ഡോ. അനീസ് അലി
മനുഷ്യന്റെ ചിന്തയേയും പെരുമാറ്റത്തേയും ബാധിക്കുന്ന മാനസിക രോഗമാണ് സ്‌കീസോഫ്രീനിയ. ഒരു തരം ഉന്മാദരോഗമാണിത്. ഓരേ സമയം പരാക്രമിയാവുകയും ചിലപ്പോള്‍ നിശബ്ദനായി മാറുകയും ചെയ്യുന്ന ദ്വിമുഖ ഭാവമാണിതിനുള്ളത്. ചിന്തകള്‍, പെരുമാറ്റം, വികാരങ്ങള്‍, പ്രവര്‍ത്തനശേഷി എന്നിവയില്‍ മസ്തിഷ്‌ക കോശങ്ങളില്‍ സംഭവിക്കുന്ന ഭൗതികവും രാസായനികവുമായ മാറ്റങ്ങളാല്‍ വരുന്ന താളപ്പിഴകളാണ്. സ്‌കീസോഫ്രീനിയ വിരളമായ രോഗമല്ല. കേരളത്തില്‍ ഏകദേശം മൂന്ന് ലക്ഷം ജനങ്ങള്‍ക്ക് രോഗമുണ്ട്.
കാരണം
ജീവശാസ്ത്രപരമായ ഘടകങ്ങള്‍, പ്രധാനമായും മസ്തിഷ്‌കത്തിലെ ജീവരാസ വ്യവസ്ഥയുടെ അസന്തുലിതാവസ്ഥ, പ്രത്യേകിച്ച് നാഡീകോശങ്ങള്‍ തമ്മില്‍ സന്ദേശം കൈമാറുന്നതിനുള്ള ഡോപ്പമിന്‍ എന്ന പദാര്‍ഥത്തിന്റെ അളവുകൂടുന്നതാണ് സ്‌കീസോഫ്രീനിയയുടെ അടിസ്ഥാനപരമായ കാരണം. പാരമ്പര്യത്തിനുള്ള സാധ്യതയും കൂടുതലാണ്. മനഃശാസ്ത്രപരമായ വസ്തുതകള്‍, കുടുംബപ്രശ്‌നങ്ങള്‍, സംഘര്‍ഷങ്ങള്‍ നിറഞ്ഞ ജീവിതം, സാമൂഹിക സാംസ്‌കാരിക സ്വാധീനങ്ങള്‍ അസുഖത്തിന്റെ ആക്കം കൂട്ടുന്നു.
ലക്ഷണം
ചിന്തകളെയും പെരുമാറ്റത്തെയും വികാരങ്ങളെയും പ്രവര്‍ത്തനശേഷിയെയും രോഗം ബാധിക്കുന്നു. സ്‌കീസോഫ്രീനിയ തുടങ്ങുന്നത് ക്രമേണയാണ്. അസുഖത്തിന് ഒരായിരം മുഖങ്ങളുണ്ട്. സ്‌കീസോഫ്രീനിയ രോഗിയില്‍ 30-40 ശതമാനം വരെ പൂര്‍ണമായും രോഗവിമുക്തി നേടുമ്പോള്‍ 30-40 ശതമാനം പേര്‍ തുടര്‍ച്ചയായ പരിചരണത്തിന്റെയും മരുന്നുകളുടെയും സഹായത്താല്‍ ഏറെക്കുറെ മുന്നോട്ട് പോകാന്‍ കഴിവുള്ളവരാണ്.
1. ഒന്നിനും താല്‍പര്യമില്ലായ്മ മറ്റുള്ളവരില്‍നിന്നും ഒഴിഞ്ഞുമാറുക, പഠിത്തം, ജോലി, വൃത്തി, ആഹാരം എന്നിവയില്‍ അലസതയും താല്‍പര്യക്കുറവും.
2. സംശയ സ്വഭാവം- തന്നെ ആക്രമിക്കാന്‍ ശ്രമിക്കുന്നു, പങ്കാളിക്ക് അവിഹിത ബന്ധം, ബാഹ്യശക്തികള്‍ തന്നെ നിയന്ത്രിക്കുന്നു എന്നീ തരത്തിലുള്ള തെറ്റായതും സംഭവിക്കാന്‍ സാധ്യതയില്ലാത്തതുമായ ചിന്തകള്‍.
3. മിഥ്യാനുഭവങ്ങള്‍- മറ്റുള്ളവര്‍ക്ക് കേള്‍ക്കാന്‍ കഴിയാത്ത സാങ്കല്‍പിക ശബ്ദങ്ങള്‍ കേള്‍ക്കുക.
4. വൈകാരിക മാറ്റങ്ങള്‍- ഭയം, ഉത്കണ്ഠ, നിര്‍വികാരത, കാരണമില്ലാതെ ചിരിക്കുക, കരയുക.
5. അദൃശ്യവ്യക്തികളുമായി സംസാരിക്കുക, ബന്ധമില്ലാത്ത, അര്‍ഥമില്ലാത്ത സംസാരം, കണ്ണാടി നോക്കി ചേഷ്ടകള്‍ കാണിക്കുക, ആത്മഹത്യാപ്രവണത.
ചികിത്സ
ആരംഭദിശയില്‍ തന്നെ ചികിത്സ ആരംഭിച്ചാല്‍ രോഗം സുഖപ്പെടുന്നതിനുള്ള സാധ്യത കൂടുതലാണ്. സ്‌കീസോഫ്രീനിയക്ക് ഔഷധ ചികിത്സ, മനഃശാസ്ത്ര ചികിത്സ, അസുഖത്തെക്കുറിച്ചുള്ള ബോധവത്കരണം, പുനരധിവാസം എന്നിവ വളരെ പ്രധാനമാണ്. ഇത്തരത്തില്‍ പൂര്‍ണമായ ചികിത്സക്ക് സൈക്യാട്രിസ്റ്റ്, സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്റ്റ് നഴ്‌സ്, സൈക്യാട്രിസ്റ്റ് സോഷ്യല്‍ വര്‍ക്കര്‍, ഒക്യുപേഷണല്‍ തെറാപിസ്റ്റ് എന്നിവരുടെ പരസ്പര ധാരണയോടുകൂടിയ കൂട്ടായ ചികിത്സയാണ് അഭികാമ്യം.
മരുന്ന്
ആന്റി സൈക്കോട്ടിക് ഔഷധങ്ങള്‍ മസ്തിഷ്‌ക കോശങ്ങളിലെ രാസമാറ്റങ്ങളെ സാധാരണ രീതിയിലാക്കുന്നു. പഴയകാല ഔഷധങ്ങളായ ക്ലോര്‍പ്രോമസിന്‍, ട്രൈഫല്‍പെറാസിന്‍, ഹാലോപെരിഡോള്‍ എന്നിവക്കുപുറമെ പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞതും കൂടുതല്‍ ഫലം ലഭിക്കുന്നതുമായ നവീന ഔഷധങ്ങളായ റിസ്‌പെരിഡോണ്‍, പാലിപ്പെതിഡോണ്‍, ഒലാന്‍സിപൈന്‍, ക്വാറ്റിയാപ്പിന്‍, അരിപിപ്രസോള്‍, ക്ലോസപ്പിന്‍, അമിസള്‍പ്രൈഡ് എന്നിവ ലഭ്യമാണ്. മരുന്ന് കഴിക്കാന്‍ വിസമ്മതിക്കുന്ന രോഗികള്‍ക്കായി ഭക്ഷണത്തില്‍ ചേര്‍ത്ത് കൊടുക്കാവുന്നതും മാസത്തിലൊരിക്കല്‍ ഇന്‍ജക്ഷന്‍ രൂപത്തില്‍ കൊടുക്കാവുന്നതുമായ മരുന്നുകളും ലഭ്യമാണ്.
സൈക്കോതെറാപ്പി
സൈക്യാട്രിസ്‌റ്റോ, സൈക്കോളജിസ്‌റ്റോ ആയി പതിവായി നടത്തുന്ന വ്യക്തിപരമായ സംഭാഷണങ്ങള്‍ രോഗിയുടെ മാനസിക ക്ലേശങ്ങള്‍ക്കും, മ്ലാനതക്കും ഗണ്യമായ പരിഹാരം നല്‍കുന്നു. രോഗിക്ക് സമൂഹത്തിലെ മറ്റുള്ളവരുമായി ആരോഗ്യകരമായി എങ്ങനെ ബന്ധപ്പെടാം എന്നത് ഇത്തരം തെറാപ്പി കാണിച്ചുകൊടുക്കുന്നു.