വാഷിങ്ടണ്‍: തന്റെ വിദേശകാര്യ നയത്തില്‍ കാര്യമായ മാറ്റങ്ങളുണ്ടാകുമെന്ന സൂചന നല്‍കി നിയുക്ത യുഎസ് പ്രസിഡണ്ട് ജോ ബൈഡന്റെ നിയമനങ്ങള്‍. തന്റെ സംഘത്തില്‍ ഒരു അറബ്-അമേരിക്കനെ നിയമിച്ചാണ് ബൈഡന്‍ ചരിത്രം സൃഷ്ടിച്ചത്. ഫലസ്തീന്‍ വംശജയായ റീമ ദോദിന്‍ ആണ് ബൈഡന്റെ ടീമില്‍ ഇടം പിടിച്ചത്. വൈറ്റ് ഹൗസിലെ ഓഫീസ് ഓഫ് ലജിസ്ലേറ്റീവ് അഫയേഴ്‌സിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ആയാണ് നിയമനം.
ഫലസ്തീന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം വൈറ്റ് ഹൗസിലെത്തുന്ന ആദ്യത്തെ ഫലസ്തീന്‍ അമേരിക്കന്‍ വംശജയാണ് റീമ. ഇവരുടെ മാതാപിതാക്കള്‍ ജോര്‍ദാനില്‍ നിന്ന് യുഎസിലേക്ക് കുടിയേറുകയായിരുന്നു.
നേരത്തെ, ഡെമോക്രാറ്റിക് സെനറ്റര്‍ റിച്ചാര്‍ഡ് ഡര്‍ബിന്റെ ഡപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്നു ഇവര്‍. മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയുള്ള ജുഡീഷ്യറി സബ് കമ്മിറ്റിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദധാരിണിയാണ്.
ഫലസ്തീന്‍-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ സ്വന്തം നാടിനു വേണ്ടി ശക്തമായി നില കൊണ്ട നേതാവ് കൂടിയാണ് റീമ. നിരാശരായ ജനതയുടെ അവസാനത്തെ അഭയമാണ് ചാവേര്‍ ബോംബറുകള്‍ എന്ന് ഒരിക്കല്‍ അവര്‍ പറഞ്ഞിരുന്നു. ജോര്‍ദാനിലെ സാമൂഹിക നീതി മന്ത്രിയായിരുന്ന മുസ്തഫ ദോദിന്റെ കൊച്ചു മകള്‍ കൂടിയാണ് ഇവര്‍.
അറബ് ലോകവുമായുള്ള യുഎസിന്റെ ബന്ധം ഡൊണാള്‍ഡ് ട്രംപില്‍ നിന്ന് സമ്പൂര്‍ണമായി വ്യത്യസ്തമായിരിക്കും എന്ന സൂചനയാണ് പുതിയ നിയമനങ്ങളില്‍ ട്രംപ് നല്‍കുന്നത്. അറബ് ലോകത്ത് ട്രംപിനേക്കാള്‍ ജനപിന്തുണയും ബൈഡനുണ്ട്.