സന്‍ആ: യമനിലെ ഹുദൈദ തുറമുഖ നഗരത്തില്‍നിന്ന് യഹ്‌യ തമാനിയും കുടുംബവും ജീവന്‍ പണയപ്പെടുത്തിയാണ് അഭയാര്‍ത്ഥി ക്യാമ്പിലെത്തിയത്. അറബ് സഖ്യസേന നഗരത്തില്‍ ആക്രമണം ശക്തമായതോടെ പലായനം ചെയ്ത ആയിരക്കണക്കിന് കുടുംബങ്ങളില്‍ ഒന്നാണ് യഹ്‌യയുടേത്.
മരങ്ങള്‍ക്ക് ചുവട്ടിലും മതിലുകള്‍ക്ക് പിന്നിലും ഒളിച്ച് അദ്ദേഹം കുട്ടികളുമായി മൂന്ന് കിലോമീറ്ററോളം നടന്നു. അപ്പാഷെ ഹെലികോപ്ടറുകള്‍ തലക്ക് മുകളില്‍ വട്ടമിട്ട് പറക്കുന്നുണ്ടായിരുന്നു. ഏത് നിമിഷവും കുട്ടികളോടൊപ്പം താന്‍ കൊല്ലപ്പെടുമെന്ന് യഹ്‌യ ഭയന്നു. നടന്നു തളരുമ്പോള്‍ എവിടെയെങ്കിലും വിശ്രമിക്കാനിരിക്കും.
പോര്‍വിമാനങ്ങളുടെ ഇരമ്പള്‍ കേള്‍ക്കുമ്പോള്‍ തളര്‍ച്ച് മറന്ന് വീണ്ടും നടക്കും. ഒടുവില്‍ ഒരു ഫിഷ് ഫാമിലെത്തിയപ്പോഴാണ് അല്‍പം ആശ്വാസമായത്. ഹുദൈദക്ക് സമീപം ഒരു സ്‌കൂളിലാണ് യഹ്‌യയും കുടുംബവും ഇപ്പോള്‍. യുദ്ധം മുറുകിയതോടെ സ്‌കൂള്‍ അടച്ചുപൂട്ടി അഭയാര്‍ത്ഥി ക്യാമ്പാക്കുകയായിരുന്നു. ഇവിടെ അവശ്യ സൗകര്യങ്ങളൊന്നുമില്ല.
വൈദ്യുതിയും വെള്ളവും ബാത്ത്‌റൂമുകളുമില്ലാതെ അഭയാര്‍ത്ഥികള്‍ ജീവിതം തള്ളിനീക്കുകയാണ്. ശൂന്യമായ ക്ലാസ് മുറിയില്‍ തറയിലാണ് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ കിടന്നുറങ്ങുന്നത്. കുട്ടികള്‍ക്ക് ആവശ്യത്തിന് ഭക്ഷണമോ മരുന്നോ നല്‍കാനാവുന്നില്ലെന്ന് യഹ്‌യ പറയുന്നു.
സാധാരണക്കാരുടെ ദുരിതം അവസാനിപ്പിക്കുന്നതിന് ഹുദൈദ നഗരം എത്രയും വേഗം പിടിച്ചെടുത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമെന്നാണ് അറബ് സഖ്യസേന പറയുന്നത്.
സഊദി സഖ്യസേന ആക്രമണം നിര്‍ത്തണമെങ്കില്‍ ആയുധങ്ങള്‍ താഴെ വെക്കണമെന്ന് യു.എന്‍ ദൂതന്‍ ആവശ്യപ്പെട്ടുവെന്ന വാര്‍ത്ത ഹൂഥികള്‍ നിഷേധിച്ചു.
- 6 years ago
chandrika
Categories:
Video Stories