X

തുടര്‍ ഭരണങ്ങളുടെ പിന്നാമ്പുറങ്ങള്‍-ഉബൈദ് കോട്ടുമല

കേന്ദ്രത്തിലും ചില സംസ്ഥാനങ്ങളിലും ഉണ്ടായിട്ടുള്ള തുടര്‍ ഭരണം മതേതര-ജനാധിപത്യ മൂല്യങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നതാണ്. കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഭരണത്തുടര്‍ച്ച നേടിയിരുന്ന കാലഘട്ടത്തെ താരതമ്യം ചെയ്യുമ്പോള്‍ ഇന്നത്തെ ഭരണത്തുടര്‍ച്ചകള്‍ക്ക് ഒരുപാട് മാനങ്ങളുണ്ട്. അധികാരത്തില്‍ തിരിച്ചെത്താന്‍ വര്‍ഗീയ നിലപാട് സ്വീകരിക്കുന്ന നയമാണ് ബി.ജെ.പി അനുവര്‍ത്തിച്ച് പോരുന്നത്.

കേന്ദ്രത്തിലും ഏറ്റവും അവസാനം നടന്ന യു.പി തിരഞ്ഞെടുപ്പിലും ബി.ജെ.പി സ്വീകരിച്ചത് ഇതേ നിലപാട് തന്നെയാണ്. 20 ശതമാനവും 80 ശതമാനവും തമ്മിലുള്ള മത്സരമെന്നാണ് യു.പി തിരഞ്ഞെടുപ്പിനെ യോഗി വിശേഷിപ്പിച്ചത്. മാത്രവുമല്ല, മുഖ്യ പ്രതിപക്ഷ കക്ഷിയായ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെ ഐ.എസ് ചാരനായും ഐ.എസ് ഫണ്ട് കൈപറ്റുന്നവനായും ചിത്രീകരിച്ചു.

ഇനി വരാനിരിക്കുന്നത് ഗുജറാത്ത് തിരഞ്ഞെടുപ്പാണ്. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ അഹമ്മദ് പട്ടേല്‍ മുഖ്യമന്ത്രിയാകുമെന്ന് പ്രചാരണം നടത്തിയാണ് കഴിഞ്ഞ തവണ ഗുജറാത്തില്‍ ബി.ജെ.പി ഭൂരിപക്ഷ ഹിന്ദു വോട്ടുകള്‍ സമാഹരിച്ചത്. ഓരോ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അന്യമാകുമ്പോള്‍ കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ബി.ജെ.പിയുടെ അജണ്ടയാണ് വിജയിച്ച് വരുന്നത്.

കേരളത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് അധികാരത്തിലെത്തേണ്ട സമയത്താണ് ഇവിടെ ഇടതുപക്ഷത്തിനും ഭരണത്തുടര്‍ച്ച ഉണ്ടായിട്ടുള്ളത്. ദേശീയ തലത്തില്‍ ബി.ജെ.പിയുടെ കോണ്‍ഗ്രസ് മുക്തഭാരതമെന്ന പ്രഖ്യാപനത്തിന് കേരളത്തിലെ ഭരണത്തുടര്‍ച്ച പ്രചോദനമായിട്ടുണ്ട്. പഞ്ചാബിലെ എ.എ.പി സര്‍ക്കാര്‍ രൂപീകരണത്തിലും അതാണ് നമുക്ക് കാണാന്‍ കഴിയുന്നത്. ദേശീയ തലത്തില്‍ ശക്തിയില്ലാത്ത ഇടതുപക്ഷം കേരളത്തില്‍ അധികാരത്തിലെത്തുന്നത് ദേശീയ തലത്തില്‍ ബി.ജെ.പിക്ക് വെല്ലുവിളിയാകുന്നില്ല. അതേ സമയം കോണ്‍ഗ്രസിന് അധികാരം നഷ്ടപ്പെടുന്നത് ദേശീയ തലത്തില്‍ ബി.ജെ.പിക്ക് പ്രചോദനമാകുന്നുമുണ്ട്. കോണ്‍ഗ്രസിനെയും അവരെ പിന്തുണക്കുന്ന പാര്‍ട്ടികളെയും അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തുക എന്ന സമീപനമാണ് ബി.ജെ.പി സ്വീകരിക്കുന്നത്. ബി.ജെ.പി ശക്തമല്ലാത്ത കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ശത്രുക്കളെ രഹസ്യമായും പരസ്യമായും പിന്തുണച്ച് അവര്‍ക്ക് അധികാരം ഉറപ്പിക്കുന്ന തന്ത്രമാണ് ബി.ജെ.പി നടത്തിപ്പോരുന്നത്. അതാണ് പഞ്ചാബിലും കേരളത്തിലും സംഭവിച്ചിട്ടുള്ളത്. ബി.ജെ.പിയുടെ ബി ടീമായി ആം ആദ്മി പാര്‍ട്ടിയെ കണക്കാക്കുന്നതിന്റെയും അധികാരത്തില്‍ തിരിച്ചെത്താന്‍ കേരളത്തില്‍ ഇടതുപക്ഷം ബി.ജെപിയുമായി ധാരണ ഉണ്ടാക്കിയതിന്റെയും കാരണം അതുതന്നെയാണെന്ന് പറയേണ്ടിവരും.

തുടര്‍ ഭരണത്തിന് ബി.ജെ.പിയുടെ വര്‍ഗീയ നയം തന്നെയാണ് കേരളത്തില്‍ ഇടതുപക്ഷവും സ്വീകരിച്ചിട്ടുള്ളത്. യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ കേരളം ഭരിക്കുന്നത് അമീറും ഹസ്സനും കുഞ്ഞാലിക്കുട്ടിയുമായിരിക്കുമെന്ന കോടിയേരിയുടെ പ്രസ്താവന അതിന്റെ തെളിവാണ്. ഗുജറാത്തില്‍ അഹമ്മദ് പട്ടേലിനെക്കുറിച്ചാണ് മോദി പറഞ്ഞതെങ്കില്‍ കേരളത്തില്‍ മുസ്ലിം നേതാക്കളുടെ പേര് പറഞ്ഞാണ് കോടിയേരി ബി.ജെ.പി നയത്തിന്റെ പ്രചാരകനായത്. സി.പി.എമ്മിന്റെ പച്ചയായ വര്‍ഗീയതയില്‍ പ്രതിഷേധിച്ച് സാഹിത്യകാരന്മാരും കലാകാരന്മാരും ഉള്‍പ്പെടുന്ന സംഘം യച്ചൂരിക്ക് കത്തെഴുതേണ്ടി വന്ന സാഹചര്യം വരേ ഉണ്ടായിട്ടുണ്ട് കേരളത്തില്‍. അത് കൊണ്ട് തന്നെയാണ് കേരളത്തില്‍ ഇടതുപക്ഷത്തിനുണ്ടായ തുടര്‍ ഭരണം അവരുടെ രാഷ്ട്രീയ വിജയമല്ലെന്നും സി.പി.എം സ്വീകരിച്ച വര്‍ഗീയ നിലപാടുകളുടെ വിജയമാണെന്നും രാഷ്ട്രീയ കേരളം വിലയിരുത്തിയത്. ബംഗാളിലെയും ത്രിപുരയിലെയും പരാജയങ്ങളാണ് മതനിരപേക്ഷ കക്ഷിയെന്ന് അവകാശപ്പെടുന്ന സി.പി.എമ്മിനെ ഇത്തരം വര്‍ഗീയ നിലപാടുകള്‍ സ്വീകരിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് കണക്കാക്കപ്പെടുന്നത്. കേരളത്തില്‍ കൂടി അധികാരം നഷ്ടപ്പെട്ടാല്‍ ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തില്‍ നിന്നും സി.പി.എം അപ്രത്യക്ഷമാകുമെന്ന ചിന്തയും വര്‍ഗീയ നിലപാടുകള്‍ സ്വീകരിക്കാന്‍ സി.പി.എമ്മിനെ പ്രേരിപ്പിച്ചിട്ടുണ്ട്.

എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്ഥമായി മതേതര കക്ഷികള്‍ക്ക് അനുകരണീയമായ ഭരണത്തുടര്‍ച്ചയാണ് ബംഗാളില്‍ സംഭവിച്ചിട്ടുള്ളത്. ബി.ജെ.പിയുടെ വര്‍ഗീയ പ്രചാരണങ്ങളെ മതേതര നിലപാട് കൊണ്ട് നേരിട്ടാണ് ബംഗാളില്‍ മമത അധികാരത്തില്‍ തിരിച്ചെത്തിയിട്ടുള്ളത്. ഒരു സമുദായത്തിന്റെയും അവകാശങ്ങള്‍ കവര്‍ന്നെടുത്തില്ല. തന്റെ എതിരാളികളെ വര്‍ഗീയ വാദികളായി ചിത്രീകരിച്ചതുമില്ല. ഹിന്ദു പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന ബി.ജെ.പിയെ ഹിന്ദുക്കളും മുസ്‌ലിം പാര്‍ട്ടി എന്നവകാശപ്പെടുന്ന അബ്ബാസ് സിദ്ധീഖിയുടെ ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ടിനെ മുസ്‌ലിംകളും കൈവിട്ടു. ഭീഷണികളെയൊന്നും ചെവിക്കൊള്ളാതെ സിനിമ നടന്മാരും യുവജനങ്ങളും ഒന്നടങ്കം മമതയുടെ പിന്നില്‍ അണിനിരന്നു.

അതിന് കാരണമുണ്ടായിരുന്നു. ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകുന്ന രാഷ്ട്രീയമാണ് മമതയുടേത്. തദ്ദേശ-നിയമസഭാ-ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസും സിപി.എമ്മും മമതയെ തോല്‍പ്പിക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ കേന്ദ്രത്തില്‍ ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസിനെ പിന്തുണക്കുന്ന നയമായിരുന്നു മമതയുടേത്. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് വിരോധം അജണ്ടയാക്കിയ സി.പി.എമ്മില്‍ നിന്നും വ്യത്യസ്ഥമായ ഈ മതേതര മൂല്യമാണ് ബംഗാളിലെ ജനങ്ങള്‍ മമതയില്‍ കാണുന്നത്. ഉപതിരഞ്ഞെടുപ്പില്‍ പതിന്‍മടങ്ങ് ഭൂരിപക്ഷം നല്‍കി മമതയെ വിജയിപ്പിച്ചതിന്റെ കാരണവും മറ്റൊന്നായിരുന്നില്ല.

ബി.ജെ.പി വിരോധം പ്രത്യക്ഷമാക്കിയാണ് മമതയും സ്റ്റാലിനും അധികാരത്തിലെത്തിയിട്ടുള്ളത്. കൊല്‍ക്കത്തയില്‍ ബി.ജെ.പി റാലിയില്‍ പങ്കെടുക്കാന്‍ ഹെലികോപ്ടര്‍ ലാന്റിങിന് പെര്‍മിഷന്‍ നല്‍കാതെ അമിത്ഷായെ തിരിച്ചയച്ച മമത ഒരു ഭാഗത്ത് നില്‍ക്കുമ്പോള്‍ ഉദ്ഘാടനത്തിന് മുമ്പ് ബി.ജെ.പി റാലിയില്‍ പങ്കെടുക്കാന്‍ കണ്ണൂര്‍ എയര്‍പ്പോര്‍ട്ട് അമിത്ഷക്ക് വേണ്ടി തുറന്ന് കൊടുത്ത ഇടതുപക്ഷ സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. അമിത്ഷയെ ജയില്‍ മോചിതനാകാന്‍ സഹായിച്ച ലോക്‌നാഥ് ബഹ്‌റയെ ഡി.ജി.പിയായി ഇടതുപക്ഷ സര്‍ക്കാര്‍ നിയമിച്ചപ്പോള്‍ അമിത്ഷയെ ജയിലിലടക്കാന്‍ സഹായിച്ച കന്ദ സ്വാമിയെ വിജിലന്‍സ് ഡി.ജി.പിയായി നിയമിച്ച് മാതൃക കാട്ടിയിരിക്കുകയാണ് തമിഴ്‌നാട്ടിലെ സ്റ്റാലിന്‍ ഗവണ്‍മെന്റ്. ന്യൂനപക്ഷങ്ങള്‍ മതേതരത്വത്തിന് ഭീഷണിയാണോ എന്ന് വിശദീകരിക്കാനാണ് കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് നമ്മുടെ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടതെങ്കില്‍ ‘ബ്രിട്ടീഷുകാരന്റെ ഷൂ നക്കി ‘ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന വി.ഡി. സവര്‍ക്കറുടെ പേര് വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്താനാണ് മമതയുടെ വിദ്യാഭ്യാസ വകുപ്പ് ശ്രമിച്ച് കൊണ്ടിരിക്കുന്നത്. ആര്‍.എസ്.എസ് നേതാക്കളായ വി.ഡി സവര്‍ക്കറുടെയും ഗോള്‍ വാള്‍ക്കറുടെയും ജീവ ചരിത്രം ജെ.എന്‍.യു സിലബസില്‍ ഉള്‍പ്പെടുത്താന്‍ ശ്രമം നടക്കുമ്പോള്‍ അതേ സിലബസ് കേരളത്തിലും പാഠ്യവിഷയമാക്കണമെന്ന് ശഠിക്കുന്ന കണ്ണൂര്‍ വി.സിക്ക് പുനര്‍ നിയമനം നല്‍കാന്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയ ഇടതുപക്ഷമാണ് ഇവിടെയുള്ളത്.

പിണറായി വിജയനെ ദേശീയ തലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ സി.പി.എം കേരള ഘടകം ശ്രമിക്കുന്നുണ്ടെങ്കിലും ബി.ജെ.പി വിരോധം ഭരണത്തില്‍ പ്രകടമാക്കുന്ന നയങ്ങളുമായി മുന്നോട്ട് പോകുന്ന മമതയുടെയും സ്റ്റാലിന്റെയും സാന്നിദ്ധ്യമുള്ളപ്പോള്‍ അത് സാധ്യമല്ലെന്ന് ദേശീയ നേതൃത്വം തിരിച്ചറിയുന്നുണ്ട്. ബി.ജെ.പി ഇതര മുഖ്യ മന്ത്രിമാരില്‍ പ്രമുഖന്‍ എം.കെ.സ്റ്റാലിനാണെന്ന് പറയാന്‍ യെച്ചൂരിയെ പ്രേരിപ്പിച്ചതും ഈ നിലപാട് തന്നെയാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പും യു.പി. തിരഞ്ഞെടുപ്പും മതേതര പാര്‍ട്ടികള്‍ക്ക് നല്‍കുന്ന വലിയ ഒരു സന്ദേശമുണ്ട്. നാല്‍പ്പത് ശതമാനം വോട്ടുകള്‍ മാത്രമാണ് രണ്ട് തിരഞ്ഞെടുപ്പുകളിലും ബി.ജെ.പിക്ക് സമാഹരിക്കാന്‍ കഴിഞ്ഞിട്ടുള്ളത്. അറുപത് ശതമാനം വോട്ടുകളും നേടിയത് മതേതര കക്ഷികളാണ്. പക്ഷെ ആ വോട്ടുകള്‍ ഏകീകരിപ്പിക്കുന്നതില്‍ മതേതര കക്ഷികളുടെ പരാജയമാണ് ബി.ജെ.പിയെ വീണ്ടും ഭരണത്തിലെത്താന്‍ സഹായിച്ചിട്ടുള്ളത്. ഈ തിരിച്ചറിവാണ് 2024-ലെ പൊതു തിരഞ്ഞെടുപ്പില്‍ മതേതര കക്ഷികള്‍ക്ക് ഉണ്ടാകേണ്ടത്.

Test User: