കൊച്ചി: രണ്ടു പതിറ്റാണ്ടു നീണ്ട ബന്ധം അവസാനിപ്പിച്ച് സൂപ്പര്‍ താരം ലയണല്‍ മെസ്സി ബാഴ്‌സലോണ വിടുന്നതാണ് ഇപ്പോള്‍ കായിക ലോകത്തെ വാര്‍ത്ത. മെസ്സിയുടെ റിലീസിങ് ക്ലോസാണ് താരത്തിന്റെ കൂടുമാറ്റം യാഥാര്‍ത്ഥ്യമാകാത്തതിനു പിന്നിലെ വില്ലന്‍. 70 കോടി യൂറോ (6100 കോടി രൂപ) ബാഴ്‌സയ്ക്കു നല്‍കുന്നവര്‍ക്കേ മെസ്സിയെ സ്വന്തമാക്കാന്‍ ആകൂ എന്നതാണ് കരാര്‍. ഇത്രയും വലിയ തുക കൊടുത്ത് മെസ്സിയെ സ്വന്തമാക്കാനുള്ള ശേഷി ചുരുക്കം ചില ക്ലബുകള്‍ക്കേ ലോകത്തുള്ളൂ.
മെസ്സിയുടെ കഥയിതാണ് എങ്കില്‍, ഇന്ത്യയിലും ചില താരങ്ങള്‍ക്കും ക്ലബുകള്‍ റിലീസിങ് ക്ലോസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏറ്റവും വലിയ റിലീസിങ് ക്ലോസ് ഒരു മലയാളി താരത്തിനാണ് എന്നതാണ് ഏറെ കൗതുകകരം. കേരള ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി സൂപ്പര്‍ താരം സഹല്‍ അബ്ദുല്‍ സമദിനാണ് രാജ്യത്തെ ഏറ്റവും വലിയ റിലീസിങ് ക്ലോസുള്ളത് എന്നാണ് റിപ്പോര്‍ട്ട്.
12 കോടി രൂപയുടേതാണ് കരാര്‍. ഈയിടെ ഒപ്പിട്ട പുതിയ കരാറിലാണ് ഇത്രയും വലിയ തുക റിലീസിങ് ക്ലോസായി നിശ്ചയിച്ചത്. 2025 വരെയാണ് സഹലിന് ബ്ലാസ്‌റ്റേഴ്‌സുമായി കരാര്‍ ഉള്ളത്. അതിനിടെ സഹലിനെ സ്വന്തമാക്കണമെങ്കില്‍ ബ്ലാസ്‌റ്റേഴ്‌സിന് 12 കോടി രൂപ നല്‍കണമെന്ന് ചുരുക്കം. റിലീസിങ് ക്ലോസിന്‍റെ കാര്യത്തില്‍ ക്ലബിന്‍റെയോ താരത്തിന്‍റെയോ പക്കല്‍ നിന്ന് ഔദ്യോഗിക വിശദീകരണങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല.
റിലീസിങ് ക്ലോസ് തുക വലുതാകുന്നതിന് ഒപ്പം താരത്തിന്റെ പ്രതിഫലവും കൂടും. ഒരു സീസണില്‍ ഏകദേശം ഒരു കോടിക്ക് മുകളിലാണ് സഹലിന്റെ പ്രതിഫലം.