ജയ്പൂര്‍: രാജസ്ഥാനില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേതൃ പ്രതിസന്ധിക്കു പിന്നാലെ ബി.ജെ.പിക്ക് വിമത ഭീഷണി. തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ട നാല് എംഎല്‍എമാര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. വസുന്ധര രാജ സിന്ധ്യയുടെ അനുയായികളാണ് വിമത ഭീഷണിയുമായി നില്‍ക്കുന്നവര്‍. ഉപരാഷ്ട്രപതി ഭൈറോണ്‍ സിംഗ് ഷെഖാവത്തിന്റെ മരുമകനും ഈ സംഘത്തില്‍ ഉണ്ട്. ബിജെപി ഓഫീസ് ഉപരോധം അടക്കമുള്ള പ്രതിഷേധവുമായി ഇവരുടെ അനുയായികളും രംഗത്തിറങ്ങുകയാണ്.
കോണ്‍ഗ്രസും ബിജെപിയും നേരിട്ട് ഏറ്റുമുട്ടുന്ന രാജസ്ഥാനില്‍ ഇത്തവണത്തെ പോരാട്ടം ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ഇരു കൂട്ടര്‍ക്കും നിര്‍ണായകമാണ്. കോണ്‍ഗ്രസ് ഭരണത്തുടര്‍ച്ച ലക്ഷ്യമിടുമ്പോള്‍ സച്ചിന്‍ പൈലറ്റ് ഉയര്‍ത്തിയ പാളയത്തിലെ പട തിരിച്ചടിക്കുമോയെന്ന ആശങ്കയിലാണ് അശോക് ഗെലോട്ട് സര്‍ക്കാര്‍. അതേ സമയം മാറിമാറി സര്‍ക്കാരുകളെ പരീക്ഷിക്കുന്ന രാജസ്ഥാനിലെ പതിവില്‍ കണ്ണുവെക്കുന്ന ബിജെപിക്ക് വസുന്ധര രാജെ സിന്ധ്യയുടെ നീക്കങ്ങള്‍ ഒരു ഭാഗത്ത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇത്തവണ ആരെയും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടില്ലെന്ന മോദിയുടെ പ്രഖ്യാപനം രാജസ്ഥാനില്‍ ഉന്നമിട്ടത് വസുന്ധ രാജെ സിന്ധ്യയെ തന്നെയായിരുന്നു.
കേന്ദ്ര മന്ത്രിമാരായ ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, അര്‍ജ്ജുന്‍ റാം മേഘ് വാള്‍ തുടങ്ങിയവരെയൊക്കെ മത്സരരംഗത്തിറക്കി വസുന്ധര മാത്രമല്ല നേതാവ് എന്ന സന്ദേശം ഇതിനോടകം പാര്‍ട്ടി നല്‍കി കഴിഞ്ഞു. മധ്യപ്രദേശ് മോഡല്‍ അട്ടിമറിക്ക് രാജസ്ഥാനില്‍ കളമൊരുക്കിയ ബിജെപിയുടെ പദ്ധതി പൊളിച്ചതിലെ കടുത്ത അതൃപ്തി പാര്‍ട്ടിക്ക് വസുന്ധരയോടുണ്ട്. എന്നാല്‍ പാര്‍ട്ടിയില്‍ ഇപ്പോഴും ജനകീയയായ വസുന്ധരയെ പൂര്‍ണമായി ഒഴിച്ച് നിര്‍ത്തിയുള്ള നീക്കത്തിന് പാര്‍ട്ടിക്ക് ഇപ്പോഴും ധൈര്യം പോര. താന്‍ തന്നെ നേതാവെന്ന നിലപാടിലാണ് വസുന്ധര. സച്ചിന്‍ പൈലറ്റ്-അശോക് ഗെലോട്ട് വെടിനിര്‍ത്തലില്‍ കോണ്‍ഗ്രസ് പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നുണ്ട്. ഗെലോട്ട് സര്‍ക്കാര്‍ നടപ്പിലാക്കിയ ജനകീയമായ പദ്ധതികള്‍ വോട്ടായി മാറുമെന്ന് തന്നെയാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.