X

സന്തോഷിക്കാം, കുടുംബത്തോടൊപ്പം – ഡോ: പി.എ കബീര്‍

ഡോ: പി.എ കബീര്‍

നമ്മുടെ സന്തോഷം കണ്ടെത്താനുള്ള വഴികളെ കുറിച്ചുള്ള ആലോചനകളാണ് ലോകസന്തോഷം ദിനം മുന്നോട്ട് വെക്കേണ്ടത്. ലോകത്ത് സന്തുഷ്ടരായ ജനവിഭാഗങ്ങളില്‍ ഇന്ത്യക്കാര്‍ പിറകില്‍ നില്‍ക്കുന്നവരാണ് എന്ന് പഠനങ്ങള്‍ പറയുന്നു. ലോകത്തെ 146 രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ 136ാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. അത്രമാത്രം അസംതൃപ്തി ഇന്ത്യയില്‍ ഉണ്ടെന്നാണ് പഠനം പറയുന്നത്. ഈ ഭൂമിയില്‍ സന്തോഷത്തോടെ ജീവിക്കാനുള്ള അവസരം നമുക്കും നമ്മുടെ കൂടെയുള്ളവര്‍ക്കും ഉറപ്പ് വരുത്തുകയാണ് ഓരോ വ്യക്തിയുടെയും ചുമതല. നമ്മുടെ സാമൂഹ്യഘടനയുടെ അടിസ്ഥാനം കുടുംബമാണ്. കുടുംബത്തിനകത്തെ സന്തോഷമാണ് നമ്മുടെ സന്തോഷത്തിന്റെ ഏകകമായി പ്രവര്‍ത്തിക്കുന്നത്.

സമ്പത്ത്, ആയുര്‍ദൈര്‍ഘ്യം, പരസ്പര വിശ്വാസം, സ്വാതന്ത്ര്യം, മഹാമനസ്‌കത, പ്രശ്‌നഘട്ടങ്ങളിലെ പരസ്പരാശ്രയത്വം തുടങ്ങിയ നിരവധി ഘടകങ്ങള്‍ സന്തോഷത്തെ സ്വാധീനിക്കുന്നു. നമുക്ക് ഇടപെടാനാകുന്ന ഏറ്റവും ചെറിയ ഇടങ്ങളില്‍ കൂടെയുള്ളവരുടെ ആഹ്ലാദം ഉറപ്പ് വരുത്തുകയെന്നതാണ് നമ്മുടെ കടമ. ക്യാപിറ്റലിസം അഥവാ മുതലാളിത്തം കേന്ദ്രബിന്ദുവായ ആഗോള ചര്‍ച്ചകള്‍ക്കിടയിലാണ് ‘ഹാപ്പിറ്റലിസം’ അഥവാ ആഹ്ലാദം കേന്ദ്രബിന്ദുവാകുന്ന ചര്‍ച്ചകള്‍ കടന്നു വരുന്നത്. നമുക്ക് ഇടപെടാനാകുന്ന ഏറ്റവും ചെറിയ യൂനിറ്റ് കുടുംബമാണ്. കുടുംബത്തിനകത്തെ ഓരോ വ്യക്തിയുടെയും ആഹ്ലാദം ഉറപ്പ് വരുത്തുകയാണ് നമ്മുടെ കര്‍ത്തവ്യം. കുടുംബാന്തരീക്ഷത്തെ പ്രതികൂലമായി ബാധിക്കുന്ന വില്ലന്‍മാരില്‍ പ്രധാനി മൊബൈല്‍ഫോണുകളാണ്. സോഷ്യല്‍ മീഡിയക്കും, സ്മാര്‍ട്ട് ഫോണുകള്‍ക്കും നിരവധി ഉപകാരങ്ങളുണ്ട്. അക്കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ അതിന് പകരമായി സ്മാര്‍ട്ട് ഫോണുകള്‍ വരുത്തി വെക്കുന്ന അപകടങ്ങളും വിലയേറിതാണ്. ഫോണ്‍വിളികളുടെ സൗകര്യത്തിനെക്കാള്‍ കൂടുതലായി നമ്മള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കാനാണ് സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നത്. വിവിധ ഗെയിമുകള്‍, ആപ്പുകള്‍ എന്നിവയും സ്മാര്‍ട്ട് ഫോണുകളിലൂടെ നമ്മുടെ സമയവും, ആരോഗ്യവും കവര്‍ന്നെടുക്കുന്നു. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം സൃഷ്ടിക്കുന്ന ഉത്കണ്ഠ, വിഷാദരോഗം, ഉറക്കപ്രശ്‌നങ്ങള്‍, വാഹനാപകടങ്ങള്‍ എന്നിവയെ കുറിച്ചുള്ള ധാരാളം പഠനങ്ങള്‍ വന്നിട്ടുണ്ട്. പലപ്പോഴും സ്മാര്‍ട്ട് ഫോണ്‍ മരണകാരണമോ, ആത്മഹത്യയുടെ കാരണമോ ആകുന്നു.

നമ്മുടെ തലച്ചോറില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ഒരു രാസവസ്തുവാണ് ഡോപമിന്‍. നമ്മള്‍ നല്ല ഭക്ഷണം കഴിക്കുമ്പോള്‍, ഇണയുമായി ബന്ധപ്പെടുമ്പോള്‍, എന്തിന് നല്ല സാമൂഹ്യബന്ധങ്ങള്‍ ഉണ്ടാകുമ്പോള്‍ പോലും അത് വീണ്ടും ആവര്‍ത്തിക്കണമെന്ന ആഗ്രഹം നമുക്കുണ്ടാകാറില്ലേ? നമുക്ക് ഇഷ്ടപ്പെട്ട കാര്യങ്ങള്‍ വീണ്ടും വീണ്ടും ചെയ്യാന്‍ നമ്മെ പ്രചോദിപ്പിക്കുന്നത് ഡോപമിന്‍ ആണ്. നമ്മുടെ തലച്ചോറില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ഡോപമിന്‍ ആണ് നമ്മുടെ സ്വഭാവ രൂപീകരണം, പഠനരീതികള്‍, നമ്മുടെ അഡിക്ഷനുകള്‍ എന്നിവ തീരുമാനിക്കുന്നത്. ഡോപമിന്‍ ചില കാര്യങ്ങള്‍ ചെയ്യാന്‍ വേണ്ടി ഉത്തേജിപ്പിക്കുന്നു എന്ന് നമ്മള്‍ നേരത്തെ പറഞ്ഞു. മയക്കുമരുന്നായ കൊക്കൈന്‍ ഉപയോഗിച്ചാല്‍ അത് വീണ്ടും, വീണ്ടും ഉപയോഗിക്കാന്‍ ഡോപമിന്‍ നമ്മെ പ്രേരിപ്പിക്കുന്നു. ഇത് പോലെ തന്നെയാണ് സോഷ്യല്‍ മീഡിയയും. അതൊരു സോഷ്യല്‍ ഉത്തേജകമാണ്. അത് നമ്മെ വീണ്ടും വീണ്ടും അതിലേക്ക് തന്നെ പ്രേരിപ്പിക്കുന്നു. ഫേസ്ബുക്കില്‍ ലഭിക്കുന്ന ലൈക്കുകള്‍, കമന്റുകള്‍ എന്നിവ കൂടുന്തോറും നമുക്ക് ആവേശമാണ് ലഭിക്കുന്നത്. അത് കൂടുതല്‍ കൂടുതല്‍ സമയം നമ്മെ സ്‌ക്രീനില്‍ ചെലവഴിക്കാന്‍ നമ്മളറിയാതെ നിര്‍ബന്ധിക്കുന്നു. സ്മാര്‍ട്ട് ഫോണുകളും, സോഷ്യല്‍ മീഡിയയും നമുക്കിടയില്‍ നിന്നും അപ്രത്യക്ഷമാകാന്‍ പോകുന്നില്ല. അത് ഏത് വിധത്തില്‍, എത്ര സമയം ഉപയോഗിക്കണമെന്ന് നമ്മള്‍ തന്നെയാണ് തീരുമാനിക്കേണ്ടത്. എല്ലാ സോഷ്യല്‍ മീഡിയ കമ്പനികള്‍ക്കും നിങ്ങളുടെ കണ്ണ് ആവശ്യമാണ്. നിങ്ങളുടെ കണ്ണ് മൊബൈല്‍ ഫോണ്‍ സ്‌ക്രീനില്‍ ഒട്ടിപ്പിടിച്ച് കിടക്കണം. അതിന് വേണ്ടി നമ്മുടെ തലച്ചോറുകളിലെ ഓരോ മാറ്റങ്ങളെയും സോഷ്യല്‍ മീഡിയ കമ്പനികള്‍ പഠിച്ചു വെച്ചിട്ടുണ്ട്. എന്നാല്‍ നമ്മുടെ സമയം നമ്മുടേത് മാത്രമാണ്. അത് നമുക്ക് ജീവിക്കാനുള്ളതാണ്. ജീവിതത്തില്‍ വിജയം നേടണമെങ്കില്‍ ഓരോരുത്തരും സോഷ്യല്‍ മീഡിയയില്‍ സമയംകൊല്ലുന്നതില്‍ നിന്നും രക്ഷപ്പെടാനുള്ള തന്ത്രങ്ങളും പഠിച്ചിരിക്കണം.

നമ്മുടെ കുട്ടികളെയും, യുവാക്കളെയും മൊബൈല്‍ ഫോണിന്റെ തെറ്റായ ഉപയോഗം വഴിതെറ്റിക്കുന്നുണ്ട്. അവരുടെ മാനസികാരോഗ്യ നിലയെ തകരാറിലാക്കുന്നുണ്ട്. ലാഭം മാത്രം പ്രതീക്ഷിക്കുന്ന, ധാര്‍മികബോധം തീരെയില്ലാത്ത സോഷ്യല്‍ മീഡിയ കമ്പനികളുടെ പണക്കൊതിയുടെ ഇരകളാണ് നമ്മുടെ കൗമാരവും, യുവത്വവും. ഇത് നമ്മുടെ സമൂഹത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പിനെ തന്നെ ദോഷകരമായി ബാധിക്കുന്നുണ്ട്. ഫേസ്ബുക്കിന്റെ വൈസ്പ്രസിഡന്റായിരുന്ന ചമാത്ത് പാലിഹാപിറ്റിയ ഫേസ്ബുക്കിലെ ജോലിയില്‍ നിന്ന് രാജിവെച്ചതിന് ശേഷം പറഞ്ഞ വാക്കുകള്‍ വളരെ പ്രസക്തമാണ്. ‘ഡോപമിന്‍ നിയന്ത്രിത പ്രതികരണക്കുടുക്കുകള്‍ വഴി തലച്ചോറില്‍ നടത്തുന്ന കളികളിലൂടെ നമ്മുടെ സമൂഹത്തെ നശിപ്പിക്കുകയാണ്. സാമൂഹ്യ ഇടപെടലുകളില്ലാത്ത, സഹകരണമില്ലാത്ത, തെറ്റായ വിവരങ്ങളുള്ള, അസത്യങ്ങള്‍ നിറഞ്ഞ കാലമുണ്ടാകുന്നു. ഇത് അമേരിക്കക്കാരുടെ മാത്രം പ്രശ്‌നമല്ല, റഷ്യയുടെ പരസ്യങ്ങള്‍ ഉണ്ടാക്കുന്ന പ്രശ്‌നവുമല്ല. ലോകത്ത് എല്ലായിടത്തും ഈ പ്രശ്‌നമുണ്ട്.’ടെക്‌നോളജിയുടെ ചീത്ത വശങ്ങള്‍ ഒരു തലമുറയെ നശിപ്പിക്കാതിരിക്കാന്‍ നമ്മള്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. കോവിഡ് കാലത്ത് പ്രചാരം നേടിയ ഓണ്‍ലൈന്‍ ക്ലാസ്മുറികള്‍ സൃഷ്ടിക്കുന്ന മാനസിക പ്രശ്‌നങ്ങളെ കുറിച്ച് നമ്മള്‍ കൂടുതല്‍ പഠിക്കേണ്ടിയിരിക്കുന്നു. ടാബുകളുടെയും, ഫോണുകളുടെയും അടിമകളായി മാറിയ കുട്ടികള്‍ വലിയ സാമൂഹ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന കാര്യം തീര്‍ച്ചയാണ്.ഫോണില്‍ സമയം ചെലവഴിക്കുന്നത് കുറയ്ക്കാനുള്ള ആദ്യത്തെ മാര്‍ഗം എന്താണെന്നല്ലേ? സ്വന്തം ഫോണെടുത്ത് അതില്‍ വരുന്ന അത്യാവശ്യമില്ലാത്ത മുഴുവന്‍ നോട്ടിഫിക്കേഷനും ഓഫ് ചെയ്യുക എന്നതാണത്. ഇനി ഫോണെടുക്കുമ്പോള്‍ അത് എന്റെ സമയത്തിന് വില നല്കുന്നുണ്ടോ, എന്റെ സമയം ഇതിനു വേണ്ടിയുള്ളതാണോ എന്ന് സ്വയം ആലോചിക്കുക. മൊബൈല്‍ ഫോണുകള്‍ നമ്മുടെ ജീവിതത്തിന്റെ താളം നശിപ്പിക്കുന്നില്ലെന്നും, നമ്മുടെ സമയം നശിപ്പിക്കുന്നില്ലെന്നും ഉറപ്പ് വരുത്തുക. കൈയിലുള്ള ഡിജിറ്റല്‍ ഡിവൈസുകള്‍ ആഹ്ലാദം പകരില്ല, കൈയെത്തും ദൂരത്തുള്ള കുടുംബമാണ് അത് നല്‍കുക.

Test User: