X

എം.എസ്.എഫ് ദേശീയ സമ്മേളനത്തിന്റെ പ്രസക്തി-ടി.പി അഷറഫലി

എം.എസ്.എഫ് രണ്ടാം ദേശീയ സമ്മേളനത്തിന് രാജ്യ തലസ്ഥാനം സാക്ഷിയാകുകയാണ്. 2016 ഡിസംബര്‍17 ന് പാലക്കാട്ട് വെച്ചാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ ദേശീയ കമ്മിറ്റി വിദ്യാര്‍ത്ഥിഘടകമായ എം.എസ്. എഫിന് ഒരു ദേശീയ കമ്മറ്റി രൂപീകരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര, സംസ്ഥാന സര്‍വകലാശാലകളിലും പതിറ്റാണ്ടുകളായി എം.എസ്.എഫിന്റെ പ്രവര്‍ത്തനം നടക്കുന്നുണ്ടങ്കിലും ദേശീയ കമ്മിറ്റി യാഥാര്‍ഥ്യമായത് 2016ലാണ്. ഏറെ വൈവിധ്യങ്ങളുള്ള ജനാധിപത്യ മതേതര രാജ്യമായ ഇന്ത്യയില്‍ ആ രാജ്യത്തിന്റെ ഭരണഘടനക്ക് പോലും ഭീഷണിയുള്ള കാലമാണിത്. വൈവിധ്യങ്ങളെ ഉള്‍കൊള്ളാനും ഭരണഘടനാവകാശങ്ങള്‍ സംരക്ഷിക്കപ്പെടാനും ഫാഷിസ്റ്റ് വിരുദ്ധ ചിന്താഗതിയുള്ള മുഴുവന്‍ മനുഷ്യരും ഒന്നിച്ച് നില്‍ക്കേണ്ട കാലമാണിത്. ആ കാഴ്ചപ്പാടിനെ ഉള്‍കൊണ്ടു കൊണ്ടാണ് എം.എസ്.എഫ് മുന്നോട്ട് പോകുന്നത്.

പൗരത്വ ഭേദഗതി നിയമവും, വിദ്വേഷ പ്രസംഗങ്ങളും, ആള്‍ക്കൂട്ടകൊലപാതകങ്ങളും, വസ്ത്രവിവേചനങ്ങളുമെല്ലാം കൊണ്ട് അപരവത്കരിക്കപ്പെടുന്ന കാലത്ത് വിദ്യാഭ്യാസം കൊണ്ട് കരുത്തരായി മാറുക എന്നതാണ് പ്രതിരോധമാര്‍ഗം. എം.എസ്.എഫ് ആ ദൗത്യ നിര്‍വഹണത്തിലേക്കാണ് വിദ്യാര്‍ത്ഥികളെ ഉണര്‍ത്തുന്നത്. രാജ്യത്തെ 13 സംസ്ഥാനങ്ങളിലും, വിവിധ കേന്ദ്ര സംസ്ഥാന സര്‍വകലാശാലകളിലും എം.എസ്.എഫ് സജീവമാണ്. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രവും, സംഘടിത രാഷ്ട്രീയ ശക്തിയുടെ പ്രസക്തിയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക്, വിശിഷ്യാ മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കുന്ന മഹത്തായ ദൗത്യമാണ് എം.എസ്.എഫ് ദേശീയ കമ്മിറ്റി നിര്‍വവഹിച്ചു കൊണ്ടിരിക്കുന്നത്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പാര്‍ശ്വവത്കരിക്കപ്പെട്ടിരുന്ന മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് കടന്നു വരാനുള്ള ആത്മവിശ്വാസം സൃഷ്ടിക്കാന്‍ എം.എസ്.എഫിന്റെ സാന്നിദ്ധ്യം സഹായിച്ചിട്ടുണ്ട്.

‘വിദ്യാഭ്യാസം, വിമോചനം, ശാക്തീകരണം’ എന്നതാണ് എം.എസ്.എഫ് ദേശീയ സമ്മേളനത്തിന്റെ മുദ്രാവാക്യം. സ്വതന്ത്ര ഇന്ത്യയില്‍ വര്‍ഗീയ കലാപങ്ങളും, വിവേചനങ്ങളും മുസ്‌ലി ന്യൂനപക്ഷത്തിന്റെ അതിജീവനം ദുരിതപൂര്‍ണമാക്കി. ഈ ദുരിത കാലത്ത് നിന്ന് അഭിമാനകരമായ പുതിയ കാലത്തേക്ക് ചുവട് വെക്കാന്‍ രാഷ്ട്രീയ ശാക്തീകരണവും, വിമോചനവും അനിവാര്യമാണ്. അതിന്റെ മുന്നുപാധിയാണ് വിദ്യാഭ്യാസം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എന്റോള്‍മെന്റിന്റെ (പ്രവേശനം നേടുന്നതിന്റെ) വര്‍ധനവാണ് ശാക്തീകരണത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ്. പൗരന്റെ വ്യക്തിത്വരൂപീകരണത്തില്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യമെന്തെന്ന് റിപബ്ലിക്ക് എന്ന വിഖ്യാത കൃതിയില്‍ വിശദീകരിക്കുന്നുണ്ട്. മനുഷ്യനെ സാമൂഹിക ജീവിയും പൗരബോധമുള്ളവനുമാക്കി വിദ്യാഭ്യാസം വളര്‍ത്തിയെടുക്കുന്നു. ഏതൊരു രാജ്യത്തും ജനതയുടെ ഭൗതികജീവിതം മെച്ചപ്പെടുത്താനുള്ള ഉപകരണമാണ് അവര്‍ നേടുന്ന വിദ്യാഭ്യാസം. രാജ്യത്തെ ജനങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ദാരിദ്ര്യവും രോഗങ്ങളും ഇല്ലാതാക്കാനും സാമൂഹിക ആവശ്യങ്ങള്‍ നിറവേറ്റാനും വിദ്യാഭ്യാസം തൊഴിലധിഷ്ഠിതവും ഉല്‍പാദനപരവുമായിരിക്കേണ്ടതുണ്ട്. ഒരു വ്യവസ്ഥയെ, ഒരു സാമൂഹിക ക്രമത്തെ പുനര്‍നിര്‍മിക്കാന്‍ വിദ്യാഭ്യാസം സഹായിക്കുന്നു. വിദ്യാഭ്യാസത്തിന് ചെറുത്തുനില്‍പ്പിന്റെയും സാമൂഹിക പരിവര്‍ത്തനത്തിന്റെയും തുടര്‍ഫലങ്ങളുണ്ട്. വിദ്യാഭ്യാസത്തിന്റെ ഭൗതിക മൂല്യത്തോടൊപ്പം ധാര്‍മികമായ മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കാന്‍ വര്‍ത്തമാനകാലത്തെ വിദ്യാഭ്യാസത്തിനു കഴിയേണ്ടതുണ്ട്. ജ്ഞാനവും തിരിച്ചറിവുശേഷിയുമാണ് വിദ്യാഭ്യാസത്തിലൂടെ നേടേണ്ടത്. തന്നെ തിരിച്ചറിയാനും സമൂഹത്തെ മാറ്റിത്തീര്‍ക്കാനും കഴിയുന്നതാണ് വിമോചനാത്മകമായ വിദ്യാഭ്യാസം.

ജാതി ഇല്ലാതാക്കാനായി രൂപം നല്‍കിയ ജാത് പാത് തോടക് മണ്ടല്‍ എന്ന ഹിന്ദു സംഘടന 1936ല്‍ ഡോ. ബി ആര്‍ അംബേദ്കറിനെ ഒരു പ്രസംഗത്തിനായി ക്ഷണിക്കുകയുണ്ടായി. അംബേദ്കറിന്റെ പ്രസംഗത്തിന്റെ ലിഖിത രൂപം ലഭിച്ചപ്പോള്‍ സംഘാടകര്‍ ക്ഷണം പിന്‍വലിച്ചു. അംബേദ്കര്‍ പ്രസ്തുത പ്രസംഗം ലേഖനരൂപത്തിലാക്കി സ്വന്തം നിലയില്‍ അച്ചടിച്ച് വിതരണം ചെയ്തു. നിരവധി ഭാഷകളിലേക്ക് ഭാഷാന്തരം ചെയ്യപ്പെട്ട കീഴാള, ദളിത് ജനവിഭാഗങ്ങള്‍ക്കിടയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ‘അനൈഹിലേഷന്‍ ഓഫ് കാസ്റ്റ്’ എന്ന ലഘുപുസ്തകത്തിന്റെ ഉദയം അങ്ങനെയായിരുന്നു. കീഴാള സമൂഹം അനുഭവിക്കുന്ന പ്രശ്‌നങ്ങളും പീഡനങ്ങളും എണ്ണിപ്പറയുന്ന കൃതിയില്‍ കീഴാള ജ്ഞാനബോധത്തിലൂന്നിയ പരിഹാരങ്ങളും അദ്ദേഹം നിര്‍ദ്ദേശിക്കുന്നുണ്ട്. കേരള തിയ്യ യൂത്ത് ലീഗ് ‘അവര്‍ണര്‍ക്ക് നല്ലത് ഇസ്‌ലാം’ എന്ന തലക്കെട്ടില്‍ ഒരു ലഘുപുസ്തകം പുറത്തിറക്കുന്നതിലേക്ക് നയിച്ചതും ജ്ഞാന വിമോചനത്തിന്റെ പാഠങ്ങളാണ്. സ്വത്വത്തെ തേടുന്ന പ്രക്രിയ കൂടിയാണ് വിദ്യാഭ്യാസം. സ്വത്വത്തെ തിരിച്ചറിയുമ്പോഴാണ് ദൈവത്തെ തിരിച്ചറിയുകയെന്ന് പ്രവാചകന്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്വത്വത്തെ ഗ്രഹിക്കാതെ പ്രപഞ്ചത്തെ ഗ്രഹിക്കാനാവില്ലെന്ന് സോക്രട്ടീസ് പറഞ്ഞിട്ടുണ്ട്. ആശയപരമായ വിജ്ഞാനം സ്വത്വത്തിന് ആത്മീയവും ധൈഷണികവുമായ വികാസമാണ് ഉറപ്പുവരുത്തുന്നത്.ഭരണഘടന മുന്നോട്ടുവെക്കുന്ന അവസര സമത്വത്തിലും സാമൂഹിക നീതിയിലും അധിഷ്ഠിതമായ ഒരു വിദ്യാഭ്യാസ നയമല്ല ഇന്ന് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നത്. ഒരു സര്‍ക്കാര്‍ രേഖയായി പുറത്തു വന്നിരിക്കുന്ന പുതിയ വിദ്യാഭ്യാസ നയം പാര്‍ലമെന്റില്‍ അവതരിപ്പിച്ചിട്ടില്ല. ആദിവാസി, ദലിത്, മുസ്‌ലിം ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസ അവകാശത്തിനുള്ള ഭരണഘടനാവകാശത്തെ പൂര്‍ണമായും റദ്ദാക്കുന്ന ഒരു നയരേഖയാണിത് എന്ന് മനസ്സിലാക്കാന്‍ കഴിയും. അധിപത്യത്തിനുള്ള ആയുധമാക്കിയാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ വിജ്ഞാനത്തെ പ്രയോഗിക്കുന്നത്.ഈ രാജ്യത്ത് ജീവിക്കുകയും, അതിജീവിക്കുകയും ചെയ്യുക എന്നതിനൊപ്പം പ്രസക്തമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എന്‍്‌റോള്‍ ചെയ്യുക എന്നുള്ളത്. പ്രതിസന്ധികളെ അതിജീവിച്ച് മുസ്‌ലിം പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഗുണപരമായി മുന്നേറുന്നതിനെ ചെറുക്കാനാണ് ഹിജാബ് വിവാദം ഉള്‍പ്പെടെ ഉയര്‍ത്തിക്കൊണ്ടു വന്നിരിക്കുന്നത്. ഭയചകിതരായി പിന്തിരിഞ്ഞു പോയാല്‍ നഷ്ടപ്പെടുന്നത് ഒരു ജനതയുടെ ഭാവിയാണ്. സംഘടിതരായി രാഷ്ട്രീയശക്തിയായി നിലനിന്ന് അതിജീവിക്കുകയും, വിമോചിതരാകുകയും ചെയ്യുക എന്നതാണ് മുന്നിലുള്ള ഏക വഴി. ആ വഴിയെ കുറിച്ചുള്ള സംവാദങ്ങള്‍ക്ക് ശക്തിപകരുകയാണ് ‘വിദ്യാഭ്യാസം, വിമോചനം, ശാക്തീകരണം’ എന്ന മുദ്രാവാക്യത്തിലൂടെ എം എസ് എഫ് നിര്‍വഹിക്കുന്നത്.

(എം.എസ്.എഫ് ദേശീയ പ്രസിഡണ്ടാണ് ലേഖകന്‍)

 

Test User: