X

ഹരിപ്പാട് പേവിഷബാധയേറ്റ് മരിച്ച എട്ട് വയസുകാരന് ചികിത്സ നിഷേധിച്ചെന്ന് ബന്ധുക്കള്‍

ആലപ്പുഴ: ഹരിപ്പാട് പള്ളിപ്പാട് പേവിഷ ബാധയേറ്റ് എട്ട് വയസുകാരന്‍ മരിച്ചതില്‍ ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം. കുട്ടിയെ വേണ്ട രീതിയില്‍ പരിശോധിച്ചില്ലെന്നും വാക്‌സിനെടക്കാന്‍ നിര്‍ദേശിച്ചില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. പള്ളിപ്പാട് കാഞ്ഞിരംപറമ്പത്ത് ദീപുവിന്റെ മകന്‍ ദേവനാരായണന്‍ ആയിരുന്നു പേവിഷബാധയേറ്റ് മരിച്ചത്.

നായ ആക്രമിച്ചുവെന്ന് പറഞ്ഞിട്ടും കുത്തിവെപ്പ് എടുത്തില്ല. ഡോക്ടർമാർ ഗുരുതര അനാസ്ഥ കാണിച്ചെന്നും കുടുംബം ആരോപിച്ചു. ഇന്നലെയാണ് പേവിഷ ബാധിച്ച എട്ടു വയസുകാരൻ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ മരിച്ചത്. പേവിഷബാധ മൂർച്ഛിച്ചായിരുന്നു മരണം.

കഴിഞ്ഞമാസം കുട്ടിയെ നായ ആക്രമിച്ചിരുന്നെങ്കിലും വീണു പരിക്കേറ്റതാണെന്ന സംശയത്തില്‍ വാക്സീന്‍ എടുത്തിരുന്നില്ല. നായ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ നായയോടൊപ്പം കുട്ടി ഓടയില് വീണിരുന്നു. ആശുപത്രിയില്‍ എത്തിച്ച കുട്ടിക്ക് വീണ് പരിക്കേറ്റതിനാണ് ചികിത്സ നല്‍കിയതെന്ന് ബന്ധുക്കള്‍ പറയുന്നു. ഒയിന്റ്‌മെന്റും മരുന്നുകളുമാണ് നല്‍കിയതെന്നും ഇവര്‍ പ്രതികരിച്ചു.

ഇതിനിടെ പേവിഷബാധയേറ്റ് പ്രദേശത്ത് ഒരു പശു ചത്തിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കുട്ടിക്കും പേവിഷബാധയേറ്റിട്ടുണ്ടാകുമെന്ന് കുടുംബം ചൂണ്ടിക്കാണ്ടിയിട്ടും ആശുപത്രി അധികൃതർ ചികിത്സ നിഷേധിച്ചെന്നാണ് ആരോപണം. എന്നാൽ നായ ആക്രമിച്ചെന്ന കാര്യം കുടുംബം പറഞ്ഞിട്ടില്ലെന്നും വീണു പരിക്കേറ്റു എന്നാണ് പറഞ്ഞതെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവത്തിൽ നിയമനടപടിക്കൊരുങ്ങുകയാണെന്ന് കുടുംബം അറിയിച്ചു.

webdesk14: