X

മാനവികതയുടെ വീണ്ടെടുപ്പ്-റാശിദ് ഗസ്സാലി

മനുഷ്യന്‍ തോല്‍ക്കുകയും ഇസങ്ങള്‍ ജയിക്കുകയും ചെയ്യുന്ന സങ്കീര്‍ണമായ കാലത്താണ് നാമുള്ളത്. മനുഷ്യബന്ധങ്ങള്‍ ശിഥിലമാകുകയും കൂടുതല്‍ കൂടുതല്‍ മുറിവുകള്‍ രൂപപ്പെടുകയും ചെയ്യുന്ന വര്‍ത്തമാന ലോകത്ത് നമ്മുടെ കൂട്ടായ്മകള്‍ ശ്രദ്ധയൂന്നേണ്ടത് മനുഷ്യത്വത്തിന്റെ വീണ്ടെടുപ്പിനാണ്. മതങ്ങളും ആഘോഷങ്ങളും ആചാര അനുഷ്ഠാനങ്ങളുമെല്ലാം അന്യരുടെ വികാരങ്ങളെ വ്രണപ്പെടുത്തുകയല്ല, ബന്ധങ്ങളെ കൂട്ടിയിണക്കുകയാണ് ചെയ്യുന്നത്.

ഉന്നത മൂല്യങ്ങളില്‍ അടിയുറച്ച് ജീവിക്കാനുള്ള പരിസരമൊരുക്കുകയാണ് ആരാധനാധികര്‍മങ്ങള്‍. ജീവിത സാഹചര്യങ്ങളില്‍ മാറ്റമുണ്ടാക്കാത്ത വിശ്വാസ സംഹിതകള്‍കൊണ്ടെന്ത് പ്രയോജനമാണ്?. സത്യം പറയാനും ധര്‍മം നിലനിര്‍ത്താനും നീതി നടപ്പിലാക്കാനും നിമിത്തമാകുന്ന വിശ്വാസസങ്കല്‍പങ്ങള്‍ക്കുമാത്രമേ കാലത്തെ അതിജീവിക്കാന്‍ കഴിയുകയുള്ളൂ. മനുഷ്യമക്കള്‍ മനുഷ്യനാകാന്‍ പഠിക്കേണ്ടിയിരിക്കുന്നു എന്ന കവി വചനം ഏറെ ശ്രദ്ധേയമാണ്. ആകാശത്തിലെ പറവകളെ പോലെ പറന്നുയരാനും, സമുദ്രത്തിലെ മത്സ്യങ്ങളെ പോലെ നീന്തിത്തുടിക്കാനും പഠിച്ചു, എന്നാല്‍ മനുഷ്യനെ പോലെ ജീവിക്കാന്‍ മാത്രം പഠിക്കാതെ പോകുന്നു. ജോണ്‍ കീറ്റ്‌സിന്റെ പ്രസ്തുത വാക്കുകള്‍ അന്വര്‍ത്ഥമാക്കും വിധമുള്ള വാര്‍ത്താവിശേഷങ്ങളാണ് അനുദിനം കേട്ടുകൊണ്ടിരിക്കുന്നത്.

വിശപ്പും ദാനവും കരുണയും വിട്ടുവീഴ്ചയും മുഖമുദ്രയാക്കി വ്രതനാളുകളെ ആവേശപൂര്‍വം ആചരിക്കുമ്പോള്‍ ആത്മഗതം പോലെ ആരായേണ്ടത് മാനവിക മൂല്യങ്ങളെ ഉണര്‍ത്തുന്നതില്‍ എത്ര കണ്ട് വിജയിക്കുന്നുവെന്നാണ്. വിരുന്നുകളിലും കാരുണ്യ വിഹിതങ്ങളിലും ചുറ്റുമുള്ള പാവങ്ങളെ ഒരുപോലെ കാണാനും പരിഗണിക്കാനും കഴിയണം. ഭൂമിയിലെ ഏറ്റവും വിശിഷ്ടമായ കര്‍മ്മമേതാണ് എന്ന ചോദ്യത്തിന് തിരുമേനി മറുപടി കൊടുത്തത്, അപരന്റെ ഹൃദയത്തില്‍ സന്തോഷം ഇട്ടുകൊടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്നായിരുന്നു. അയല്‍പക്കത്തും നാട്ടിലും കുടുംബത്തിലുമുള്ള വേണ്ടപ്പെട്ടവര്‍ക്കൊക്കെ സ്‌നേഹവും കരുതലും കാണിക്കുന്ന മനുഷ്യ ബോധമാണ് വിശ്വാസത്തിന്റെ യഥാര്‍ത്ഥ ഫലം. ഹൃദയം മലിനപ്പെടുത്തി കര്‍മം വര്‍ധിപ്പിച്ചിട്ടെന്ത് കാര്യം?

സഹജീവികളെ പിണക്കിയിട്ട് ദൈവത്തെ പ്രീതിപ്പെടുത്തിയിട്ടെന്ത് ഫലം? ഇങ്ങനെയൊരു മനുഷ്യന്‍ ഞങ്ങള്‍ക്കിടയില്‍ ജീവിച്ചിരുന്നു എന്ന് സ്‌നേഹവായ്‌പോടെ ജനം ഓര്‍ക്കുകയും പങ്കുവെക്കുകയും ചെയ്യുംവിധം സക്രിയമായി ജീവിക്കുക എന്നതാവണം ലക്ഷ്യം. ഓര്‍ക്കുന്നവര്‍ക്കൊക്കെ നനവുള്ള മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച് മുന്നോട്ട് നീങ്ങാന്‍ കഴിയുന്ന നല്ല മനുഷ്യരാവുക എന്നതാവണം പ്രഥമ പരിഗണന.നിങ്ങള്‍ക്ക് രണ്ട് സുഹൃത്തുക്കളുണ്ട്. ഒന്ന് വിശ്വാസത്തില്‍ നിന്നെപ്പോലെ ചിന്തിക്കുന്നവരും മറ്റൊന്ന് മനുഷ്യത്വത്തില്‍ നിന്നോട് സഹവസിക്കുന്നവരും എന്ന അലി (റ)ന്റെ വചനം നാം നെഞ്ചോട് ചേര്‍ക്കേണ്ടിയിരിക്കുന്നു.

Chandrika Web: