യു.എസ് വിമാന വാഹിനിക്കപ്പല്‍ ഉത്തരകൊറിയ ലക്ഷ്യമാക്കി നീങ്ങുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കെ ഡൊണാള്‍ഡ് ട്രംപിനെ വെല്ലുവിളിച്ച് ഉത്തരകൊറിയ. അമേരിക്കയുടെ വിമാന വാഹിനിക്കപ്പലിനെ നേരിടാന്‍ തങ്ങള്‍ ഒരുക്കമാണെന്ന് ഉത്തരകൊറിയ വ്യക്തമാക്കി.
ഉത്തരകൊറിയയുടെ മിസ്സൈല്‍-ആണവ പരീക്ഷണങ്ങളും അമേരിക്കക്കെതിരായ ആക്രമണ ഭീഷണിയും ഉയര്‍ത്തിയ ആശങ്കകളെത്തുടര്‍ന്ന് യു.എസ് വിമാന വാഹിനിക്കപ്പല്‍ ഉത്തരകൊറിയന്‍ തീരത്തേക്ക് അടുപ്പിക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആജ്ഞാപിച്ചിരുന്നു. അമേരിക്കയുടെ യു.എസ്.എസ് കാള്‍ വിന്‍സണ്‍ വിമാന വാഹിനിക്കപ്പലാണ് പടിഞ്ഞാറന്‍ പസഫിക്കില്‍ ഭീതിയുയര്‍ത്തി ഉത്തരകൊറിയന്‍ തീരം ലക്ഷ്യമാക്കി നീങ്ങുന്നത്.
അതേസമയം, വിമാന വാഹിനിക്കപ്പല്‍ ഏതു ഭാഗത്താണുള്ളതെന്നോ എവിടേക്കാണ് നീങ്ങുന്നതെന്നോ വെളിപ്പെടുത്താന്‍ അമേരിക്ക തയാറായില്ല. ദിവസങ്ങള്‍ക്കുള്ളില്‍ തീരമടുക്കുമെന്ന ശനിയാഴ്ച വ്യക്തമാക്കിയ യു.എസ് വൈസ് പ്രസിഡന്റ് മൈക്ക പെന്‍സ് കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാതെ ഒഴിഞ്ഞുമാറി. എന്നാല്‍ ഉത്തരകൊറിയ അത്തരം വാര്‍ത്തകളെല്ലാം ഇതുവരെ നിഷേധിക്കുകയായിരുന്നു. ആ നിലപാടാണ് ഇപ്പോള്‍ മാറിയിരിക്കുന്നത്.
‘അമേരിക്കയുടെ ആണവശക്തിയുള്ള വിമാന വാഹിനിക്കപ്പല്‍ ഒറ്റ ആക്രമണത്തോടെ തകര്‍ത്തുകളയാന്‍ ഞങ്ങളുടെ സേന സജ്ജമാണ്’ -ഉത്തരകൊറിയ ഭരണകക്ഷിയുടെ മുഖപത്രമായ റോഡോങ് സിന്‍മണ്‍ പറഞ്ഞു. ഞങ്ങളുടെ സേനയുടെ ശക്തി എത്രയാണെന്ന് തെളിയിക്കുന്നതാവും ഈ ആക്രമണമെന്നും പത്രം പറയുന്നു. ആദ്യ രണ്ടു പേജുകളില്‍ ഉത്തരകൊറിയന്‍ മേധാവി കിം ജോങ് ഉന്‍ പന്നി ഫാമുകള്‍ സന്ദര്‍ശിക്കുന്ന ഫീച്ചര്‍ നല്‍കിയ പത്രത്തിന്റെ മൂന്നാം പേജിലാണ് ഇതു സംബന്ധമായ വാര്‍ത്ത വന്നിരിക്കുന്നത്.
കൊറിയന്‍ പീപ്പിള്‍ സേനാ രൂപീകരണത്തിന്റെ 85ാം വാര്‍ഷികാഘോഷം ചൊവ്വാഴ്ച നടക്കാനിരിക്കെയാണ് പുതിയ വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നത്. ആണവപരീക്ഷണങ്ങളിലൂടെയാണ് മുന്‍കാല വാര്‍ഷികങ്ങള്‍ ആഘോഷിച്ചതെന്നതും ശ്രദ്ധേയമാണ്. അഞ്ച് ആണവപരീക്ഷണങ്ങളാണ് ഇതിനകം തന്നെ ഉത്തരകൊറിയ നടത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം മാത്രം രണ്ട് ആണവപരീക്ഷണങ്ങള്‍ ഉത്തരകൊറിയ നടത്തിയിരുന്നു. അമേരിക്ക വരെ എത്തുന്ന ആണവായുധങ്ങടങ്ങിയ മിസ്സൈല്‍ നിര്‍മാണം പുരോഗമിക്കുന്നു.
യു.എന്നിന്റെ നിരോധനം നിലനില്‍ക്കെത്തന്നെ ബാലിസ്റ്റിക് മിസ്സൈലുകളുടെ പരീക്ഷണ പരമ്പരക്ക് തന്നെയാണ് ഉത്തരകൊറിയ നേതൃത്വം നല്‍കിയത്. ഉത്തരകൊറിയ ഉയര്‍ത്തുന്ന ആണവ-മിസ്സൈല്‍ ഭീഷണികള്‍ ട്രംപ് നേതൃത്വം നല്‍കുന്ന അമേരിക്കയെയാണ് കൂടുതല്‍ ചൊടിപ്പിച്ചത്. എന്ത് ശക്തി ഉപയോഗിച്ചും ഉത്തരകൊറിയയെ ചെറുക്കുമെന്ന് പറഞ്ഞ ട്രംപ് സൈനിക ആക്രമണങ്ങളുള്‍പ്പടെയുള്ള ചര്‍ച്ചകള്‍ മേശപ്പുറത്താണെന്നും നേരത്തെ പറഞ്ഞിരുന്നു.