X

ശരത് യാദവിനേയും അലി അന്‍വറിനേയും രാജ്യസഭയില്‍ നിന്നും അയോഗ്യരാക്കി

ന്യൂഡല്‍ഹി: ജെ.ഡി.യു വിമത നേതാക്കളായ ശരത് യാദവിനേയും അലി അന്‍വറിനേയും രാജ്യസഭയില്‍ നിന്നും അയോഗ്യരാക്കിയതായി റിപ്പോര്‍ട്ട്. രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യനായിഡു നേതാക്കളെ അയോഗ്യരാക്കിയതായി പ്രഖ്യാപിച്ചു. തിങ്കളാഴ്ച്ച രാത്രിയോടെയാണ് ഇവരെ അയോഗ്യരാക്കിയ പ്രഖ്യാപനമുണ്ടാവുന്നത്.

ബീഹാറില്‍ കോണ്‍ഗ്രസ്-ആര്‍.ജെ.ഡി-ജെ.ഡി.യു മഹാസഖ്യത്തിന്റെ തകര്‍ച്ചക്കുശേഷമുള്ള സംഭവവികാസങ്ങള്‍ക്കൊടുവിലാണ് ശരത് യാദവിന്റെ അയോഗ്യതാ പ്രഖ്യാപനം ഉണ്ടാവുന്നത്. ബി.ജെ.പിക്കൊപ്പം പോകാന്‍ നിതീഷ്‌കുമാര്‍ പോകാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ജെ.ഡിയുവില്‍ ഭിന്നിപ്പുണ്ടായിരുന്നു. പാര്‍ട്ടി ചിഹ്നമായ അമ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിതീഷ്പക്ഷത്തിന് നല്‍കിയതോടെയാണ് യാദവ് ‘വിമതനാ’യത്. വളരെ നാളുകളായി ലോക്‌സഭയില്‍ ഇത്തരത്തിലുള്ള കേസുകള്‍ നില്‍ക്കുന്നതിനിടെ അയോഗ്യരാക്കിയ നടപടി തിടുക്കത്തിലായെന്ന് ശരത് യാദവ് പക്ഷം ആരോപിച്ചു.

സെപ്തംബര്‍ രണ്ടിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഡിസംബര്‍ നാലിനാണ് നടപടിയുണ്ടാവുന്നത്. തിടുക്കത്തിലുള്ള തീരുമാനത്തിന് പിന്നില്‍ സങ്കുചിതമായ ചിന്താഗതിയാണ്. രാഷ്ട്രീയപ്രേരിതമാണിതെന്നും ആരോപണമുയര്‍ന്നു. ജനാധിപത്യത്തില്‍ ബഹുമാനമുള്ളതുകൊണ്ടാണ് താന്‍ അയോഗ്യനാക്കപ്പെട്ടതെന്ന് ശരത് യാദവ് പ്രതികരിച്ചു. പാര്‍ട്ടിയുടെ മൂല്യങ്ങളെ പിന്തുടരുന്നുവെന്നും 11കോടി വരുന്ന ബീഹാര്‍ ജനതക്കുവേണ്ടി നിലകൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2022വരെയാണ് രാജ്യസഭയിലേക്കുള്ള അംഗത്വ കാലാവധി. അന്‍വര്‍ അലിയുടെ കാലാവധി അടുത്തവര്‍ഷം അവസാനിക്കും. ഗുജറാത്തില്‍ ബി.ജെ.പിക്കെതിരെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാണ് ശരത് യാദവ്.

chandrika: