നരിപ്പറ്റ: കടക്ക് മുന്നില്‍ സ്ഥാപിച്ച കോണ്‍ഗ്രസിന്റെ കൊടിമരം മാറ്റിയില്ലെങ്കില്‍ കടക്ക് അനുമതി നല്‍കില്ലെന്ന സി.പി.എം ഭരിക്കുന്ന ഗ്രാമപഞ്ചായത്ത് ഭരണസമിതി. നരിപ്പറ്റ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ രാഷ്ട്രീയ പകപ്പോക്കലിന് മുന്നില്‍ ജീവിതം വഴിമുട്ടി നില്‍ക്കുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സിദ്ദീഖ്. ഹൃദ്രോഗിയായ സിദ്ദീഖിന്റെ കട പൊളിച്ചു മാറ്റാന്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ് പഞ്ചായത്ത് ഭരണസമിതി. കട പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് മുന്നിലുള്ള കൊടിമരം മാറ്റണമെന്ന് സി.പി.എമ്മിന്റെ പ്രാദേശിക നേതാവ് സിദ്ദീഖിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സിദ്ദീഖ് ഇതിന് തയ്യാറായില്ല. ഇത് അംഗീകരിക്കാന്‍ തയ്യാറാവാതെ കടക്ക് അനുമതി നല്‍കില്ലെന്ന പിടിവാശിയിലാണ് സി.പി.എം പഞ്ചായത്ത് ഭരണസമിതി.
വീടിനോട് ചേര്‍ന്ന പഴയ കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം പണിയുകയായിരുന്നു. കെട്ടിടത്തിന്റെ അനുമതിക്കായി സിദ്ദീഖ് പഞ്ചായത്ത് ഓഫീസ് കയറി ഇറങ്ങാന്‍ തുടങ്ങിയിട്ട് വര്‍ഷം അഞ്ച് കഴിഞ്ഞു. അനുമതി നല്‍കാനാവില്ലെന്ന പിടിവാശിയിലാണ് സി.പി.എം നേതൃത്വം. ഇതിനിടെ കെട്ടിടം പരിശോധിച്ച ഓവര്‍സിയറുടെ നിര്‍ദേശപ്രകാരം കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിച്ചുനീക്കി. ഇനി അനുമതിക്ക് തടസമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നിട്ടും ഇതുവരെ കടക്ക് അനുമതി ലഭിച്ചിട്ടില്ല.
കട അനധികൃതമാണെന്ന് കാണിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്നാണ് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ പറയുന്ന ന്യായം. എന്നാല്‍ ആരാണ് പരാതിക്കാരന്‍ എന്ന ചോദ്യത്തിന് ഇവര്‍ക്ക് മറുപടിയില്ല. ഹൃദയാഘാതത്തെ തുടര്‍ന്ന് ബൈപ്പാസ് സര്‍ജറിക്ക് വിധേയനായ സിദ്ദീഖും കുടുംബവും കടയില്‍ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ടാണ് കുടുംബം പുലര്‍ത്തുന്നത്. സി.പി.എമ്മിന്റെ രാഷ്ട്രീയ പകപ്പോക്കലിന് മുന്നില്‍ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ഈ കുടുംബം.