റീന കൊലക്കേസ്; ഭര്‍ത്താവിന് ജീവപര്യന്തം കഠിനതടവ്

പത്തനംതിട്ട റാന്നിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് മനോജിന് ജീവപര്യന്തം കഠിനതടവ്. പഴവങ്ങാടി മണ്ണൂരേത്ത് വീട്ടില്‍ റീനയെ കൊലപ്പെടുത്തിയ കേസിലാണ് ഭര്‍ത്താവിന് പത്തനംതിട്ട അഡീഷണല്‍ ജില്ല സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. തടവുശിക്ഷ കൂടാതെ രണ്ടു ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പിഴത്തുക മക്കള്‍ക്ക് നല്‍കണമെന്നും കോടതി വിധിച്ചു.

ദമ്പതികളുടെ മക്കളുടെ മൊഴിയുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്.

2014 ഡിസംബര്‍ 28ന് രാത്രി പന്ത്രണ്ടും പതിനാലും വയസുള്ള മക്കളുടെ മുന്നില്‍വച്ച് മനോജ് ഭാര്യയെ കൊലപ്പെടുത്തിയത്. ആശാവര്‍ക്കറായ ഭാര്യയെ സംശയത്തെ തുടര്‍ന്ന് മനോജ് വഴക്കുണ്ടാക്കുക പതിവായിരുന്നു. എന്നാല്‍ സംഭവ ദിവസം റീനക്ക് വന്ന ഫോണ്‍കോളിനെ ചൊല്ലി വഴക്കുണ്ടായി.

റീനയും അമ്മയും ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ വീട്ടിലെത്തുകയും മനോജിനെ വിളിച്ചു വരുത്തി പ്രശ്‌നം പറഞ്ഞു തീര്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ വീട്ടിലെത്തിയതിന് പിന്നാലെ രാത്രി ഒരു മണിയോടെ വീണ്ടും തര്‍ക്കമുണ്ടായി.

വീട്ടില്‍ നിന്നും ഇറങ്ങിയോടിയ റീനയെ മനോജ് ചുടുകട്ടയെടുത്തെറിയുകയായിരുന്നു. വീല്‍സ്പാനര്‍ കൊണ്ടടിക്കുകയും തല ഓട്ടോറിക്ഷയുടെ കമ്പിയിലും തറയിലും ഇടിപ്പിക്കുകയും ചെയ്തു. ഗുരുതര പരിക്കേറ്റ റീനയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട മനോജിനെ ചെത്തോങ്കരയില്‍ നിന്നും പൊലീസ് പിടികൂടിയിരുന്നു.

webdesk17:
whatsapp
line