അഹമ്മദാബാദ്: നിയമസാഭാ തിരഞ്ഞെടുപ്പ് ആസന്നമായ ഗുജറാത്തില്‍ ബി.ജെ.പിക്കുള്ളില്‍ സീറ്റിനായുളള തര്‍ക്കം രൂക്ഷമാകുന്നു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഏകപക്ഷീയമായി എന്നാരോപിച്ച് എം.എല്‍.എ ജീതാ സോളങ്കിയടക്കം നിരവധി പ്രാദേശിക നേതാക്കള്‍ പാര്‍ട്ടി വിട്ടതിന് പിന്നാലെ സ്ഥിതി കൂടുതല്‍ വശളാവുകയും ഒടുവില്‍ പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തുകയായിരുന്നു. സോളങ്കി രാജി വെച്ചതിന് ശേഷം
കമാലം പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതിന് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. സിറ്റിംഗ് ലോക്‌സഭ എം.പി. യും മോദി മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന ലീലാദര്‍ വഗേലയും മകന്റെ സീറ്റിനായി ആവശ്യം ഉയര്‍ത്തുകയായിരുന്നു. തന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മതിയായ സീറ്റ് നല്‍കിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം അഹമ്മദാബാദ് സിറ്റിംഗ് എം.എല്‍.എ യും ബി.ജെ.പി. സിറ്റിങ് പ്രസിഡന്റ്ും സ്ഥിരം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ജഗദീഷ് പഞ്ചലിനെതിരെയും അണികള്‍ പ്രതിഷേധമുയര്‍ത്തി. പ്രാദേശിക ബി.ജെ.പി. നേതാക്കള്‍ പട്യാദാര്‍ സമുദായത്തില്‍ നിന്നുള്ളവരെക്കൂടി തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കണമെന്ന ആവശ്യം ഉയര്‍ത്തിയാണ് ഇവര്‍ രംഗത്തെത്തിയത്. പട്ടിദാര്‍ വിഭാഗത്തിന്റെ പ്രധാന കേന്ദ്രം കൂടിയാണ് നിക്കോള്‍ മണ്ഡലം. മാത്രമല്ല ഒബിസി മണ്ഡലം കൂടിയായ പഞ്ചലിനു വേണ്ടിയും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. നരോദ എം.എല്‍.എ ആയ നിര്‍മ്മല വാധ്വാനിയുടെ ഭാര്യക്ക് ഈ മണ്ഡലം മത്സരത്തിനായി നല്‍കണമെന്ന ആവശ്യവും പാര്‍ട്ടിയിലെ തര്‍ക്കങ്ങളെ രൂക്ഷമാക്കുന്നുണ്ട്. കോണ്‍ഗ്രസ്സില്‍ നിന്ന് ബി.ജെ.പി.ലേക്ക് മാറിയ ദാല്‍സുഖ് പ്രജാപതിയുടെ നേതൃത്വത്തിലുള്ള പ്രജാപതി സമുദായ, നിയമസഭാ തെരഞ്ഞെടുപ്പില്‍ നാല് സീറ്റുകള്‍ ആവശ്യപ്പെട്ടാണ് മുന്നോട്ടു വന്നിരിക്കുന്നത്.
സിറ്റിംഗ് എം.പി യും അഞ്ചുതവണ എം.എല്‍.എ യുമായ പ്രഭാത് സിംഗ് ചൗഹാന്‍ ബി.ജെ.പി. നേതൃത്വത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ ഭാര്യയായ രാംലിബെന്‍ ചൗഹാന് സീറ്റ് നല്‍കണമെന്ന ആവശ്യം പാര്‍ട്ടി അംഗീകരിക്കാത്തതിനെ തുടര്‍ന്നായിരുന്നു ഇദ്ദേഹത്തിന്റെ പരസ്യ പ്രതിഷേധം. ഒ.ബി.സി വിഭാഗത്തിന്റെ പിന്തുണയുള്ള ചൗഹാന്‍ 2002-2009 കാലത്തെ മോദി മന്ത്രിസഭയിലെ മന്ത്രിയായിരുന്നു.
പാര്‍ട്ടി നേതൃത്വം പുറത്തുവിട്ട ആദ്യ മത്സാരാര്‍ഥികളുടെ പട്ടികയില്‍ തൃപ്തരല്ലാത്ത ഒരുവിഭാഗം അണികള്‍ ഇപ്പോഴും പ്രതിഷേധം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. അതില്‍ ഒന്ന് ആദിവാസി എക്ത മഞ്ചാണ്. ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിച്ചിരിക്കുന്ന സ്ഥാനാര്‍ഥി പട്ടികയില്‍ തങ്ങള്‍ക്ക് വേണ്ടത്ര പ്രാതിനിധ്യം നല്‍കയിട്ടില്ലെന്നാണ് ഇവരുടെ പരാതി.
ബറൂച് ജില്ലാ പഞ്ചായത്ത്അംഗം വിജയസിന്‍ഹ് പട്ടേല്‍, സൗരാഷ്ട്രയിലെ മഹുവ കൗണ്‍സിലര്‍ ബിപിന്‍ സങ്‌വി, ജസ്ദാന്‍ മണ്ഡലത്തിലെ ഗജേന്ദ്ര രമണി, മധ്യഗുജറാത്തിലെ വഡോദര ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് കമലേഷ് പര്‍മര്‍ തുടങ്ങിയവരാണ് രാജിവെച്ച പ്രമുഖര്‍. കോദിനാര്‍ മണ്ഡലത്തില്‍നിന്നുള്ള എം.എല്‍.എയാണ് രാജിവെച്ച ജെത സോളങ്കി. ദളിത് വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് ഇദ്ദേഹത്തിന്റെ രാജി. മുഖ്യമന്ത്രി വിജയ് രൂപാണിയുടെ പാര്‍ലമെന്ററി സെക്രട്ടറിമാരില്‍ ഒരാളായിരുന്നു ഇദ്ദേഹം. ഇപ്രാവശ്യം സീറ്റു നല്‍കില്ലെന്ന് പാര്‍ട്ടി നേരത്തെ ഇദ്ദേഹത്തെ അറിയിച്ചിരുന്നു. അങ്ക്‌ലേശ്വര്‍ മണ്ഡലത്തില്‍ സീറ്റ് മോഹിച്ചിരുന്നയാളായിരുന്നു രാജിവെച്ച വിജയസിന്‍ഹ പട്ടേല്‍. ഇവിടെ സിറ്റിങ് എം.എല്‍.എ കൂടിയായ ഈശ്വരസിന്‍ഹ പട്ടേലിനാണ് സീറ്റ് നല്‍കിയിട്ടുള്ളത്. ഇരുവരും സഹോദരന്മാരാണ്.
പട്ടേല്‍മാരുടെ വോട്ടുകള്‍ ചോരുമെന്ന ഭയമുള്ള സൗരാഷ്ട്രയില്‍ അംറേലി സീറ്റ് സിറ്റിങ് എം.എല്‍.എ രാഘവ്ജിഭായ് മക്‌വാനയ്ക്കു തന്നെ നല്‍കിയതിനാണ് ബിപിന്‍ സങ്‌വി രാജിവെച്ചത്. നാലു തവണ ടിക്കറ്റ് ചോദിച്ചതാണെന്നും മണ്ഡലത്തില്‍ പാര്‍ട്ടിയെ കെട്ടിപ്പടുത്തത് താനാണെന്നും സങ്‌വി പറയുന്നു. അംറേലിയോട് ചേര്‍ന്നു കിടക്കുന്ന മണ്ഡലമായ ജസ്ദാനില്‍ ഭാരത് ബോഗ്രയ്ക്ക് സീറ്റു നല്‍കിയതിനെ തുടര്‍ന്നാണ് രമണി പാര്‍ട്ടി വിട്ടത്. നിലവില്‍ കോണ്‍ഗ്രസിന്റെ കൈയിലുള്ള മണ്ഡലമാണിത്. രമണി കോണ്‍ഗ്രസില്‍ ചേരുമെന്നാണ് സൂചന.
വഡോദരയിലെ പദ്ര സീറ്റില്‍ ദിനേശ് പട്ടേലിന് സീറ്റ് നല്‍കിയതിനെ തുടര്‍ന്നാണ് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവായ കമലേഷ് പര്‍മര്‍ പാര്‍ട്ടി വിട്ടത്. മണ്ഡലത്തില്‍നിന്ന് രണ്ടു തവണ തെരഞ്ഞെടുക്കപ്പെട്ട നേതാവാണ് പട്ടേല്‍.
അതിനിടെ, ഗോത്രവിഭാഗങ്ങള്‍ക്ക് സ്വാധീനമുള്ള ദക്ഷിണ ഗുജറാത്തിലെ പത്ത് മണ്ഡലങ്ങളില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് ബി.ജെ.പി അനുകൂല സംഘടനയായ ആദിവാസി ഏക്താ മഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. ആദ്യഘട്ട പട്ടികയില്‍ തങ്ങള്‍ക്ക് വേണ്ടത്ര പരിഗണന കിട്ടിയില്ലെന്നാണ് ഇവരുടെ പരാതി. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തിലാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ണയിച്ചത്. ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ഷായുമായി സ്ഥാനാര്‍ത്ഥി വിഷയം മൂന്നു മണിക്കൂറിലേറെ നേരം ചര്‍ച്ച ചെയ്തിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി, ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍, പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ജിതു വഗാനി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.
എന്നാല്‍ പ്രവര്‍ത്തകരുടേയും നേതാക്കന്മാരുടേയും രാജിയും പ്രതിഷേധങ്ങളും രൂക്ഷമാകുമ്പോഴും സ്ഥിതിഗതികള്‍ പരിഹരിക്കാനാകുമെന്ന പ്രതീക്ഷിലാണ് ഗുജറാത്ത് പാര്‍ട്ടി നേതൃത്വം. എറ്റവും കൂടുതല്‍ തൊഴിലാളികള്‍ വിശ്വസിക്കുന്ന പാര്‍ട്ടി നേതൃത്വമാണ് തങ്ങളുടേതെന്നും തര്‍ക്കങ്ങള്‍ പരിഹരിച്ച് തിരഞ്ഞെടുപ്പിനെ നേരിടുമെന്നും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി അറിയിച്ചു.