X

മഹല്ല് ശാക്തീകരണത്തിന്റെ പ്രസക്തി-യു. മുഹമ്മദ് ഷാഫി

കേരളീയ മുസ്‌ലിം സമാജത്തിന്റെ അടിസ്ഥാന ഏകകങ്ങളാണ് മഹല്ലുകള്‍. മുസ്‌ലിംകളുടെ സാമൂഹിക ഘടനയില്‍ മഹല്ലുകള്‍ക്ക് അതിപ്രാധാന്യമുണ്ട്. വിശുദ്ധ ഖുര്‍ആന്‍ വിഭാവനം ചെയ്യുന്ന ഉത്തമ സമൂഹത്തിന്റെ സൃഷ്ടിപ്പില്‍ മഹല്ലുകള്‍ക്ക് നിര്‍ണായക പങ്കാളിത്തം വഹിക്കാനാകുമെന്നും മഹല്ല് ശാക്തീകരണത്തിലൂടെ സാമുദായിക ശാക്തീകരണം സാധ്യമാകുമെന്നുമുള്ള തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് കീഴില്‍ മഹല്ലുകളുടെ കൂട്ടായ്മയായി സുന്നീ മഹല്ല് ഫെഡറേഷന്‍ രൂപം കൊള്ളുന്നത്. മഹല്ലുകളുടെ ജാഗരണത്തിനായി നിരവധി കാലികങ്ങളായ പ്രവര്‍ത്തനങ്ങളും പദ്ധതികളും സംഘടന വിഭാവനം ചെയ്ത് നടപ്പിലാക്കുന്നുണ്ട്. അവയില്‍ ഏറ്റവും ജനകീയവും ശ്രദ്ധേയവുമായ പദ്ധതിയാണ് എസ്.എം.എഫ് ഇസ്‌ലാമിക് പ്രീ മാരിറ്റല്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്.

കല്യാണ പ്രായമെത്തിയ യുവതീയുവാക്കള്‍ക്ക് വിവാഹത്തെക്കുറിച്ചും വൈവാഹിക ജീവിതത്തെക്കുറിച്ചും ഫാമിലി മാനേജ്‌മെന്റിനെക്കുറിച്ചുമെല്ലാം കൃത്യമായ ബോധവും ബോധ്യവും പ്രദാനം ചെയ്ത് സന്തുഷ്ടവും സംതൃപ്തവുമായ കുടുംബ ജീവിതത്തിലേക്ക് അവരെ നയിക്കുകയാണ് കോഴ്‌സിന്റെ ലക്ഷ്യം. കുടുംബ പ്രശ്‌നങ്ങളും ദാമ്പത്യത്തകര്‍ച്ചകളും നിത്യസംഭവങ്ങളായി മാറുന്ന കാലത്ത് അതിനെതിരെയുള്ള പ്രതിരോധമാണ് ഈ കോഴ്‌സ്. വിവാഹം സ്വര്‍ഗത്തില്‍ നടക്കുന്നു എന്നാണ് പറയാറ്. എന്നാല്‍ പല വിവാഹ ബന്ധങ്ങളും പരാജയത്തില്‍ കലാശിക്കുന്നു. ഇന്ത്യയിലേറ്റവും കൂടുതല്‍ വിവാഹമോചനങ്ങള്‍ നടക്കുന്ന സംസ്ഥാനങ്ങളിലൊന്ന് നമ്മുടെ കേരളമാണ്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ‘ടൈംസ് ഓഫ് ഇന്ത്യ’ കേരളത്തെ വിശേഷിപ്പിച്ചത് ‘ഇന്ത്യയിലെ വിവാഹമോചനങ്ങളുടെ തലസ്ഥാനം ‘എന്നാണ്. പുതിയ കാലത്ത്, നമ്മുടെ മഹല്ലുകള്‍ നേരിടുന്ന വലിയ പ്രതിസന്ധികളിലൊന്നും ഇത് തന്നെ. കുടുംബ പ്രശ്‌നങ്ങള്‍ നാടിന്റെ പ്രശ്‌നമായി വളരുന്നതും രണ്ട് മഹല്ലുകള്‍ തമ്മിലുള്ള വിഷയമായി മാറുന്നതുമൊക്കെ സാധാരണമായിത്തീര്‍ന്നിട്ടുണ്ട്. വിവാഹം, ദാമ്പത്യ ജീവിതം, കുടുംബത്തിന്റെ മാനേജ്‌മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ കൃത്യമായ ധാരണയില്ലാത്തതാണ് പലപ്പോഴും ദാമ്പത്യത്തകര്‍ച്ചയിലേക്കും കുടുംബ പ്രശ്‌നങ്ങളിലേക്കും നയിക്കുന്നത്. നിസാരമായ കാരണങ്ങളുടെ പേരിലാണ് ഏറ്റവും സുദൃഢമായ കരാറിലൂടെ ഒന്നായി മാറിയ പല ഇണകളും വഴി പിരിയുന്നത്. വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് തന്നെ ഈ വിഷയങ്ങളില്‍ ബോധ്യമുണ്ടാക്കുകയാണ് ഒരു പരിധി വരെ ഇതിനുളള പരിഹാരം.

വര്‍ധിച്ച് വരുന്ന കുടുംബ പ്രശ്‌നങ്ങളെ പ്രതിരോധിക്കാന്‍ പ്രീ മാരിറ്റല്‍ കൗണ്‍സിലിങ്ങുകളും കോഴ്‌സുകളും നിര്‍ബന്ധമാക്കണമെന്ന് കേരള സംസ്ഥാന വനിതാ കമ്മീഷന്‍ ശുപാര്‍ശ ചെയ്തത് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ്. സര്‍ക്കാര്‍ ഏജന്‍സികള്‍ ആ വഴിക്ക് ചിന്തിച്ച് തുടങ്ങിയിട്ടുണ്ട്. എന്നാല്‍, സുന്നീ മഹല്ല് ഫെഡറേഷന്‍ വര്‍ഷങ്ങളായി പ്രീ മാരിറ്റല്‍ കോഴ്‌സ് നടത്തി വരുന്നുണ്ട്. പതിനായിരക്കണക്കിന് യുവതീയുവാക്കള്‍ ഇതിനോടകം കോഴ്‌സിന്റെ ഗുണഭോക്താക്കളായിട്ടുണ്ട്. വിവാഹത്തെക്കുറിച്ചും വൈവാഹിക ജീവിതത്തെക്കുറിച്ചും ഇസ്‌ലാമികവും മന:ശാസ്ത്രപരവുമായ അറിവുകള്‍ കോര്‍ത്തിണക്കി തയ്യാറാക്കിയ ശാസ്ത്രീയമായ പാഠ്യ പദ്ധതി അനുസരിച്ചാണ് കോഴ്‌സ് നടത്തുന്നത്. നിരന്തര പരിശീലനം ലഭിച്ച നൂറുക്കണക്കിന് ആര്‍.പിമാരുടെ നേതൃത്വത്തിലാണ് മഹല്ലുകള്‍ കേന്ദ്രീകരിച്ച് കോഴ്‌സ് സംഘടിപ്പിക്കുന്നത്.പ്രസ്തുത കോഴ്‌സ് കൂടുതല്‍ ജനകീയമാക്കേണ്ടത് കാലത്തിന്റെ അനിവാര്യതയാണെന്ന് എസ്.എം.എഫ് തിരിച്ചറിയുന്നു. അതിന്റെ ഭാഗമായി ത്രിതല സംവിധാനത്തിലേക്ക് കോഴ്‌സ് മാറുകയാണ്. മഹല്ലുകള്‍ കേന്ദ്രീകരിച്ചുള്ള ഓഫ് ലൈന്‍ ക്ലാസുകള്‍ക്ക് പുറമേ പ്രവാസികള്‍ക്കും മറ്റും ഉപയോഗപ്പെടുത്താവുന്ന രീതിയില്‍ ഓണ്‍ ലൈന്‍ ക്ലാസുകളും ഇനി സജീവമാകും. ഒപ്പം, കോഴ്‌സിനായി സംവിധാനിച്ചിട്ടുള്ള വെബ് ആപ്പിന്റെ സംസ്ഥാനതല ലോഞ്ചിങ് ഇന്ന് വൈകിട്ട് വയനാട് ജില്ലയിലെ കല്‍പറ്റയില്‍ വെച്ച് നടക്കുകയാണ്. കോഴ്‌സ് പൂര്‍ത്തിയാക്കിയ പഠിതാക്കള്‍ക്ക് അവരുടെ ദാമ്പത്യ ജീവിതത്തിലുടനീളം ഉപകാരപ്പെടുന്ന രീതിയില്‍ തയ്യാറാക്കപ്പെട്ടിട്ടുള്ള ‘ലൈറ്റ് ഓഫ് ലൈഫ്’ പ്രീ മാരിറ്റല്‍ ഗൈഡിന്റെ പ്രകാശനവും നടക്കും.

നമ്മുടെ മഹല്ലുകളില്‍ വൈവാഹിക ജീവിതത്തിലേക്ക് കടക്കുന്ന എല്ലാവര്‍ക്കും ലഭ്യമാക്കണമെന്ന ലക്ഷ്യത്തോടെയാണ് വിപുലമായ സംവിധാനങ്ങളോടെ ഈ കോഴ്‌സ് സജീവമാക്കുന്നത്. വിവാഹത്തിന്റെ മുന്നൊരുക്കങ്ങള്‍ മുതല്‍ ദാമ്പത്യ ജീവിതത്തിലുടനീളം ഫലപ്രദമാകുന്ന വിഷയങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയിട്ടുള്ള 40 മിനുട്ട് ദൈര്‍ഘ്യമുള്ള 4 റെക്കോര്‍ഡഡ് സെഷനുകളാണ് ഇന്ന് ലോഞ്ച് ചെയ്യപ്പെടുന്ന വെബ് ആപ്പില്‍ ലഭ്യമാവുക. ഇതിന് പുറമേ, ഓഫ് ലൈന്‍, ഓണ്‍ലൈന്‍ ക്ലാസുകള്‍ കൂടി സജ്ജമാകുന്നതോടെ മഹല്ലുകളില്‍ നികാഹ് ചെയ്ത് നല്‍കപ്പെടുന്ന എല്ലാവരും ഈ കോഴ്‌സിന്റെ ഭാഗമാകണമെന്ന നിര്‍ബന്ധ ബുദ്ധിയിലേക്കെത്താന്‍ മഹല്ല് ഭാരവാഹികള്‍ക്ക് കഴിയും.

ഈ കോഴ്‌സിനോടൊപ്പം തന്നെ, പ്രീ മാരിറ്റല്‍, പോസ്റ്റ് മാരിറ്റല്‍ കൗണ്‍സിലിങ്ങുകള്‍, ഫാമിലി കൗണ്‍സിലിങ് തുടങ്ങിയ പദ്ധതികളും എസ്.എം.എഫ് വിഭാവനം ചെയ്യുന്നുണ്ട്. ഈ പദ്ധതികളുടെയെല്ലാം നോഡല്‍ സെന്ററായി മാറേണ്ട എസ്.എം.എഫ് കമ്മ്യൂണിറ്റി സെന്ററുകള്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ മഹല്ലുകളില്‍ വലിയ മാറ്റങ്ങള്‍ സാധ്യമാകും. എസ്.എം.എഫ് സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ പ്രഗല്‍ഭരായ അക്കാദമീഷ്യന്‍മാരും മന:ശാസ്ത്ര പണ്ഡിതരും വിദ്യാഭ്യാസ പ്രവര്‍ത്തകരുമെല്ലാം അടങ്ങുന്ന ‘അക്കാദമിക് വിങ്ങാ’ണ് ഈ പദ്ധതികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. നമ്മുടെ മഹല്ലുകള്‍ മാറണം. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആശയാദര്‍ശങ്ങളിലും പാരമ്പര്യ വഴികളിലും അടിയുറച്ച് നിന്ന് കൊണ്ട് തന്നെ കാലികമായ മഹല്ലുകളെ പരിവര്‍ത്തിപ്പിക്കാനും നവജാഗരണം സാധ്യമാക്കാനുമുള്ള നിരവധി പദ്ധതികളും പ്രവര്‍ത്തനങ്ങളുമായി എസ്.എം.എഫ് മുന്നോട്ട് പോവുകയാണ്. ഈ പ്രയാണത്തിലെ നിര്‍ണായകമായൊരു നാഴികക്കല്ലാവുന്ന ചടങ്ങാണ് ഇന്ന് കല്‍പറ്റയില്‍ നടക്കുന്നത്. അതോടൊപ്പം, ‘ഇത്തിഹാദ് 2.0’ എന്ന പേരില്‍ ഇന്നും നാളെയുമായി വയനാട് വെച്ച് തന്നെ നടക്കുന്ന എസ്.എം.എഫ് ജംഇയ്യത്തുല്‍ ഖുത്വബാ സംസ്ഥാന നേതൃസംഗമവും ഈ മുന്നേറ്റത്തിന് കൂടുതല്‍ ഗതിവേഗം പകരും.

(എസ്.എം.എഫ് സംസ്ഥാന ജനറല്‍
സെക്രട്ടറിയാണ് ലേഖകന്‍)

Chandrika Web: