ഉത്തരാഖണ്ഡിലെ ഒരു ഗ്രാമത്തില്‍ 19 യുവാക്കള്‍ക്ക് എയിഡ്‌സ് സ്ഥിരീകരിച്ചു. നൈനിറ്റാള്‍ ജില്ലയിലെ രാം നഗറിലാണ് സംഭവം. 17 കാരിയായ പെണ്‍കുട്ടിയുമായി ബന്ധമുണ്ടായിരുന്ന യുവാക്കള്‍ക്കാണ് കൂട്ടത്തോടെ എച്ച്‌ഐവി സ്ഥിരീകരിച്ചത്. പെണ്‍കുട്ടി മയക്കുമരുന്നിന് അടിമയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
ഇത് വളരെ ആശങ്കപ്പെടുത്തുന്ന സംഭവമാണെന്നും, എച്ച്‌ഐവി പടരുന്നത് തടയാന്‍ അടിയന്തര നടപടി സ്വീകരിച്ചു വരികയാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ ലഹരിയോടുള്ള അഡിക്ഷനാണ് നിര്‍ഭാഗ്യകരമായ സാഹചര്യം ഉണ്ടാക്കിയതെന്നും, ഇവര്‍ക്ക് കൗണ്‍സലിങ്ങും പിന്തുണയും നല്‍കി വരുന്നതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.
ഹെറോയിന് അടിമയായ പെണ്‍കുട്ടിയുമായി യുവാക്കള്‍ക്ക് ശാരീരിക ബന്ധമുണ്ടായിരുന്നു. അസുഖബാധിതരായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പരിശോധിച്ചപ്പോഴാണ് എയിഡ്‌സ് ബാധിതരാണെന്ന് കണ്ടെത്തിയത്. കഴിഞ്ഞ 17 മാസത്തിനിടെ, 45 പേര്‍ക്കാണ് രാംനഗറില്‍ എച്ച്‌ഐവി പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. പ്രദേശത്തെ എച്ച്‌ഐവി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കപ്പെടുത്തുന്നതാണെന്ന് നൈനിറ്റാള്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഹരീഷ് ചന്ദ്ര പന്ത് പറഞ്ഞു.