ന്യൂഡല്‍ഹി: കര്‍ഷക പ്രതിഷേധത്തിന്റെ ചൂടറിഞ്ഞ് റിലയന്‍സും. ബഹിഷ്‌കരണം മൂലം ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും റിലയന്‍സ് സ്ഥാപനങ്ങള്‍ക്ക് കൂട്ടത്തോടെ പൂട്ടുവീഴുന്നു. മലയാളി മാധ്യമപ്രവര്‍ത്തകന്‍ രാജീവ് മേനോനാണ് റിലയന്‍സിന്റെ സ്ഥാപനങ്ങള്‍ക്ക് പൂട്ടുവീഴുന്ന വിവരം ഫേസ്ബുക്കില്‍ പങ്കുവെച്ചത്.
കുറിപ്പിന്റെ പൂര്‍ണരൂപം
ഡല്‍ഹി ലുധിയാന ഹൈവേയിലൂടെ പോകുമ്പോള്‍ കര്‍ഷക സമര വേദിയില്‍ നിന്ന് തിരിച്ചു പോകുന്ന ബാച്ചുകളെയും അവിടേക്കു വരുന്ന ബാച്ചുകളെയും കാണാം. ചെറുപ്പക്കാരും പ്രായേമേറിയവരുമൊക്കെയുണ്ട് ട്രാക്ടറുകള്‍ വലിച്ചു കൊണ്ടുപോകുന്ന ട്രോളികളില്‍.
ഫാസ്ടാഗ് നിര്‍ബന്ധമാക്കിയിട്ടും ടോളുകളില്‍ തിരക്കില്ല. കാരണം ഹരിയാനയിലെയും പഞ്ചാബിലെയും ഒരു ടോള്‍ ബൂത്തുകളിലും ഇപ്പോള്‍ ടോളില്ല. വാഹനങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ടോള്‍ കൊടുക്കാതെ പോകുന്നു. കര്‍ഷകര്‍ ഒഴിപ്പിച്ച ടോള്‍ ബൂത്തുകളാണ് എല്ലാം. രാജസ്ഥാനിലും അതുപോലെയാകുന്നുവെന്നു കേള്‍ക്കുന്നു.
മറ്റൊരു കൗതുകം കണ്ടത് റിലയന്‍സ് പെട്രോള്‍ പമ്പുകളില്‍ ആളില്ല എന്നതാണ്. നൈട്രജനും എയറും ഫ്രീയാണ്, ദേശത്തിന്റെ പമ്പാണ് എന്നൊക്കെ അഭ്യര്‍ഥിക്കുന്ന വലിയ ബോര്‍ഡുകളും ചെറിയ ബോര്‍ഡുകളും ധാരാളമുണ്ട്.
റിലയന്‍സ് ഫ്രഷ്, റിലയന്‍സ് ട്രെന്‍ഡ്‌സ്, മിനി മാര്‍ക്കറ്റുകളൊക്കെ അടഞ്ഞു കിടക്കുന്നു. കര്‍ഷകരുടെ ബഹിഷ്‌കരണാഹ്വാനം സ്വീകരിച്ച് ഒരാളും ആ വഴിക്കു പോകാതായപ്പോള്‍ പൂട്ടിയതാണെന്നറിഞ്ഞു. അവിടുള്ളവരുടെ തൊഴിലൊക്കെ എന്തായോ എന്തോ?
വാഹനങ്ങളില്‍ എല്ലാം കര്‍ഷക പതാകകളും മുദ്രാവാക്യങ്ങളും. ധാബകളില്‍ കര്‍ഷകപതാകയുള്ള ട്രാക്ടറുകളും ജീപ്പുകളും നിര്‍ത്തിയിട്ടു സെല്‍ഫി സ്‌പോട്ടുകളുമുണ്ട്.