ചണ്ഡീഗഡ്: ഭാര്യ അറിയാതെ അവരുടെ ഫോണ്‍ കോളുകളും ടെലിഫോണ്‍ സംഭാഷണങ്ങളും റെക്കോര്‍ഡ് ചെയ്യുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമെന്ന് പഞ്ചാബ് – ഹരിയാനാ ഹൈക്കോടതി. ബതിന്ദ കുടുംബകോടതി വിധി ചോദ്യം ചെയ്ത് യുവതി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് ലിസ ഗില്‍ അധ്യക്ഷനായ ഹൈക്കോടതി ബെഞ്ചിന്റെ സുപ്രധാന നിരീക്ഷണം.
തിരുത്തല്‍ നടപടികള്‍ക്കു വേണ്ടി ഭാര്യയുടെ ഫോണ്‍ കോളുകള്‍ റെക്കോര്‍ഡ് ചെയ്ത് സി.ഡി രൂപത്തിലാക്കി സൂക്ഷിച്ചതില്‍ തെറ്റില്ലെന്ന ബതിന്ദ കുടുംബ കോടതി വിധി ചോദ്യം ചെയ്താണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്. 2009ലാണ് ഇരുവരും വിവാഹിതരായത്. ഇതില്‍ ഒരു മകളുമുണ്ട്. 2017ല്‍ വിവാഹ മോചനം ആവശ്യപ്പെട്ട് യുവാവ് കോടതിയെ സമീപിച്ചു. തന്റെ ഹര്‍ജിക്ക് ബലം നല്‍കുന്നതിനു വേണ്ടിയാണ് യുവാവ് ഭാര്യ അറിയാതെ അവരുടെ ഫോണ്‍ കോളുകള്‍ റെക്കോര്‍ഡ് ചെയ്ത് കോടതിയില്‍ സമര്‍പ്പിച്ചത്. ഇത് ചോദ്യം ചെയ്ത യുവതിയുടെ നടപടി കുടുംബ കോടതി തള്ളുകയായിരുന്നു. തുടര്‍ന്നാണ് യുവതി കോടതിയെ സമീപിച്ചത്. യുവാവിന്റെ നടപടി വ്യക്തമായ സ്വകാര്യതാ ലംഘനവും ശിക്ഷാര്‍ഹവുമായ നടപടിയാണെന്ന് കോടതി നിരീക്ഷിച്ചു.
ഏതു സാഹചര്യത്തിലാണ് സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടതെന്ന് കണ്ടെത്തുക എളുപ്പമല്ല. അതുകൊണ്ടുതന്നെ ഇത് തെളിവായി സ്വീകരിക്കുന്നതിനും പരിമിതികളുണ്ടെന്നും കോടതി പറഞ്ഞു.