X

പത്തനംതിട്ടയില്‍ പോക്‌സോ കേസില്‍ റെക്കോര്‍ഡ് ശിക്ഷ; 142 വര്‍ഷം കഠിനതടവ്

പത്തനംതിട്ട : പത്തുവയസുകാരിക്ക് നേരേ ലൈംഗികാതിക്രമം കാട്ടിയ കേസില്‍ കുട്ടിയുടെ അടുത്ത ബന്ധുവിനെതിരെ റെക്കോര്‍ഡ് ശിക്ഷ വിധിച്ച് പത്തനംതിട്ട പോക്‌സോ കോടതി. അഡിഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് കോടതി 1 (പ്രിന്‍സിപ്പല്‍ പോക്‌സോ കോടതി) ജഡ്ജ് ജയകുമാര്‍ ജോണ്‍ ആണ് 142 വര്‍ഷം കഠിനതടവും അഞ്ചു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴ ഒടുക്കാതിരുന്നാല്‍ മൂന്നു വര്‍ഷം കൂടി തടവനുഭവിക്കണം. ശിക്ഷ ഒരുമിച്ച് 60 വര്‍ഷം അനുഭവിച്ചാല്‍ മതി.

തിരുവല്ല പൊലീസ് കഴിഞ്ഞവര്‍ഷം മാര്‍ച്ച് 20 ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ തിരുവല്ല കവിയൂര്‍ ഇഞ്ചത്തടി പുലിയാലയില്‍ ബാബു എന്ന് വിളിക്കുന്ന ആനന്ദന്‍ പി. ആര്‍ (41) നെ ജില്ലയില്‍ പോക്‌സോ കേസില്‍ ഇതുവരെയുള്ള ഏറ്റവും കൂടിയ കാലയളവിലേക്കുള്ള ശിക്ഷവിധിച്ച് ഉത്തരവായത്. കുട്ടിക്കും മാതാപിതാകള്‍ക്കുമൊപ്പം ഒന്നിച്ചതാമസിച്ചുവന്ന ഇയാള്‍, 2019 ഏപ്രില്‍ 20 നുശേഷമുള്ള ഒരു ദിവസവും, 2021 മാര്‍ച്ച് 18 രാത്രി 8 മണിവരെയുള്ള കാലയളവില്‍ പലതവണയും ഗുരുതരമായ ലൈംഗികാതിക്രമം കാട്ടിയെന്നതാണ് കേസ്. 12 വയസ്സില്‍ താഴെയുള്ള കുട്ടിയോട് രക്തബന്ധുവായ പ്രതി കാട്ടിയ കുറ്റകൃത്യം അതീവ ഗൗരവതരമെന്ന് കണ്ടാണ് കോടതി ഇത്രയും കൂടിയ കാലയളവ് ശിക്ഷിച്ചത്.

പ്രോസിക്യൂഷന് വേണ്ടി പ്രിന്‍സിപ്പല്‍ പോക്‌സോ പ്രോസിക്യൂട്ടര്‍ അഡ്വ:ജയ്‌സണ്‍ മാത്യൂസ് ഹാജരായ കേസില്‍ സാക്ഷി മൊഴികളും മെഡിക്കല്‍ രേഖകളും തെളിവുകളും പ്രോസിക്യൂഷന് ശക്തമായ അനുകൂലഘടകങ്ങളായി. തിരുവല്ല പോലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന ഹരിലാല്‍ ആണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയതും, കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതും.

Test User: