ന്യൂഡല്‍ഹി: നാഗാലാന്‍ഡ് തിരഞ്ഞെടുപ്പിനിടെ അങ്ങിങ് അക്രമണം. സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്ക്. നാഗാലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട്(എന്‍ഡിപി ), നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസ്സീവ് പാര്‍ട്ടി(എന്‍ഡിപിപി) എന്നിവയുടെ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് ഒരാള്‍ കൊല്ലപ്പെട്ടത്. അക്കുലോട്ടോ നഗരത്തിലെ പോളിംഗ് ബൂത്തിലായിരുന്നു സംഘര്‍ഷം. അതേസമയം വോട്ടെടുപ്പിനിടെ ബോംബാക്രമണംനടന്നിരുന്നു. ടിസിത്തിലെ ഒരു പോളിങ് ബൂത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഇതില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
കടുത്ത പോരാട്ടം നടന്ന നാഗാലാന്റില്‍ 75 ശതമാനം പോളിങ് രേഖപ്പെടുത്തി. സംസ്ഥാനത്തെ ഉയര്‍ന്ന പോളിങ് ശതമാനമാണിത്. മേഘാലയയിലും റെക്കോര്‍ഡ് പോളിങാണ് രേഖപ്പെടുത്തിയത്. 67 ശതമാനത്തിന് മുകളിലാണ് മേഘാലയയിലെ പോളിങ്. ഇരു സംസ്ഥാനത്തെയും പോളിങ് ശതമാനം ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വക്താക്കള്‍ അറിയിച്ചു.
60 മണ്ഡലങ്ങളിയായി ഇരു സംസ്ഥാനത്തും 59 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. മേഘാലയയിലും നാഗാലാന്‍ഡിലും വാശിയേറിയ മത്സരമാണ് ഇത്തവണ നടക്കുന്നത്. മേഘാലയയില്‍ കഴിഞ്ഞ 15 വര്‍ഷമായി ഭരണത്തിലിരിക്കുന്ന കോണ്‍ഗ്രസിന് ശക്തമായ വെല്ലുവിളിയുയര്‍ത്തുകയാണ് ബിജെപിയും ഗോത്ര വര്‍ഗ പാര്‍ട്ടികളുടെ സഖ്യവും. മേഘാലയയില്‍ മത്സര രംഗത്തുള്ള 370 സ്ഥാനാര്‍ത്ഥികളുടെ വിധി നിര്‍ണയിക്കുക 18.4 ലക്ഷം വോട്ടര്‍മാരാണ്. ക്രൈസ്തവ വോട്ടര്‍മാരുടെ സാന്നിധ്യം കൂടുതലുള്ളതിനാല്‍ ഇവരുടെ പിന്തുണലക്ഷ്യമിട്ടായിരുന്നു ബിജെപിയുടേയും കോണ്‍ഗ്രസിന്റേയും പ്രചാരണം.
കേരളത്തില്‍ നിന്ന് ഉമ്മന്‍ ചാണ്ടി അടക്കമുള്ള നേതാക്കളെ ഇതിനായി കോണ്‍ഗ്രസ് രംഗത്തിറക്കിയപ്പോള്‍ ബിജെപി പ്രചാരണത്തിന്റെ ചുമതല കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനായിരുന്നു. മേഘാലയയിലും നാഗാലാന്‍ഡിലും സ്വാധീനമുണ്ടാക്കാനുള്ള ശ്രമത്തിലാണ് ബിജെപി. ഫലപ്രഖ്യാപനം മാര്‍ച്ച് മൂന്നിനാണ്.