അരക്ഷിതാവസ്ഥയുടെ ദൈന്യത വിളിച്ചോതുന്ന ഒരു അമ്മയുടെയും ആറുവയസ്സുകാരന്‍ മകന്റെയും ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ലോകത്ത് പ്രചരിക്കുന്നത്. മെക്‌സിക്കന്‍ പട്ടാളക്കാരന്റെ തോക്കിന് മുന്‍പില്‍ ജീവിതത്തിനായി കേഴുന്ന അമ്മയുടെയും മകന്റെയും ചിത്രം പകര്‍ത്തിയത് റോയിട്ടേഴ്‌സ് ഫോട്ടോഗ്രാഫര്‍ ജോസ് ലൂയിസ് ഗോണ്‍സാലസാണ്.
അമേരിക്കയിലേയ്ക്ക് കടക്കാനെത്തിയ ഗ്വാട്ടിമാല സ്വദേശിനിയായ യുവതിയെയും അവളുടെ ആറു വയസ്സുകാരനായ മകനെയും അതിര്‍ത്തിയില്‍ മെക്‌സിക്കന്‍ സുരക്ഷാഭടന്‍ തടയുന്ന ചിത്രമാണ് ഇത്.
ലെറ്റി പെരെസും അവരുടെ മകന്‍ ആന്തണി ഡയസും 2400ല്‍ അധികം കിലോമീറ്റര്‍ സഞ്ചരിച്ചാണ് ഗ്വാട്ടിമാലയില്‍നിന്ന് അമേരിക്കന്‍ അതിര്‍ത്തി പട്ടണമായ സ്യുഡാഡ് ജുവാരസിലെത്തിയത്. എന്നാല്‍ അതിര്‍ത്തിയില്‍ സുക്ഷാ സേന അവരെ തടയുകയായിരുന്നു.
തോക്കേന്തി നില്‍ക്കുന്ന സൈനികനെയും നിലത്തിരുന്ന് ഒരു കൈകൊണ്ട് മകനെ ചേര്‍ത്തു പിടിച്ച് മറു കൈകൊണ്ട് മുഖംപൊത്തി കരയുന്ന യുവതിയെയും ചിത്രത്തില്‍ കാണാം
. മകന്റെ ഭാവിയെക്കരുതിയാണ് അമേരിക്കയിലേയ്ക്ക് കടക്കാന്‍ അവള്‍ ശ്രമിക്കുന്നത്. അതിനായി ആ സൈനികന്റെ കാലുപിടിക്കാന്‍ അവള്‍ തയ്യാറായിരുന്നു. എന്നാല്‍ ഉത്തരവുകള്‍ അനുസരിക്കുക മാത്രമാണ് താന്‍ ചെയ്യുന്നതെന്നും അതിര്‍ത്തി കടക്കാന്‍ അനുവദിക്കില്ലെന്നും സൈനികന്‍ നിലപാടെടുത്തതായി ഫോട്ടോഗ്രാഫര്‍ ജോസ് ലൂയിസ് ഗോണ്‍സാലസ് പറയുന്നു
ഗ്വാട്ടിമാല, ഹോണ്ടുറാസ്, നിക്കാരഗ്വ തുടങ്ങിയ മധ്യ അമേരിക്കന്‍ രാജ്യങ്ങളില്‍നിന്ന് യുഎസിലേയ്ക്കുള്ള അഭയാര്‍ഥി പ്രവാഹം തടയുന്നതില്‍ മെക്‌സിക്കോയുടെ ദേശീയ സുരക്ഷാ വിഭാഗം നടത്തുന്ന ശ്രമങ്ങള്‍ വ്യക്തമാക്കുന്നതാണ് പുറത്തുവന്നിരിക്കുന്ന ചിത്രം.
സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ ചിത്രം ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. മനുഷ്യത്വരഹിതമായ നിലപാടാണ് മെക്‌സിക്കോയുടെ ദേശീയ സുരക്ഷാ വിഭാഗം അതിര്‍ത്തിയില്‍ സ്വീകരിക്കുന്നതെന്നുള്ള വിമര്‍ശനവും ഈ ചിത്രം ഉയര്‍ത്തിവിട്ടിട്ടുണ്ട്.