X

റണ്‍വേയുടെ നീളം കുറയ്ക്കല്‍ വിമാനത്താവളത്തിന് തിരിച്ചടിയാവും

റെസയുടെ പേരില്‍ വിമാനത്താവളത്തിന്റെ റണ്‍വേയുടെ നീളം കുറയ്ക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം കരിപ്പൂരിനെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന ആരോപണം ഉയരുന്നു. വലിയ സര്‍വീസുകള്‍ അനുകൂലമാവണങ്കില്‍ നിലവിലെ റണ്‍വേയുടെ നീളം കുറച്ച് പകരം റണ്‍വേ എന്റ് സേഫ്റ്റി (റെസ) യുടെ നീളം വര്‍ധിപ്പിക്കണമെന്നാണ് ഡി.ജി.സി.എ യുടെ വിചിത്ര കണ്ടത്തല്‍. വിമാനാപകടത്തിന്റെ പേരില്‍ വലിയ വിമാനങ്ങള്‍ നിര്‍ത്തല്‍ ചെയ്തപ്പോള്‍ കാരണമായിപ്പറഞ്ഞിരുന്നത് റണ്‍വേയുടെ അപാകതയായിരുന്നു. എന്നാല്‍ ദുരന്ത കാരണം പൈലറ്റിന് വന്ന അശ്രദ്ധയാണന്ന് തുടക്കം മുതല്‍ നടന്ന അന്വേഷണങ്ങളില്‍ വ്യക്തമായതാണ്.

വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറിയാല്‍ ചെന്ന് നില്‍ക്കാനുള്ള ഏരിയയാണ് റണ്‍വേ എന്റ് സേഫ്റ്റി (റെസ). ഇത് വീതി കൂട്ടാനാണ് ഡി.ജി.സി.എയുടെ പുതിയ തീരുമാനം. നിലവില്‍ 2860 മീറ്ററാണ് റെണ്‍വേയുടെ നീളം. 90 മീറ്റര്‍ വീതം റെസയുണ്ട്. ഇത് 240 മീറ്റര്‍ വേണണെന്നാണ് ഡി.ജി.സി.എയുടെ പുതിയ കണ്ടെത്തല്‍. ഇതിനായി 150 മീറ്റര്‍ വീതം വീതി കൂട്ടണമെന്നാണ് നിര്‍ദ്ദേശം.
എന്നാല്‍ ഇത് നിലവിലുള്ള റെണ്‍വേ 2860 മീറ്ററില്‍ നിന്ന് 2560 മീറ്ററായി കുറയാന്‍ കാരണമാകും. മുമ്പ് റണ്‍വേയുടെ നീളം കൂട്ടണമെന്നുപറഞ്ഞ ഡി.ജി.സി.എ തന്നെ റെസക്കു വേണ്ടി റണ്‍വേ വെട്ടി മുറിക്കുന്നത് ദുരൂഹമാണ്. റെസയുടെ നീളം കൂട്ടുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്ന മുറക്ക് നിലവിലുള്ള റണ്‍വെയിലെ ക്രമീകരണങ്ങളെല്ലാം താളം തെറ്റും.

റണ്‍വേ നവീകരണത്തിന്റെ ഭാഗമായി ഒന്നര വര്‍ഷത്തോളമായിരുന്നു വിമാനത്താവളം ഭാഗികമായി അടച്ചിട്ടിരുന്നത്. അന്ന് നിലച്ച വലിയ സര്‍വീസുകള്‍ ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് തിരിച്ചെത്തിയിരുന്നത്. എന്നാല്‍ ഇതിന് പിന്നാലെ പറന്നിറങ്ങിയ വിമാന ദുരന്തം വീണ്ടും വലിയ സര്‍വീസുകള്‍ക്ക് കൂച്ചുവിലങ്ങായി. റെസ വീതികൂട്ടി റണ്‍വേ നീളം കുറയ്ക്കുന്ന നടപടിയില്‍ എം.പിമാര്‍ ഉള്‍പ്പെടെ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ, സന്നദ്ധ സംഘനടകളും പ്രതിഷേധമുയര്‍ത്തിയതാണ്. എന്നാല്‍ ഇതൊന്നും മുഖവിലക്കെടുക്കാതെ ഏകപക്ഷീയമായ നിലപാടാണ് കേന്ദ്രം കൈ കൊള്ളുന്നത്.

Test User: