X

തിരിച്ചറിയുക, നന്മകളും നല്ല നേരവും-പ്രൊഫ. പി.കെ.കെ തങ്ങള്‍

Taj Mahal Agra India

‘പായസത്തിന്റെ മേന്മ അത്കഴിക്കുമ്പോഴാണ്’ എന്നൊരു പഴമൊഴിയുണ്ട്. പായസത്തിന്റെ ഗുണഗണങ്ങള്‍ പുകഴ്ത്തിപ്പറയുന്നത് കൊണ്ടോ അത് പരസ്യപ്പെടുത്തുന്നതുകൊണ്ടോ ഒരു നേട്ടവും കിട്ടാന്‍ പോകുന്നില്ല. എന്നാല്‍ ആസ്വാദനത്തില്‍അത് സ്വാദിഷ്ടവും തൃപ്തികരവുമാണെങ്കില്‍ അതാണ് യഥാര്‍ഥ മേന്മ. സല്‍ക്കര്‍മങ്ങളുടെയും അവസ്ഥ ഇത് തന്നെയാണ്. മനുഷ്യന്‍ അനുവര്‍ത്തിക്കേണ്ട സദ്‌വൃത്തികളെക്കുറിച്ച് സ്തുതിച്ചു പറഞ്ഞതുകൊണ്ടായില്ല: അത് പ്രാവര്‍ത്തികമാക്കിയിരിക്കണം. എങ്കിലേ യാഥാര്‍ഥ്യം പുലരുന്നുള്ളൂ.

റമസാന്‍ വ്രതത്തിന്റെ കാര്യത്തിലും ഇതുതന്നെയാണ് വസ്തുത. മനുഷ്യന്‍ പ്രകൃത്യാ ദേഹേച്ഛക്ക് എളുപ്പം വഴിപ്പെടുന്ന പ്രകൃതക്കാരനാണ്. അക്കാരണത്താലാണല്ലോ ആദമും ഹവ്വയും പ്രാരംഭത്തില്‍തന്നെ സ്വര്‍ഗത്തില്‍നിന്ന് പുറത്താക്കപ്പെട്ട് ലോകത്തിന് മാതൃകയായത്. അതില്‍നിന്ന് പാഠമുള്‍ക്കൊണ്ട് മനുഷ്യവംശം ബുദ്ധിപരമായി ചിന്തിച്ച് ഏറ്റവും ഗുണകരമായത് തെരഞ്ഞെടുക്കാനും അതുവഴി ഉത്തമ മനുഷ്യരായിത്തീരാനും വേണ്ടിയാണല്ലോ ഇത്തരമൊരു പാഠം സമൂഹത്തിന് മുമ്പില്‍ അവതരിപ്പിച്ചത്. സല്‍ക്കര്‍മ്മങ്ങള്‍ പലതുമുണ്ട്. അവയില്‍ നിര്‍ബന്ധിതമായിട്ടുള്ളത് സ്രഷ്ടാവ് തന്നെ പഠിപ്പിച്ചു തന്നിട്ടുമുണ്ട്. റമസാന്‍ വ്രതം അവയില്‍ വളരെ വ്യത്യസ്തമായ പ്രാധാന്യമര്‍ഹിക്കുന്നതാണ്.

വ്രതാനുഷ്ഠാനത്തിന്റെ അതുല്യ പ്രാധാന്യം പ്രകടമാക്കുന്ന ദിവ്യമൊഴി ഇങ്ങിനെയാണ്-‘വ്രതം,അത് എനിക്കുള്ളതാണ്; ഞാന്‍ തന്നെയാണ് അതിന് പ്രതിഫലം നല്‍കുന്നതും’. മറ്റ് സല്‍ക്കര്‍മ്മങ്ങള്‍ക്കെല്ലാം മറ്റാരെങ്കിലുമാണ് പ്രതിഫലം നല്‍കുക എന്നാണോ ഇതിനര്‍ത്ഥം? ഒരിക്കലുമല്ല. അത് ഒരു ആലങ്കാരിക പ്രയോഗമാണ്. മറ്റു സല്‍ക്കര്‍മ്മങ്ങളെ അഗണ്യമായി തള്ളിക്കൊണ്ടല്ല അല്ലാഹു നോമ്പിന്റെ മാഹാത്മ്യം ഉയര്‍ത്തിക്കാണിക്കാന്‍ വേണ്ടി ഈ വിവരണം നല്‍കിയിരിക്കുന്നത്. ഇവിടെ ഉള്‍ക്കൊള്ളേണ്ടത് പരിശുദ്ധ റമസാന്‍ വ്രതത്തിന്റെ തുല്യതയില്ലാത്ത മഹത്വത്തെയാണ്. വ്രതാനുഷ്ഠാനം എന്നതിനുള്ള ഒരേഒരു വേദി മനസ്സുമാത്രമാണ്-വ്യക്തി മാത്രമാണ്. ഒരാള്‍ അനുഷ്ഠിക്കുന്ന വ്രതം അത് കുറ്റമറ്റതാണോ, ആത്മാര്‍ഥമാണോ, അതല്ല മറ്റുള്ളവര്‍ക്കിടയില്‍ നോമ്പുകാരനാണെന്ന് ധരിപ്പിക്കാന്‍ വേണ്ടിയാണോ എന്നെല്ലാമുള്ള നിജസ്ഥിതി ആ വ്യക്തിക്കും അല്ലാഹുവിനും മാത്രമേ അറിയാന്‍ കഴിയൂ. ആത്മാര്‍ഥതയില്ലാത്ത ഒരാള്‍ക്ക് മറ്റുള്ളവരുടെ മുമ്പില്‍ നോമ്പുകാരനായി അഭിനയിച്ച് രംഗത്ത് വിലസാന്‍ കഴിഞ്ഞെന്ന് വരും. പക്ഷേ ഹൃദയത്തിനകത്തേക്ക് നോക്കാന്‍ കഴിവുള്ളവന്റെ മുന്നില്‍ അത് വിലപ്പോവില്ലെന്നറിയണം.

വ്രതാനുഷ്ഠാനം പ്രതിനിധാനം ചെയ്യുന്നത് പ്രതീകാത്മകമോ പ്രകടനാത്മകമോ ആയ ആശയത്തെയല്ല. മറിച്ച് സുവ്യക്തമായ പ്രായോഗികതയെയാണ്. വ്രതം എന്നത് വെറും പകല്‍ പട്ടിണി മാത്രമായി അവസാനിപ്പിക്കാനുള്ളതല്ല. ഉണര്‍ന്നിരിക്കുന്ന ഓരോ നിമിഷവും മാനസികമായും കര്‍മപരമായും ഫലപ്രദമായ രീതിയില്‍ പ്രയോജനപ്പെടേണ്ടതാണ്. സാധാരണ ജീവിത ശൈലിയില്‍ നിന്നും വളരെ വിഭിന്നമായി റമസാന്‍ കാലഘട്ടത്തില്‍ കഴിവതും സമയ വിനിയോഗ ശീലം തന്നെ ക്രമപ്പെടുത്തണം. ആധുനിക ജീവിതശൈലിയില്‍ ഒഴുക്കനായി നീങ്ങിയാല്‍ പലപ്പോഴും കൂടുതലായി സല്‍ക്കര്‍മങ്ങളില്‍ മുഴുകാന്‍ അവസരം കിട്ടാതെ പോവാതിരിക്കാന്‍ വേണ്ടിയാണ് ഇത്തരം ഇടക്കാല സമയക്രമം ആവശ്യമാവുന്നത്. മനുഷ്യനില്‍ദാനമായി നിക്ഷിപ്തമായിരിക്കുന്ന എന്തെല്ലാം സിദ്ധികളുണ്ടോ അവയുടെയെല്ലാം കുറ്റമറ്റ പ്രയോഗം നിര്‍വഹിക്കപ്പെടേണ്ടത് പരിശുദ്ധ റമസാനിലാണ്. സമൂഹ നോമ്പുതുറ പരിപാടികള്‍ സംഘടിപ്പിക്കുന്നതിലെ സദുദ്ദേശം വ്യക്തമാണെങ്കിലുംഅതിനിടയിലൂടെ ചോര്‍ത്തിപോവാന്‍ സാധ്യതയുള്ള സൂക്ഷ്മതയുടെ അംശം അവഗണിക്കാവുന്നതല്ല; വിശേഷിച്ചും സംഘാടകര്‍ക്ക്. അതുകൊണ്ടുതന്നെ ഇന്ന് കാണുന്ന, ചിലയിടങ്ങളിലെങ്കിലും ഇത്തരംവിശാല പരിപാടികള്‍ മൂലം അതുമായി ബന്ധപ്പെട്ട നല്ലൊരു വിഭാഗം ആളുകള്‍ക്ക് റമസാന്‍ കാലത്തെ അനിവാര്യമായ പ്രത്യേക കരുതലുകള്‍ പുലര്‍ത്താന്‍ കഴിയാതെ വരുന്നുണ്ടോ എന്ന് ശങ്കിക്കേണ്ടിയിരിക്കുന്നു. അത്തരം പരിപാടി സംഘടിപ്പിക്കാനുദ്ദേശിക്കുന്നവര്‍ നല്ല ലക്ഷ്യത്തോടെ ചെലവാക്കുന്ന വന്‍ തുകകള്‍ അവ കൃത്യമായും കണിശമായും ഉദ്ദിഷ്ട കാര്യത്തിന് വിനിയോഗിക്കുമെന്ന് ഉറപ്പുള്ള മഹല്ലുകള്‍, അനാഥാലയങ്ങള്‍ എന്നിവരെ ഏല്‍പിച്ച് ആ കൃത്യം പൂര്‍ത്തീകരിക്കാവുന്നതാണ്.

പ്രവാചകന്‍ വ്യക്തമാക്കിത്തരുന്നത് ഇപ്രകാരമാണ്: ‘അറിയുക, എല്ലാ രാജാവിനും ഓരോ അതിരുകളുണ്ട്. എന്നാല്‍ അല്ലാഹുവിന്റെ അതിര് എന്നുള്ളത് (അവന്‍ നിശ്ചയിച്ചിട്ടുള്ള) അവന്റെ വിലക്കുകളാണ് ……’ ആ അതിരുകള്‍ ആരും വിട്ടു കടക്കാന്‍ പാടില്ലാത്തതാണ്. അഥവാ ഈ നിയമം ലംഘിച്ച് ആരെങ്കിലും ഹറാമില്‍ ചെന്നു പെട്ടാല്‍ പിന്നെ അവന് മോചനം അസാധ്യമാണ്. റമസാന്‍ മാസം വിടപറയും മുമ്പ് ഓരോരുത്തരും പരിചിന്തനം നടത്തേണ്ടത് അവനവന്റെ ഈ കാലയളവിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ചാണ്. വീണ്ടുവിചാരത്തിനും, പശ്ചാത്താപത്തിനും എപ്പോഴും കവാടങ്ങള്‍ തുറന്നുകിടപ്പുണ്ടെങ്കിലും മരണംവന്നു ഭവിക്കുന്നതെപ്പോഴെന്നാര്‍ക്കും നിശ്ചയമില്ലല്ലോ. കാലം ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കുകയില്ലെന്നത് പരമമായസത്യമാണ്.

Chandrika Web: