കൊച്ചി: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനവുമായി ബന്ധപ്പെട്ട് അമ്മ പ്രേമകുമാരി ഇന്ന് പുലർച്ചെ യെമനിലേക്ക് തിരിച്ചു. സേവ് നിമിഷപ്രിയ ഇൻ്റർനാഷണൽ ആക്ഷൻ കൗൺസിൽ അംഗം സാമുവൽ ജെറോമും ഒപ്പമുണ്ട്.
കൊച്ചിയില്‍ നിന്ന് പുലര്‍ച്ചെ 5.30 ടെയാണ് ഇവര്‍ യാത്ര തിരിച്ചത്. മുംബൈയിലെത്തുന്ന ഇവര്‍ ഇവിടെനിന്ന് വൈകിട്ട് 5ന് യെമനിയ എയര്‍വേസിന്റെ വിമാനത്തില്‍ ഏദനിലേക്ക് പോകും. സാധാരണ സര്‍വീസ് നടത്തുന്ന വിമാനമല്ല ഇത്. യെമനി പൗരന്മാര്‍ ചികിത്സാര്‍ഥവും മറ്റും എത്തുന്ന വിമാനം തിരികെ പോകുമ്പോഴാണ് യാത്രയ്ക്ക് സൗകര്യം ലഭിക്കുക.
ശിക്ഷയില്‍ ഇളവു നല്‍കണമെന്ന നിമിഷപ്രിയയുടെ ആവശ്യം നേരത്തെ യെമന്‍ കോടതി തള്ളിയിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീല്‍ യെമന്‍ സുപ്രീം കോടതിയും തള്ളിയിരുന്നു. ശരിയത്ത് നിയമപ്രകാരമുള്ള ദിയാധനം കൊല്ലപ്പെട്ട തലാല്‍ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാല്‍ ശിക്ഷയില്‍ ഇളവ് ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് നിമിഷപ്രിയയുടെ കുടുംബത്തിന്റെ വാദം.