വി. അബ്ദുല്‍ ലത്തീഫ് മാസ്റ്റര്‍
ലോകാരോഗ്യ സംഘടനയുടെ ആഹ്വാനം അനുസരിച്ച് എല്ലാ വര്‍ഷവും ഒക്ടോബര്‍ 10 മാനസിക ആരോഗ്യ ദിനമായാണ് ആ ചരിക്കുന്നത്. ‘മാനസികാരോഗ്യം എല്ലാവര്‍ക്കും; നമുക്കത് യാഥാര്‍ത്ഥ്യമാക്കാം’ എന്നതാണ് ലോകാരോഗ്യ സംഘടനയുടെ ഈ വര്‍ഷത്തെ മാനസികാരോഗ്യ ദിനാചരണത്തിന്റെ സന്ദേശം. ആഗോളതലത്തില്‍ മാനസിക രോഗികളുടെ ചികിത്സ, പരിചരണം, പുനരധിവാസം, സമൂഹത്തിലെ മാനസികാരോഗ്യത്തിന്റെ സംരക്ഷണം, വികസനം എന്നിവ മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനവും പ്രോത്സാഹനവും നല്‍കാനാണ് മാനസികാരോഗ്യദിനം ആചാരിക്കുന്നത്.
അമിതമായ ഉപഭാഗതുരത, മാറിയ ജീവത ശൈലി, സോഷ്യല്‍ മീഡിയകളുടെ അതിപ്രസരം, ദുരുപയോഗം, ജീവിതസാഹചര്യങ്ങള്‍ മൂലമോ സുഖലോലുപതക്കു വേണ്ടിയോ ഉള്ള അമിതമായ മയക്കുമരുന്നുകളുടെ ഉപയോഗം, മദ്യപാനം, തിരക്ക്പിടിച്ച ജീവിതത്തിനിടയിലെ അപകടങ്ങള്‍ ഒറ്റപ്പെടലുകള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ജനതയുടെ മാനസികാരോഗ്യത്തെ കൂടുതല്‍ രോഗാതുരമാക്കികൊണ്ടിരിക്കുകയാണ്. കൂടാതെ സമൂഹത്തെ ഒന്നടങ്കം ബാധിച്ച കോവിഡ് മഹാമാരി സൃഷ്ടിച്ച മാനസിക പ്രതിസന്ധികള്‍ പ്രവചനാധീതമാണ്.
മാനസിക ആരോഗ്യം തകരാറിലായതിന്റെ പേരിലും പുതിയ ജീവിത പ്രശ്‌നങ്ങളെ അതിജയിക്കാന്‍ കഴിയാത്തതിന്റെ പേരിലും നിസ്സാര പ്രശ്‌നങ്ങള്‍ക്ക് വരെ ആത്മഹത്യയില്‍ അഭയംതേടുന്ന പുതു തലമുറയുടെ ആധികള്‍ക്ക് പരിഹാരം കാണാന്‍ കഴിയാത്തത് പ്രബുദ്ധ കേരളം നേരിടുന്ന വലിയ വെല്ലുവിളിയാണ.് മുന്‍കാലങ്ങളില്‍ മുതിര്‍ന്നവരില്‍ മാത്രം കണ്ട്‌വന്നിരുന്ന മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ പ്രായഭേദമന്യ സാര്‍വ്വത്രികമായിരിക്കുന്നു. എട്ട് വയസ്സുകാരനില്‍പോലും വിഷാദ രോഗം മുതല്‍ മാനസിക അസ്വസ്ഥതകള്‍ വരെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന നമ്മുടെ നാട്ടില്‍ സമൂഹത്തിന്റെ മാനസികാരോഗ്യ സംരക്ഷണം അതീവ പ്രാധാന്യം അര്‍ഹിക്കുന്ന വിഷയമാകേണ്ടതുണ്ട്. ലോകത്ത് സര്‍വ്വ സാധാരണമായ മറ്റു രോഗങ്ങളെപോലെ വ്യാപകമായിട്ടുള്ളതും പുതിയ ചികിത്സാരീതികള്‍ തേടികൊണ്ടിരിക്കുന്നതുമായ രോഗങ്ങളുടെ ഗണത്തിലാണ് മനോരോഗവും ഉള്‍പ്പെടുന്നത്. നാലു പേരില്‍ ഒരാള്‍ ജീവിതത്തില്‍ പല അവസരങ്ങളിലും വിവിധ മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരാണെന്നതാണ് കണക്കുകള്‍ ബോധ്യപ്പെടുത്തുന്നത്. മാറാരോഗങ്ങളടക്കം എല്ലാ രോഗാതുരതയില്‍നിന്നും മോചനം നേടാനും സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണത്തിനും മാനസികാരോഗ്യത്തിനുള്ള പങ്ക് അംഗീകരിക്കപ്പെട്ടതാണ്. മാനസിക രോഗം കേവലം മറ്റു അസുഖങ്ങള്‍ പോലെ തന്നെയാണെങ്കിലും മറ്റു രോഗങ്ങള്‍ക്കുള്ള ചികിത്സകൊണ്ട് മാറ്റിയെടുക്കാവുന്നതല്ല. എന്നാല്‍ രോഗികളോടുള്ള സമൂഹത്തിന്റെ മനോഭാവവും അനുഭാവപൂര്‍ണ്ണമായ സാമൂഹിക ഇടപടലുമാണ് രോഗചികിത്സയുടെ അടിസ്ഥാനം. രോഗിയുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി മനുഷ്യത്വത്തിന്റെ ഒരു സ്പര്‍ശം, ഒരു തുറന്ന കാഴ്ചപ്പാട്, ഇവ മതിയാകും രോഗാവസ്ഥയില്‍നിന്നും രോഗിയെ രക്ഷിച്ചെടുക്കാന്‍.
മാനസിക രോഗ ചികിത്സാരംഗത്ത് നിരവധി വെല്ലുവിളികളാനുള്ളത്. മാനസിക പ്രശ്‌നങ്ങളുള്ള എല്ലാവര്‍ക്കും ചിലവ് കുറഞ്ഞ ചികിത്സകളോ ഓരോ വ്യക്തികളുടെയും മാനസിക പ്രശ്‌നങ്ങളെ പരിഹാരം കണ്ട് ചികിത്സ നല്‍കാനുള്ള ചികിത്സാസംവിധാനങ്ങളോ നമ്മുടെ നാട്ടില്‍ ലഭ്യമല്ല. ആശുപത്രികളിലും ചികിത്സാകേന്ദ്രങ്ങളിലും അമിതമായ ഫീസ് നല്‍കി ചികിത്സ തേടാന്‍ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരായ മാനസിക രോഗികള്‍ക്ക് സാധ്യമല്ല. ചികിത്സ തേടുന്ന പത്തു പേരില്‍ ഏഴ് പേരും പൂര്‍ണ്ണതയില്‍ എത്തും മുമ്പ് ചികിത്സയില്‍ നിന്നും പിന്മാറുകയോ കൊഴിഞ്ഞുപോവുകയോ ചെയുന്നു എന്നതും മനോരോഗങ്ങള്‍ ബാധിച്ചവരുടെ പുനരാധിവാസത്തിന് മതിയായ പദ്ധതികള്‍ ഇല്ല എന്നതും ഈ രംഗത്തെ വെല്ലുവിളികളാണ്.
മനോരോഗം ബാധിച്ചവരെ അവരുടെ രോഗാവസ്ഥക്ക് മുമ്പുള്ള കഴിവുകളിലേക്കും മാനസികാവസ്ഥയിലേക്കും തിരികെ കൊണ്ട്‌വന്ന് സമൂഹത്തിന്റെയും കുടുംബത്തിന്റെയും കൂടെ ജീവിക്കാന്‍ പ്രാപ്തരാക്കുക എന്നതാണ് ഏറ്റവും വലിയ പരിഹാരം. ആതുര സേവന രംഗത്തെ ഏറ്റവും വലിയ ബഹുജന പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന പാലിയേറ്റീവ് കെയറുകള്‍ക്കാണ് ഈ രംഗത്ത് ഏറ്റവും കൂടതല്‍ സേവനം ചെയ്യാന്‍ കഴിയുക. കേരളത്തിലെ മിക്ക പാലിയേറ്റീവ് സെന്ററുകളോടനുബന്ധിച്ച് സമീപ കാലങ്ങളായി മാനസിക രോഗികള്‍ക്കുള്ള ഡേ കെയറുകള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ഈ രംഗത്ത് ലോകത്ത്തന്നെ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെക്കുന്ന എം.ഐ.പി (മലപ്പുറം ഇനീഷിയേറ്റീവ് ഇന്‍ പാലിയേറ്റീവ് കെയര്‍) ക്ക് കീഴില്‍ മാനോരോഗ പുനരധിവാസവുമായി ബന്ധപ്പെട്ട ശില്‍പശാലകള്‍ സംഘടിപ്പിക്കുന്നുണ്ട്. ലോകത്തെ അറിയപ്പെട്ട ചികിത്സ രീതികളിലെല്ലാം മാനസിക രോഗ ചികിത്സക്ക് കൂടുതല്‍ പ്രാധാന്യം കല്‍പ്പിക്കുന്നുണ്ട്. ആരോഗ്യമേഖലയില്‍ മാനസികരോഗ ചികിത്സക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയും പാലിയേറ്റീവ് കെയറുകള്‍ സാമൂഹിക സംഘടനകള്‍ എന്നിവയുമായി സഹകരിച്ചും സാമൂഹിക പങ്കാളിത്തത്തോടെ ജനതയുടെ മാനസികാരോഗ്യം സംരക്ഷിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്. കോവിഡ് കാലം സൃഷ്ടിച്ച മാനസിക പ്രതിസന്ധികളെ തരണം ചെയ്യാനും പുതു തലമുറയുടെ മനസികാരോഗ്യം ശക്തിപ്പെടുത്താനും വിദ്യാലയങ്ങളില്‍ പുതിയ പഠനപദ്ധതികളും ആവിഷ്‌കരിക്കേണ്ടതുണ്ട്.