തിരുവനന്തപുരം: കാലവര്‍ഷം നാശം വിതച്ച ആറു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലാണ് അലര്‍ട്ട് പ്രഖ്യാപിച്ചത്.
അതേസമയം, കോഴിക്കോട് താമരശ്ശേരി ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരുടെ എണ്ണം നാലായി. വെട്ടിയൊഴിഞ്ഞതോട്ടം സലീമിന്റെ മകള്‍ ദില്‍ന, മകന്‍ മുഹമ്മദ് ഷഹബാദ്, ജാഫറിന്റെ മകന്‍, അര്‍മാന്റെ ഭാര്യ എന്നിവരാണ് മരിച്ചത്. സലീമും ഭാര്യയും മൂത്ത മകന്‍ മുഹമ്മദ് ഹമ്മാസും കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അടുത്ത 48 മണിക്കൂര്‍ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തീരപ്രദേശങ്ങളില്‍ രൂക്ഷമായ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമുണ്ട്. നാലു മീറ്റര്‍ വരെ തീരമാലകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുമുണ്ടാകും.
വടക്കന്‍ കേരളത്തെ ഒന്നാകെ പിടിച്ചുലച്ച് കനത്ത മഴയും ഉരുള്‍പ്പൊട്ടലും തുടരുകയാണ്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം. താമരശ്ശേരിയിലും കക്കയത്തുമായി നാലിടത്ത് ഉരുള്‍പ്പൊട്ടി.