X

ഇ.ഡി കേസില്‍ മോചനം വൈകുന്നു; സിദ്ദീഖ് കാപ്പന്‍ ജയിലില്‍ തന്നെ

ലക്‌നോ: യു.എ.പി.എ ചുമത്തി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ജയിലില്‍ അടച്ച മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ജയില്‍ മോചനം വൈകുമെന്ന് ജയില്‍ അധികൃതര്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസ് കൂടി കാപ്പന്റെ പേരില്‍ നിലനില്‍ക്കുന്നതിനാലാണ് ഇതെന്നും ജയില്‍ അധികൃതര്‍ വ്യക്തമാക്കി.

സിദ്ദീഖ് കാപ്പന് ജാമ്യം അനുവദിക്കാന്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. മൂന്നു ദിവസത്തിനകം വിചാരണക്കോടതിയോട് ഹര്‍ജി പരിഗണിച്ച് ജാമ്യം അനുവദിക്കാനായിരുന്നു ഉത്തരവ്. ഇതു പ്രകാരം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് അനുരോധ് മിശ്ര തിങ്കളാഴ്ച ഹര്‍ജി പരിഗണിക്കുകയും കാപ്പന് ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. ഒരു ലക്ഷം രൂപ സ്വന്തം ജാമ്യത്തിലും തുല്യ തുകക്കുള്ള രണ്ട് ആള്‍ ജാമ്യത്തിലും കാപ്പനെ വിട്ടയക്കാമെന്നായിരുന്നു കോടതി ഉത്തരവ്.

കോടതി ഉത്തരവ് ഹാജരാക്കിയെങ്കിലും ഇ.ഡി കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ വിട്ടയക്കാനാവില്ലെന്ന് ജയില്‍ ഡി.ജി.പിയുടെ പി.ആര്‍.ഒ സന്തോഷ് വര്‍മ്മ വ്യക്തമാക്കി. ഹാഥ്‌റസില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനുള്ള യാത്രക്കിടെ രണ്ടു വര്‍ഷം മുമ്പാണ് മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ യു.പി പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. ഇ.ഡി കേസില്‍ ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കാന്‍ കാപ്പന് സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു. അതേസമയം ഉടന്‍ മോചനത്തിനുള്ള തുടര്‍ നടപടി സ്വീകരിക്കുമെന്ന് അഭിഭാഷകന്‍ പറഞ്ഞു.

Test User: