കോഴിക്കോട്: ‘ അണ്ണാദുരെയുടെ മരണത്തിന് ശേഷം എം.കരുണാനിധി മുഖ്യമന്ത്രിയായി. മുഖ്യമന്ത്രി കരുണാനിധി തന്റെ മന്ത്രിസഭയിലെ ഇന്‍ഫര്‍മേഷന്‍ മന്ത്രിയായിരുന്ന രാജാറാം മുഖേന എല്ലാ മന്ത്രിമാര്‍ക്കും ഒരു നിര്‍ദ്ദേശം അയച്ചു. പിറ്റേ ദിവസം പുതിയ മന്ത്രിമാരെല്ലാം ആദ്യമായി ഓഫീസുകളില്‍ ഹാജരാവുകയാണ്. എല്ലാ മന്ത്രിമാരും ഓഫീസുകളില്‍ പോകുന്നതിനു മുമ്പ് മുഖ്യമന്ത്രിയുടെ വീട്ടില്‍ എത്തിച്ചേരണം. മുഖ്യമന്ത്രിയും തന്റെ മന്ത്രിമാരും ഖാഇദേമില്ലത്തിന്റെ വീട്ടില്‍ പോയി അദ്ദേഹത്തെ കണ്ട് അനുഗ്രഹം വാങ്ങിയ ശേഷം മാത്രമേ ഓഫീസുകളില്‍ പോകാവൂ. ‘അണ്ണാദുരെ മരിച്ചു. ഇനി ഞങ്ങള്‍ക്ക് തലൈവര്‍ ഖാഇദേ മില്ലത്ത് ‘ഇതായിരുന്നു നിര്‍ദ്ദേശത്തിന്റെ രത്‌നച്ചുരുക്കം.
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം കരുണാധിയുടെ വസതിയില്‍ നിന്നും മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും അവരവരുടെ കാറുകളില്‍ ഖാഇദേമില്ലത്തിന്റെ വീട്ടിലേക്ക് പുറപ്പെട്ടു. ഖാഇദേമില്ലത്ത് തന്റെ ‘ദയാ മന്‍സിലില്‍ ‘ തന്റെ പഴയ ചാരുകസേരയില്‍ നേരിയ ബനിയനും ധരിച്ച് പത്രം വായിച്ചിരിക്കുകയായിരുന്നു. തന്റെ വീട്ടിന്റെ മുന്നില്‍ ഒരു കാര്‍ വന്നു നിന്നത് കണ്ടപ്പോള്‍ അദ്ദേഹം നോക്കി. സ്റ്റേറ്റ് കാറില്‍ നിന്നും മുഖ്യമന്ത്രി കരുണാനിധി ഇറങ്ങി വരുന്നു. തുടര്‍ച്ചയായി എത്തിക്കൊണ്ടിരിക്കുന്ന കാറുകളില്‍ നിന്നും മന്ത്രിമാര്‍ ഓരോരുത്തരായി ഇറങ്ങി കൂട്ടമായി അദ്ദേഹത്തിന്റെ മുന്നില്‍ എത്തി. ഇത്രയധികം ആളുകളെ ഒരുമിച്ചു കണ്ടപ്പോള്‍ ഖാഇദേമില്ലത്ത് അമ്പരന്നു. രാജാറാം ഇസ്മയില്‍ സാഹിബിനോട് കാര്യം പറഞ്ഞു.
ഉടനെ തന്റെ മുന്നിലുണ്ടായിരുന്ന ഒന്നു രണ്ട് കസേരകളില്‍ കരുണാനിധിയേയും മറ്റും പിടിച്ചിരുത്തി. മന്ത്രി രാജാറാമിനെ അകത്തേക്ക് വിളിച്ചു കൊണ്ടുപോയി ഇസ്മയില്‍ സാഹിബ് തെല്ല് ദേഷ്യത്തോടെ ശകാരിച്ചു. ‘താനെന്തൊരാള്. മുഖ്യമന്ത്രിയും മറ്റും വരുന്ന വിവരം നേരത്തെയൊന്ന് ഫോണ്‍ ചെയ്ത് പറഞ്ഞു കൂടെ? കുറച്ചു കസേരകളെങ്കിലും അടുത്ത വീട്ടില്‍ നിന്ന് വാങ്ങിക്കൊണ്ട് വരാമായിരുന്നല്ലോ. ഇരിക്കാന്‍ കസേരകളില്ല. കൊടുക്കാന്‍ ചായ പോലും തയ്യാറാക്കിയിട്ടില്ല.’ ഇത് കേട്ട് രാജാറാം പൊട്ടിച്ചിരിച്ചു.
രാജാറാമിന്റെ ചിരി കേട്ട് പുറത്തിരുന്ന കരുണാനിധി കാര്യം തിരക്കി.
രാജാറാം ഉച്ചത്തില്‍ പറഞ്ഞുവെത്രെ. ”തലൈവര്‍ കോപിക്കുന്നു. മുന്‍കൂട്ടി ഫോണ്‍ ചെയ്യാത്തത് കൊണ്ട് ഇരിക്കാന്‍ കസേരയില്ല. കൊടുക്കാന്‍ കാപ്പിയില്ല.’ ഇത് കേട്ട കരുണാനിധി ഉച്ചത്തില്‍ പറഞ്ഞു.
‘ തലൈവരെ, ഇരിക്കാനും കാപ്പി കുടിക്കാനുമൊന്നും വന്നവരല്ല ഞങ്ങള്‍. അനുഗ്രഹം വാങ്ങാന്‍ വന്നവരാണ്. ഞങ്ങളിന്ന് ആദ്യമായി ഓഫീസുകളില്‍ പോവുകയാണ്. ഞങ്ങള്‍ക്ക് അണ്ണായില്ല, തലൈവര്‍ മാത്രം.’