X
    Categories: indiaNews

റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് തിരിച്ചുകയറി രൂപ

സര്‍വകാല റെക്കോര്‍ഡ് താഴ്ചയിലേക്ക് ഇറങ്ങിയ രൂപ തിരിച്ചുകയറി. എട്ടു പൈസയുടെ നേട്ടത്തോടെ ഡോളര്‍ ഒന്നിന് 84 രൂപ 38 പൈസ എന്ന നിലയിലേക്കാണ് മൂല്യം ഉയര്‍ന്നത്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില താഴ്ന്ന നിലവാരത്തില്‍ എത്തിയതാണ് രൂപയുടെ മൂല്യം ഉയരാന്‍ സഹായകമായതെന്ന് വ്യാപാരികളുടെ നിഗമനം.

ഓഹരി വിപണിയില്‍ നിന്ന് വിദേശനിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്ക് തുടരുകയും ഡോളര്‍ ശക്തിയാര്‍ജിക്കുകയും ചെയ്യുന്നതിനിടെയാണ് രൂപയുടെ കയറ്റം. ഇന്ന് 84.42 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം ആരംഭിച്ചത്. വ്യാപാരത്തിനിടെ 84.38 എന്ന നിലയിലേക്ക് രൂപയുടെ മൂല്യം ഉയരുകയായിരുന്നു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 71.40 ഡോളര്‍ എന്ന നിലയിലാണ്.

വ്യാഴാഴ്ച ഏഴു പൈസയുടെ നഷ്ടത്തോടെ 84.46 എന്ന തലത്തിലേക്ക് താഴ്ന്നതോടെയാണ് രൂപയുടെ മൂല്യം സര്‍വകാല റെക്കോര്‍ഡ് താഴ്ച രേഖപ്പെടുത്തിയിരുന്നു.

ഓഹരി വിപണിയില്‍ ഇടിവ് തുടരുന്നു. ബിഎസ്ഇ സെന്‍സെക്സ് 500 പോയിന്റ് ഇടിഞ്ഞു. നിഫ്റ്റി 23,500 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെ എത്തി. ഐടി ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടതെന്നാണ് റിപ്പോര്‍ട്ട്.

 

 

webdesk17: