അഹമ്മദാബാദ്: ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ സംഘപരിവാര്‍ അനൂകൂല നിലപാടിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നു. ഗുജറാത്തിലെ മുന്‍ ആഭ്യന്തരമന്ത്രി ഹരണ്‍ പാണ്ഡ്യ കൊല്ലപ്പെട്ട കേസിലും ലോക്‌നാഥ് ബെഹ്‌റയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ അമിത്ഷാക്ക് അനുകൂലമായിരുന്നു. 2011ല്‍ ബെഹ്‌റയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് പരിഗണിച്ച ഗുജറാത്ത് ഹൈക്കോടതി ബെഹ്‌റക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്.
ഹരണ്‍ പാണ്ഡ്യ വധക്കേസില്‍ സി.ബി.ഐ കുറ്റക്കാരായി കണ്ടെത്തിയ 12 പ്രതികളെയും വിട്ടയച്ച കോടതി സി.ബി.ഐയുടെ അന്വേഷണത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് അന്ന് ഉന്നയിച്ചത്. അന്വേഷണം നടത്തിയ ഓഫിസര്‍ വീഴ്ചകള്‍ക്ക് ഉത്തരവാദിയാണെന്നും വന്‍തോതില്‍ പണവും സൗകര്യങ്ങളും ദുരുപയോഗം ചെയ്തതിന് സി.ബി.ഐ ഉത്തരം പറയണമെന്നും കോടതി പറഞ്ഞിരുന്നു.
ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവായ ഹരണ്‍ പാണ്ഡ്യ അഹമ്മദാബാദിലെ ലോ ഗാര്‍ഡനില്‍ പ്രഭാത സവാരിക്കിടെ 2003 ലാണ് വെടിയേറ്റു മരിച്ചത്. 2003 ഏപ്രില്‍ 16ന് ഹൈദരാബാദില്‍നിന്ന് മുഹമ്മദ് അസ്ഗര്‍ അലി, മുഹമ്മദ് അബ്ദുല്‍ ബാരി എന്നിവരടക്കമുള്ളവരെ പൊലീസ് പിടികൂടി. 2007ല്‍ 12 പേരെ കുറ്റക്കാരായി കണ്ട പ്രത്യേക കോടതി ഇതില്‍ 9 പേര്‍ക്ക് ജീവപര്യന്തം തടവു ശിക്ഷ വിധിച്ചിരുന്നു. കേസ് പിന്നീട് സി.ബി.ഐക്ക് വിട്ടു. സി.ബി.ഐ ഡി.ഐ.ജി ആയിരുന്ന ബെഹ്‌റയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്.
2011 ഓഗസ്റ്റ് 29ന് ആണ് യഥാര്‍ഥ പ്രതികളല്ല ഇവര്‍ എന്ന സൂചനയോടെ കോടതി ഇവരെ വിട്ടയച്ചത്. കേസില്‍ പ്രതികളാക്കപ്പെട്ടവര്‍ യഥാര്‍ഥ പ്രതികളല്ലെന്ന് ഹരണ്‍ പാണ്ഡ്യയുടെ പിതാവ് വിത്തല്‍ ഭായി പട്ടേലും മറ്റ് കുടുംബാംഗങ്ങളും ആരോപിച്ചിരുന്നു. പ്രതികളാക്കപ്പെട്ടവരെ വിട്ടയച്ചതില്‍ ഹരണ്‍ പാണ്ഡ്യയുടെ കുടുംബം സന്തോഷം പ്രകടിപ്പിച്ചിരുന്നു. പില്‍ക്കാലത്ത് വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട തുളസി റാം പ്രജാപതിയെ ഉപയോഗിച്ച് പൊലീസിലെ ഉന്നതരാണ് ഹരണ്‍ പാണ്ഡ്യയെ കൊലപ്പെടുത്തിയതെന്നാണ് ഐജി ആയിരുന്ന സഞ്ജീവ് ഭട്ടിന്റെ ആരോപണം.