്‍ സംവിധാനത്തിന്റെ നിര്‍മാണം, അറ്റകുറ്റപണികള്‍ എന്നിവക്കാണ് കരാര്‍.
2015ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യ സന്ദര്‍ശിച്ച സമയത്ത് റിലയന്‍സ് ഡിഫന്‍സും അല്‍മാസ് ആന്റെയും 600 കോടിയുടെ കരാറില്‍ ഏര്‍പ്പെട്ടിരുന്നു. ഇതുപ്രകാരം മിസൈലുകള്‍ രണ്ടു കമ്പനികള്‍ ചേര്‍ന്ന് നിര്‍മിക്കുമെന്ന് 2015 ഡിസംബറില്‍ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പിനെ ഉദ്ധരിച്ച് ഇന്ത്യാടുഡെ റിപ്പോര്‍ട്ട് ചെയ്തു.
വെള്ളിയാഴ്ചയാണ് വര്‍ഷങ്ങള്‍ നീണ്ടു നിന്ന ചര്‍ച്ചകള്‍ക്കു ശേഷം ഇന്ത്യയും റഷ്യയും അത്യാധുനിക മിസൈല്‍ വേധ സംവിധാനായ എസ്-400 വാങ്ങാന്‍ കരാര്‍ ഒപ്പുവെച്ചത്. 500 കോടി ഡോളറോളം മുടക്കി അഞ്ചു യൂണിറ്റുകളാണ് ഇന്ത്യ വാങ്ങുന്നത്. റഷ്യയില്‍ നിന്ന് ആയുധം വാങ്ങുന്നവര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുമെന്ന യു.എസ് ഭീഷണി വകവെക്കാതെയാണ് ഇന്ത്യ കരാറില്‍ ഒപ്പുവെച്ചത്.