ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പുകഴ്ത്തിക്കൊണ്ട് ബറേലി അഡീഷണല്‍ ജില്ലാ ജഡ്ജി നടത്തിയ പരാമര്‍ശം തള്ളി അലഹബാദ് ഹൈക്കോടതി. ജസ്റ്റിസ് റാം മനോഹര്‍ നാരായണ്‍ മിശ്രയുടെതാണ് നടപടി.
രാഷ്ട്രീയവും വ്യക്തിപരമായ വീക്ഷണങ്ങളുമടങ്ങുന്ന അനാവശ്യ പ്രസ്താവനകളാണ് ബറേലി അഡീഷണല്‍ ജില്ലാ ജഡ്ജി നടത്തിയതെന്ന് അലഹബാദ് ഹൈക്കോടതി ചൂണ്ടിക്കാട്ടി. മാര്‍ച്ച് അഞ്ചിനാണ് യോഗിയെ പുകഴ്ത്തിക്കൊണ്ട് ജഡ്ജി രംഗത്തെത്തിയത്. കോടതി ഉത്തരവ് പൊതു ഉപഭോഗത്തിന് വേണ്ടിയുള്ളതാണെന്ന് ഹൈകോടതി പറഞ്ഞു. അത്തരം ഉത്തരവുകളിൽ ജനങ്ങൾ തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും പരാമര്‍ശങ്ങള്‍ നീക്കം ചെയ്ത് കൊണ്ട് ഹൈക്കോടതി കൂട്ടിച്ചേർത്തു.
2010ലെ ബറേലി കലാപവുമായി ബന്ധപ്പെട്ട കേസിനിടെയാണ് യോഗിയെ പുകഴ്ത്തിക്കൊണ്ട് ജഡ്ജിയുടെ പരാമര്‍ശം. അധികാരത്തിന്റെ തലവന്‍ ഒരു മതവിശ്വാസിയായിരിക്കണമെന്നാണ് ജഡ്ജി പറഞ്ഞത്. ‘ഒരു മതവിശ്വാസിയുടെ ജീവിതം ആസ്വാദനത്തിനുള്ളതല്ല ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെതുമാണ്. ഇത് ശരിയാണെന്ന് തെളിയിച്ച ആളാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്,’ ജഡ്ജി പറഞ്ഞു.
ഒരു മതവിശ്വാസിയുടെ കയ്യിലാണ് അധികാരമെങ്കില്‍ അത് വളരെ നല്ല ഫലങ്ങള്‍ നല്‍കുമെന്നും ജഡ്ജി കൂട്ടിച്ചേര്‍ത്തു. യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍ ഇല്ലായിരുന്നെങ്കില്‍ ബറേലിയില്‍ മറ്റൊരു കലാപം കൂടെ നടക്കുമായിരുന്നെന്നും ജഡ്ജി പറഞ്ഞിരുന്നു. ബറേലി അഡീഷണല്‍ ജില്ലാ ജഡ്ജി നടത്തിയ ഈ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി ജഡ്ജിമാര്‍ ഉത്തരവുകളില്‍ വ്യക്തിപരമായ കാര്യങ്ങളോ മുന്‍വിധിയോ പ്രകടിപ്പിക്കാന്‍ പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.