X
    Categories: Video Stories

കലൈഞ്ജറും ഖാഇദെമില്ലത്തും

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗുമായി എപ്പോഴും രാഷ്ട്രീയ സഖ്യത്തിന് ആഗ്രഹിച്ചിരുന്ന കലൈഞ്ജര്‍ കരുണാനിധി തമിഴകത്തെ മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിനും, സുരക്ഷിതത്വത്തിനും ബൃഹത്തായ പദ്ധതികളാണ് നടപ്പിലാക്കിയിരുന്നത്. പലപ്പോഴും കരുണാനിധിയുടെ പ്രഖ്യാപനങ്ങള്‍ വര്‍ഗീയ ശിഥിലീകരണങ്ങളുടെ രോഷപ്രകടനങ്ങള്‍ ക്ഷണിച്ചുവരുത്തി. ഇന്ത്യയില്‍ ആദ്യമായി ഉലമ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കിയത് കരുണാനിധിയായിരുന്നു. ഉറുദു ഭാഷ പാഠ വിഷയമാക്കിയതും കരുണാനിധിയുടെ ഭരണകാലത്തായിരുന്നു. നിര്‍ധന മുസ്‌ലിംകള്‍ താമസിക്കുന്ന പ്രദേശത്തെ പള്ളികളുടെ പുനര്‍ നിര്‍മ്മാണത്തിന് ധനസഹായം പ്രഖ്യാപിച്ചു. റമസാന്‍ കാലത്ത് പള്ളികളില്‍ നോമ്പ് തുറക്കാന്‍ കഞ്ഞിക്കായി സൗജന്യമായി അരി അനുവദിച്ചു. സംസ്ഥാനത്തെ വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കാനും, പരിപാലിക്കാനുമായി പ്രത്യേക നിയമവും നടപ്പിലാക്കി. ഉദ്യോഗ നിയമനങ്ങളില്‍ മുസ്‌ലിംകള്‍ക്ക് പ്രത്യേക സംവരണം പ്രഖ്യാപിച്ചുകൊണ്ട് ശക്തമായ എതിര്‍പ്പിനെ നേരിടേണ്ടിവന്നെങ്കിലും ഇതിനെ മറികടന്ന് നിയമം നടപ്പിലാക്കി. മഹാനായ ഖാഇദെമില്ലത്തിന്റെ പേരില്‍ നാഗപട്ടിണ തലസ്ഥാനമാക്കി ജില്ല പ്രഖ്യാപിച്ചതും, ഖാഇദെമില്ലത്തിന്റെ പേരില്‍ ചെന്നൈയില്‍ റോഡ്, ആര്‍ട്‌സ് കോളജ്, വനിത കോളജ് എന്നിവ സ്ഥാപിച്ചതും കരുണാനിധിയാണ്. എല്ലാ വര്‍ഷവും ഖാഇദെമില്ലത്തിന്റെ ജന്മദിനത്തിലും ചരമ ദിനത്തിലും തിരുവല്ലിക്കേണിയിലെ അദ്ദേഹത്തിന്റെ ഖബറിടം കരുണാനിധി സന്ദര്‍ശിച്ചിരുന്നു.
കളവും കാപട്യവും ഏശാത്ത പാര്‍ട്ടിയെന്നാണ് പലപ്പോഴും കരുണാനിധി ലീഗിനെ പാര്‍ട്ടി യോഗങ്ങളില്‍ വിശേഷിപ്പിച്ചിരുന്നത്. രാജ്യസ്‌നേഹം തങ്ങളുടെ മതവിശ്വാസത്തിന്റെ ഭാഗമാണെന്ന് പ്രഖ്യാപിച്ച ഏക പാര്‍ട്ടി ലീഗ് മാത്രമാണെന്ന് ഒരിക്കല്‍ കരുണാനിധി ലീഗ് സംഘടിപ്പിച്ച ഇഫ്താര്‍ പാര്‍ട്ടിയില്‍ പറഞ്ഞു.
മഹാനായ മര്‍ഹൂം ഖാഇദെമില്ലത്ത് മരണശയ്യയിലായിരിക്കുമ്പോള്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച കാര്യവും, അവിടെ ഉണ്ടായ അനുഭവങ്ങളും കരുണാനിധി പല യോഗങ്ങളില്‍ ഉദ്ധരിച്ചു. ”എന്റെ സമുദായം അരക്ഷിതാവസ്ഥയിലാണ്. ഇതോര്‍ക്കുമ്പോഴാണ് വിഷമം. ഈ സമുദായത്തിന്റെ രക്ഷാകവചമാണ് എന്റെ പാര്‍ട്ടി. എന്റെ പാര്‍ട്ടിയോടൊപ്പം താങ്കളും ഡി.എം.കെയും എന്നും ഒപ്പം ഉണ്ടാവുകയാണെങ്കില്‍ എന്റെ ഖൗമിന് പ്രശ്‌നമുണ്ടാവില്ല” ഖാഇദെമില്ലത്തിന്റെ ഈ അവസാന വാക്കുകള്‍ കരുണാനിധി പല യോഗങ്ങളില്‍ ആവര്‍ത്തിക്കുകയുണ്ടായി. ഖാഇദെമില്ലത്തിന് താന്‍ കൊടുത്ത ഉറപ്പില്‍ നിന്നും ഒരിക്കലും പിന്നോട്ട് പോകില്ലെന്ന് കരുണാനിധി അസന്നിഗ്ധമായി പ്രഖ്യാപിച്ചു.
ഇന്ത്യ-പാക്കിസ്താന്‍ യുദ്ധമുഖത്തേക്ക് തന്റെ മകന്‍ മിയാഖാനെ പറഞ്ഞുവിടാന്‍ തയ്യാറായ ഖാഇദെമില്ലത്തിനെ പോലുള്ള ഒരു രാജ്യസ്‌നേഹി ഇന്ത്യയിലുണ്ടോയെന്ന് ഒരിക്കല്‍ കരുണാനിധി ചോദിച്ചു. അതുകൊണ്ട് തന്നെ ലീഗിന് തമിഴ്‌നാട്ടില്‍ വളരാന്‍ ഡി.എം.കെ താങ്ങും തണലുമായി നില്‍ക്കുന്നു.
ഇഫ്താര്‍ വിരുന്നുകളില്‍ തൊപ്പി ധരിച്ച് പ്രത്യക്ഷപ്പെടാറുള്ള കരുണാനിധി ഒരിക്കല്‍ പറഞ്ഞു ലീഗിന് ഒരുപാട് എം.എല്‍.എ സീറ്റും, എം.പി സീറ്റും നല്‍കണമെന്നാണ് എന്റെ മനസ്സ് മന്ത്രിക്കുന്നത്. പക്ഷെ മുന്നണിയിലെ സഖ്യകക്ഷികളുടെ ബാഹുല്യവും, അവരെ തൃപ്തിപ്പെടുത്താനുള്ള കഠിന ശ്രമവും കാരണം ആഗ്രഹം നിറവേറ്റുന്നില്ല.
ചെന്നൈയില്‍ സി.എച്ച് മുഹമ്മദ് കോയ സാഹിബിനെ ഡി.എം.കെ പ്രവര്‍ത്തകര്‍ കൊടി മാറി ആക്രമിച്ച സംഭവത്തെ തുടര്‍ന്ന് കരുണാനിധി നടത്തിയ ഹൃദയസ്പര്‍ശിയായ പ്രസംഗം ഇന്നും മാറ്റൊലിയായി നിലനില്‍ക്കുന്നു. മന്ത്രിയായ സി.എച്ചിന്റെ കാറിലെ ദേശീയ പതാകയെ കോണ്‍ഗ്രസ് പതാകയായി തെറ്റിദ്ധരിച്ചതാണ് സംഭവം. ഇതില്‍ അങ്ങേയറ്റം ഖേദിക്കുന്നു. മാപ്പ് യാചിക്കുന്നു. ഖാഇദെമില്ലത്തിന്റെ പ്രിയങ്കരനായ ശിഷ്യന്‍ സി.എച്ചിന് ഖാഇദെമില്ലത്തിന്റെ ജന്മനാട്ടില്‍ ഇങ്ങനെയൊരു ദൗര്‍ഭാഗ്യ സംഭവമുണ്ടായതില്‍ ഞാന്‍ ദുഃഖിതനാണ്. മാപ്പ് പറയാന്‍ വാക്കുകളില്ല. ഞാനും സി.എച്ചും ഒന്നാണ്, നമ്മുടെ രണ്ട് പേരുടെയും പേരില്‍ ‘കെ’യുണ്ട്. കോയയും, കരുണാനിധിയും പറയാന്‍ ‘കെ’ വേണം. ഈ സാദൃശ്യം നമ്മള്‍ തമ്മിലുള്ള പൊരുത്തവും ഐക്യവും പ്രകടമാക്കുന്നു.
മുസ്‌ലിം ലീഗുകാരനേക്കാളും ലീഗ് ചരിത്രം പറയുന്ന കരുണാനിധി മഹാനായ മര്‍ഹൂം ഖാഇദെമില്ലത്തിനെ അനുസ്മരിക്കാതെ പ്രസംഗം നടത്താറില്ല. ഖാഇദെമില്ലത്ത്, അണ്ണാദുരെ, പെരിയാര്‍ രാമസ്വാമി എന്നീ ത്രിമൂര്‍ത്തികളാണ് തമിഴ്‌നാടിന്റെ വിജയത്തിന്റെ ശില്‍പികളെന്ന് പറഞ്ഞിരുന്ന കരുണാനിധി ലീഗ് സമര്‍പ്പിക്കുന്ന ഏത് ആവശ്യങ്ങളും താന്‍ അംഗീകരിക്കുകയാണ് പതിവെന്നും പറയുകയുണ്ടായി. ശിഹാബ് തങ്ങള്‍, എ.കെ.എ അബ്ദുസമദ്, എം.എ ലത്തീഫ്, ഇ. അഹമ്മദ്, എ.എം യൂസഫ്, സി.ഐ അല്ലാ പിച്ചൈ, റിഫായി എക്‌സ് എം.പി, ഖാജ മൊയ്തീന്‍, തിരുപ്പൂര്‍ മൊയ്തീന്‍, ഖാദര്‍ മൊയ്തീന്‍ എന്നീ ലീഗ് നേതാക്കളുടെ പേരുകള്‍ പലപ്പോഴും ഉദ്ധരിച്ചാണ് കരുണാനിധി പ്രസംഗിച്ചിരുന്നത്. ഏറ്റവും ഒടുവില്‍ രാമനാഥപുരം ജില്ലാ മുസ്‌ലിംലീഗ് സമ്മേളനത്തില്‍ കരുണാനിധി പ്രസംഗിച്ചു നിര്‍ത്തിയത് ”ഈ ഹരിത പതാക ഇനിയും ഉയരട്ടെ, പടരട്ടെ” എന്ന് പറഞ്ഞുകൊണ്ടായിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: