X

ബന്ധങ്ങള്‍ ബാധ്യതകള്‍

റാശിദ് ഗസ്സാലി

പടച്ചവനോടുള്ള വിശ്വാസികളുടെ കടമയാണ് ആരാധന (ഇബാദത്) എങ്കില്‍ പടപ്പുകളോടുള്ള അവന്റെ ബാധ്യതയാണ് വ്യവഹാരങ്ങള്‍ (മുആമലാത്ത്) നന്നാവുകയെന്നത്. ആത്യന്തിക വിജയം കൈവരിക്കാന്‍ രണ്ടും ഒരുപോലെ പ്രധാനമാണ്. വിശുദ്ധ റമസാന്‍ നമ്മെ ചിട്ടപ്പെടുത്തുന്നത് ഇവ രണ്ടും മെച്ചപ്പെടുത്തുക വഴി ജീവിതം അര്‍ഥപൂര്‍ണമാക്കാനാണ്. ബന്ധങ്ങളോടുള്ള നീതിയാണ് ഉറപ്പ്‌വരുത്തേണ്ടത്. വ്രത നാളുകളില്‍ സകല മനുഷ്യരോടും പൊറുക്കാനും പ്രാര്‍ഥിക്കാനും ആവശ്യപ്പെടുമ്പോഴും നിത്യേന ഇടപഴകുന്ന ഭാര്യ ഭര്‍ത്താക്കന്മാര്‍ക്കിടയില്‍, മാതാപിതാക്കള്‍ മക്കള്‍ക്കിടയില്‍ സഹോദരീ സഹോദരങ്ങള്‍ തമ്മില്‍ അയല്‍പക്കങ്ങളിലും അടുത്ത ചങ്ങാതിമാര്‍ തമ്മിലൊക്കെ ഇത്‌പോലെ തുറന്നു പങ്കുവെക്കാറുണ്ടോ എന്ന് വിലയിരുത്തേണ്ടിയിരിക്കുന്നു. ഏറ്റവും കൂടുതല്‍ ഇടപെഴകുന്നവോരോടല്ലേ ഏറ്റവും ആദ്യം പൊറുക്കാനും മറക്കാനും ആവശ്യപ്പെടേണ്ടത്.

പ്രവാചകരോട് ഒരിക്കല്‍ ചോദിച്ചു, ആരാണ് നമുക്കിടയിലെ മാന്യന്‍. തിരുമേനി അരുളി: ‘ആരാണോ തന്റെ കുടുംബത്തോടെ മാന്യത പുലര്‍ത്തുകയും നന്മ കാണിക്കുകയും ചെയ്യുന്നത് അവനാണ് ഏറ്റവും നല്ല മനുഷ്യന്‍’. കുടുംബകാര്യങ്ങളില്‍ വീഴ്ച വരുത്തി കൂട്ടുകൂടി ആഘോഷിക്കുന്ന പലരും നമുക്കിടയിലുണ്ട്. അവര്‍ വീട്ടിനകത്ത് പ്രത്യേക പ്രകൃതക്കാരാണ്, പുറത്താവട്ടെ വലിയ ഉപകാരിയും തമാശക്കാരനും വേണ്ടപ്പെട്ടവനുമൊക്കെയാണ്. നിറവും നന്മയും ആവോളം നുകരേണ്ടതും നിര്‍വൃതി അടയേണ്ടതും കുടുംബം തന്നെയാണ്. നിന്റെ മാതാപിതാക്കള്‍ക്കും അടുത്ത രക്തബന്ധുക്കള്‍ക്കും നല്‍കുന്ന ദാനവും കാരുണ്യവുമാണ് അല്ലാഹുവിനു ഏറ്റവും പ്രിയപ്പെട്ടത്. പിന്നീട് അകന്ന ബന്ധുക്കള്‍, അയല്‍പക്കം നാട്ടുകാര്‍ അങ്ങനെ സ്വന്തം ചുറ്റുവട്ടങ്ങളില്‍ നന്മയുടെ വസന്തം തീര്‍ക്കുന്നവനാവണം യഥാര്‍ഥ വിശ്വാസി.

ബന്ധുക്കളെ സന്ദര്‍ശിക്കുകയും രോഗികളെ പരിചരിക്കുകയും ജനാസയെ പിന്തുടരുകയും അവശരെ സഹായിക്കുകയും ചെയ്യുന്നതിനേക്കാള്‍ പുണ്യമേറിയത് എന്തുണ്ട് ഈ ഭൂമിയില്‍. അത്‌കൊണ്ട് തന്നെയാണ് കുടുംബ ബന്ധം ചേര്‍ത്തവന്‍ അല്ലാഹുവിനും പ്രവാചകനും ഏറ്റവും പ്രിയപ്പെട്ടവനും അത് മുറിച്ച് കളയുന്നവന്‍ അവരുടെ കോപം ഏറ്റുവാങ്ങുന്നവരുമാണെന്ന് പ്രവാചകര്‍ പങ്കുവെക്കുന്നത്.നിര്‍ബന്ധ ദാനവും ധര്‍മവും ഫിത്ര്‍ സകാത്തുപോലും അര്‍ഹരായ തന്റെ കുടുംബത്തിന് ആദ്യം പങ്കുവെക്കുന്നിടത്താണ് ശരിയായ പുണ്യം കരഗതമാകുക. സ്‌നേഹബന്ധങ്ങള്‍ ശിഥിലമാകുന്ന വര്‍ത്തമാന കാലത്ത് കാരുണ്യവും സ്‌നേഹവും അലിവും ആര്‍ദ്രതയും കൈമുതലാക്കി ഊഷ്മളമായ ബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ സദാ ജാഗ്രത കാണിക്കുന്നവരാകണം നാം.

നിസ്സാര കാരണങ്ങള്‍ക്ക് പിണങ്ങി കഴിയുന്നവര്‍, നിരന്തരം ദ്രോഹിക്കുന്നവര്‍ തെറ്റിദ്ധാരണകള്‍ പ്രചരിപ്പിച്ച് വേദനിപ്പിക്കുന്നവര്‍ എല്ലാം സര്‍വശക്തന്റെ സകല അനുഗ്രഹങ്ങളില്‍ നിന്നും അന്യമായിരിക്കുമെന്ന് മാത്രമല്ല തിരുത്താതെ തുടരുന്നപക്ഷം ഇഹപര ലോകത്ത് കൊടിയനാശത്തിനെ വിളിച്ചുവരുത്തുകയും ചെയ്യും. പൊറുത്തും സ്‌നേഹിച്ചും വിട്ടുവീഴ്ച്ച ചെയ്തും പ്രാര്‍ഥനാപൂര്‍വം കെട്ടിപ്പടുക്കണം സ്വര്‍ഗത്തില്‍ ഒരുമിച്ചുകൂടാന്‍ നിമിത്തമാകുന്ന നല്ല കുടുംബങ്ങള്‍.

Chandrika Web: