X
    Categories: MoreViews

വനിതാ കമ്മീഷന്‍ വാക്‌പോര് മുറുകുന്നു; ജോസഫൈന് മറുപടിയുമായി രേഖാശര്‍മ്മ രംഗത്ത്

തിരുവനന്തപുരം: കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമുണ്ടെന്ന് ആവര്‍ത്തിച്ച് കേരളത്തിലെത്തിയ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാശര്‍മ്മ. കേരളത്തിലെ നിര്‍ബന്ധിത മതപരിവര്‍ത്തനം അതീവ ഗൗരവതരമെന്ന് രേഖാശര്‍മ്മ പറഞ്ഞു. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ഇതുസംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചു. വിഷയത്തില്‍ ഇടപെടാന്‍ ഡി.ജി.പിയെ കാണുമെന്നും അധ്യക്ഷ പറഞ്ഞു.

കേരളത്തില്‍ മതപരിവര്‍ത്തനമുണ്ടെന്ന് ഇന്നലെ നടത്തിയ പരാമര്‍ശത്തില്‍ രേഖാശര്‍മ്മ പറഞ്ഞിരുന്നു. എന്നാല്‍ അതിനെതിരെ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ രംഗത്തെത്തുകയായിരുന്നു. കേരളത്തില്‍ നിര്‍ബന്ധിത പരിവര്‍ത്തനമില്ലെന്നും പരാമര്‍ശം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന സംശയുമുണ്ടെന്നും എം.സി ജോസഫൈന്‍ പറഞ്ഞിരുന്നു. മതേതര മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്ന കേരളം പോലെയുള്ള സംസ്ഥാനത്തെ ദേശിയ തലത്തില്‍ ഇകഴ്ത്തി കാണിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമത്തിന്റെ ഭാഗമാണ് രേഖാ ശര്‍മയുടെ പ്രസ്താവനയെന്നും ജോസഫൈന്‍ കുറ്റപ്പെടുത്തി. ഹാദിയ വിഷയത്തില്‍ മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടോ എന്ന് കോടതിയില്‍ എത്തുമ്പോള്‍ വ്യക്തമാകുമെന്നും ഈ വിഷയത്തില്‍ ഇടപെട്ട സംസ്ഥാന വനിതാ കമ്മീഷനില്‍ നിന്നും ദേശീയ വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയില്ലെന്നും കേരളത്തെ കുറിച്ച് മനസിലാകാതെയാണ് രേഖ ശര്‍മ പരാമര്‍ശം നടത്തിയതെന്നും ജോസഫൈന്‍ കൂട്ടിച്ചേര്‍ത്തു.

ഹാദിയ സുരക്ഷിതയെന്നും യാതൊരു തരത്തിലുമുള്ള ശാരീരിക പീഡനങ്ങളും ഏല്‍ക്കേണ്ടി വന്നിട്ടില്ലെന്നും കേസ് പരിഗണിക്കുന്ന 27ാം തീയതി കോടതിയില്‍ എത്താന്‍ കാത്തിരിക്കുകയാണെന്ന് ഹാദിയ പറഞ്ഞതെന്നുമാണ് രേഖ ശര്‍മ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. വൈക്കത്തെ ഹാദിയയുടെ വീട്ടിലെത്തിയ രേഖ വീട്ടുകാരുമായി ഒരുമണിക്കൂറോളം നേരം സംസാരിച്ച രേഖ ശര്‍മ തന്നോട് ഹാദിയ സംസാരിച്ച കാര്യങ്ങള്‍ മാധ്യമങ്ങളോട് പറയാനാകില്ലെന്നും വ്യക്തമാക്കിയിരുന്നു.

എന്നാല്‍, ദേശീയ വനിതാ കമ്മീഷന്റെ പ്രസ്താവന തള്ളിയ എം.സി. ജോസഫൈന്റെ പ്രസ്താവന കോണ്‍ഗ്രസും മുസ്ലിം ലീഗും സ്വാഗതം ചെയ്തു. സംഘപരിവാര്‍ അജണ്ട നടപ്പാക്കാനാണ് രേഖാ ശര്‍മ്മ ഹാദിയയെ സന്ദര്‍ശിച്ചതെന്ന് ഇരു പാര്‍ട്ടി വക്താക്കളും അഭിപ്രായപ്പെട്ടു. സംസ്ഥാന വനിതാ കമ്മീഷന് ഹാദിയയെ കാണാന്‍ അനുമതി നിഷേധിക്കുകയും ദേശിയ വനിതാ കമ്മീഷന്‍ സന്ദര്‍ശിക്കുകയും ചെയ്തതില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും അവര്‍ കുറ്റപ്പെടുത്തി.

chandrika: