കോഴിക്കോട് : ബന്ധുനിയമനം നടത്തിയ മുന്‍ ഉന്നത വിദ്യഭ്യാസ മന്ത്രി കെ.ടി ജലീലിനെതിരെ പ്രതിഷേധിച്ച എം.എസ്എഫ് നേതാക്കളെ കോടതി വെറുതെ വിട്ടു. മുന്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂര്‍, മുന്‍ ജനറല്‍ സെക്രട്ടറി എം.പി നവാസ് ഉള്‍പ്പെടെ ഇരുപത് എം.എസ്.എഫ് നേതാക്കളെയാണ് മാറാട് സെഷന്‍സ് കോടതി കുറ്റവിമുക്തരാക്കിയത്.
ഉന്നത വിദ്യഭ്യാസ മന്ത്രിയായിരുന്ന കാലത്ത് കെ.ടി ജലീല്‍ നടത്തിയ ബന്ധുനിയമനത്തിനെ തുടര്‍ന്ന് എം.എസ്എഫ് സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി കോഴിക്കോട് കലക്ട്രേറ്റിലെ പ്രതിഷേധത്തിനിടെയാണ് എം.എസ്.എഫ് നേതാക്കളെ അറസ്റ്റ് ചെയ്തത്. പൊലീസിനെ മാരാകായുധങ്ങള്‍ ഉപയോഗിച്ച് അക്രമിച്ചു, പൊലീസിനെ കൃത്യനിര്‍വഹണത്തില്‍ നിന്ന് തടഞ്ഞു തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് അറസ്റ്റ് ചെയ്ത നേതാക്കളെ പത്ത് ദിവസം ജയിലിലടക്കുകയും ചെയ്തു. 2018 നവംബര്‍ 15 നായിരുന്നു കേസിന്നാസ്പദമായ സംഭവം. ബന്ധുനിയമന സംഭവത്തെ തുടര്‍ന്ന് ഉയര്‍ന്ന വ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്ന് കെ.ടി ജലീല്‍ മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. എം.എസ്.എഫ് നേതാക്കള്‍ക്ക് വേണ്ടി അഡ്വ കെ.ടി ജാസിം ഹാജരായി.