X

ലഭിച്ചത് കോടികളുടെ ജലവൈദ്യുത കരാര്‍; പിന്നാലെ ഇലക്ടറൽ ബോണ്ട് വാങ്ങിക്കൂട്ടി ബിജെപി എംപിയുടെ സ്ഥാപനം

കോടികളുടെ ജലവൈദ്യുത പദ്ധതി കരാര്‍ ലഭിച്ചതിന് പിന്നാലെ ഇലക്ടറല്‍ ബോണ്ട് വാങ്ങി ബിജെപി നേതാവിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം. 2023 ജനുവരി 14-നാണ് ആന്ധ്ര പ്രദേശില്‍നിന്നുള്ള രാജ്യസഭാ എംപി സി എം രമേശിന്റെ ‘റിത്വിക് പ്രോജക്ട് പ്രൈവറ്റ് ലിമിറ്റഡ്’ കമ്പനിക്ക് ഹിമാചല്‍ പ്രദേശിലെ സുന്നി ജലവൈദ്യുത പദ്ധതിയുടെ നിര്‍മാണ-സംഭരണ കരാര്‍ ലഭിക്കുന്നത്.2 ആഴ്ചയ്ക്കകം അഞ്ചുകോടി രൂപ മൂല്യമുള്ള ഇലക്ടറല്‍ ബോണ്ടും തുടര്‍ന്ന് 40 കോടിയുടെ ബോണ്ടുകളും സ്ഥാപനം വാങ്ങിയതായാണ് കണ്ടെത്തല്‍.

1999 മാര്‍ച്ച് 31-ന് ഹൈദരാബാദില്‍ സ്ഥാപിതമായ ഒരു സ്വകാര്യ സ്ഥാപനമാണ് റിത്വിക് പ്രോജക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ്. ഉത്തരാഖണ്ഡിലെ ജോഷിമഠിലെ തപോവന്‍ വിഷ്ണുഗഡ് ജലവൈദ്യുത പദ്ധതിയുടെ കരാറും ആര്‍പിപിഎല്ലിനാണ്. ജോഷിമഠില്‍ ഭൂമി ഇടിഞ്ഞുതാഴാന്‍ കാരണമായ പദ്ധതികളിലൊന്നായി വിദഗ്ദര്‍ വിലയിരുത്തുന്ന പദ്ധതി കൂടിയാണിത്.

1098 കോടി രൂപയുടെ സുന്നി അണക്കെട്ട് പദ്ധതി ലഭിച്ച പിന്നാലെ, 2023 ജനുവരി 27നാണ് ഒരുകോടിയുടെ 5 ബോണ്ടുകള്‍ ആര്‍.പി.പി എല്‍ വാങ്ങുന്നത്. തുടര്‍ന്ന് 2023 ഏപ്രില്‍ പതിനൊന്നിന്, കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 40 കോടി രൂപയുടെ ബോണ്ടുകളും സ്ഥാപനം വാങ്ങികൂട്ടി.

ഹിമാചല്‍ പ്രദേശിലെ ഷിംല, മണ്ഡി ജില്ലകളിലൂടെ കടന്നുപോകുന്ന സത്ലജ് നദിയിലെ സുന്നി അണക്കെട്ട് പദ്ധതിയുടെ നിര്‍മാണം ഏറെ വിവാദമായിരുന്നു. നാശനഷ്ടം സംഭവിച്ച ഗ്രാമങ്ങളിലെ പ്രദേശവാസികള്‍ക്ക് അര്‍ഹിക്കുന്ന നഷ്ടപരിഹാര തുക നല്‍കിയില്ലെന്നും വാഗ്ദാനം ചെയ്ത തൊഴില്‍ സാധ്യത ലഭിച്ചില്ലെന്നും ഉള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഭൂമിനഷ്ടപ്പെട്ട ആയിരത്തിലധികം ഭൂവുടമകള്‍ 2023 ഡിസംബറില്‍ പ്രതിഷേധം ശക്തമാക്കുകയും ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ രാജ്യവ്യാപക കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.

2014, 2018 വര്‍ഷങ്ങളിലാണ് രമേശ് രാജ്യസഭയിലെത്തുന്നത്. തെലുഗു ദേശം പാര്‍ട്ടിയില്‍നിന്നായിരുന്നു രമേശിന്റെ ബിജെപിയിലേക്കുള്ള കൂറുമാറ്റം. ടിഡിപി എംപിയായിരിക്കെ 2018 ഒക്ടോബറില്‍ രമേശിന്റെ സ്ഥാപനത്തില്‍ ആദായനികുതി, ഇ ഡി വകുപ്പുകള്‍ റെയ്ഡ് നടത്തിയിരുന്നു. ആര്‍പിപിഎല്‍ 98 കോടിയുടെ അനധികൃത പണമിടപാട് നടത്തിയെന്ന് ആരോപിച്ചായിരുന്നു അന്വേഷണം. ഇതിനുപിന്നാലെയാണ് 2019ല്‍ രമേശ് ബിജെപിയില്‍ ചേരുന്നത്.

രമേശിന്റെ കാലാവധി അടുത്ത മാസം അവസാനിക്കാനിരിക്കെ, വിശാഖപട്ടണത്തുനിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കാനും പദ്ധതിയിടുന്നുണ്ട്. അദ്ദേഹത്തിനെതിരായ ആദായനികുതി കേസ് ഇപ്പോഴും നിലവിലുണ്ട്. കഴിഞ്ഞ വര്‍ഷം, അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസിന്റെ റിപ്പോര്‍ട്ടില്‍ ആന്ധ്രാപ്രദേശില്‍ ഏറ്റവും കൂടുതല്‍ സമ്പത്തുള്ള എംപിമാരില്‍ അദ്ദേഹത്തിന്റെ പേരും പരാമര്‍ശിക്കപ്പെട്ടിരുന്നു.

webdesk13: